കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പദയാത്രയുടെ മലപ്പുറത്തെ സമാപനയോഗത്തിൽ ജാഥാ ക്യാപ്റ്റൻ സന്തോഷ് ഏച്ചിക്കാനം സംസാരിക്കുന്നു.
മലപ്പുറം: അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരേ നവോത്ഥാനത്തിന്റെ മഴു എറിഞ്ഞാണ് ഇപ്പോഴത്തെ കേരളം രൂപപ്പെടുത്തിയതെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. കേരളത്തിന് അകത്ത് നിന്ന് കേരളത്തെ നമ്മള്‍ കുറ്റംപറയുമെങ്കിലും യൂറോപ്പിന്റെ സാംസ്‌കാരിക ബോധത്തോട് കിടപിടിക്കുന്ന കേരളം ഇന്ത്യയിലെ സംസ്ഥാനമല്ലെന്ന തോന്നല്‍ ഇന്ത്യയില്‍ നിരന്തരം വന്നുപോകുന്ന വിദേശികള്‍ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രാവബോധമുള്ള സമൂഹനിര്‍മിതി ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന കേരള പദയാത്രയുടെ പതിനാലാം ദിവസത്തെ പദയാത്ര നയിച്ച് ടൗണ്‍ഹാള്‍ പരിസരത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ കരുത്തുണ്ടായിരുന്ന നിയാണ്ടര്‍താള്‍ വിഭാഗം മനുഷ്യരെ ഹോമോ സാപ്പിയന്‍സ് എന്ന നമ്മള്‍ ഉള്‍പ്പെടുന്ന വിഭാഗം കീഴടക്കി ആധിപത്യം പിടിച്ചെടുത്തത് ഭാഷ കണ്ടുപിടിച്ചതുകൊണ്ടാണെന്ന് യുവാല്‍ നോവ ഹരാരിയുടെ 'സാപ്പിയന്‍സ്' എന്ന പുസ്തകം പറയുന്നതായി സന്തോഷ് ചൂണ്ടിക്കാട്ടി. വിവരവിനിമയം എന്നത് ഏറ്റവും പ്രധാനമാണ്. അത് ഭാഷയിലൂടെ കിട്ടുന്നതാണ്.
ഭാഷയെ ഇല്ലാതാക്കിയാല്‍ കൂട്ടായ്മ ഇല്ലാതാക്കാം. അതുവഴി സമൂഹത്തെ തട്ടിയെടുക്കാം. ഈ തന്ത്രമാണ് 2014-ന് ശേഷം ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സിവില്‍ സൊസൈറ്റിയില്‍നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘാടകസമിതി ചെയര്‍മാന്‍ വി.പി. അനില്‍ അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ ബി. രമേഷ്, ഹുസൈന്‍ രണ്ടത്താണി, എം.എസ്. മോഹനന്‍, എ. ശ്രീധരന്‍, വി.ആര്‍. പ്രമോദ്, ജി. രാജശേഖരന്‍, ജില്ലാ സെക്രട്ടറി അംബുജം തുടങ്ങിയവര്‍ സംസാരിച്ചു. സജിത മഠത്തില്‍ സംവിധാനംചെയ്ത പരിഷത്തിന്റെ നാടകവും വില്‍ കലാമേളയും ഡി.വൈ.എഫ്.ഐ. മലപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നാടകവും നടന്നു. രാവിലെ ഒമ്പതിന് കാരാപറമ്പില്‍ നിന്ന് ആരംഭിച്ച ജാഥാ സ്വീകരണത്തില്‍ കെ.ടി. വാരിജാക്ഷന്‍ അധ്യക്ഷനായി.
വി.വി. മണികണ്ഠന്‍, എം.കെ. അയ്യപ്പന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ ഡോ. വി.കെ. ബ്രിജേഷ്, കെ.കെ. പുരുഷോത്തമന്‍ തുടങ്ങിയവരും ആനക്കയത്ത് എം. ദിവാകരന്‍, പി. സുലൈമാന്‍, പി. നാരായണന്‍ തുടങ്ങിയവരും സംസാരിച്ചു.
ഇന്ന് ശീതള്‍ ശ്യാം നയിക്കും
വ്യാഴാഴ്ച ട്രാന്‍സ്‌ജെന്‍ണ്ടര്‍ ആക്ടിവിസ്റ്റ് ശീതള്‍ശ്യാം ക്യാപ്റ്റനാകുന്ന പദയാത്ര രാവിലെ 9-ന് കൂട്ടിലങ്ങാടി, 11-ന് മക്കരപ്പറമ്പ്, 4-ന് രാമപുരം, 5.30-ന് തിരൂര്‍ക്കാട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം 6.30-ന് അങ്ങാടിപ്പുറത്ത് സമാപിക്കും. ഇതോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും.
Content Highlights: Santhosh Echikkanam, Kerala Sastra Sahitya Parishad, Malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..