അരി കടഞ്ഞതിനൊപ്പം മാധവിയേട്ടി തന്നതാണ് എനിക്ക് കഥകള്‍- സന്തോഷ് ഏച്ചിക്കാനം


അങ്ങനെയിരിക്കെ അവര്‍ക്ക് അസുഖമായി, വീട്ടിലും ആവശ്യമില്ലാതെയായി, സത്യസന്ധതയുടെ പ്രതിരൂപമായ അവരെ വിളിച്ചുകൊണ്ടുപോകാന്‍ കള്ളനായ മകനെ വിളിച്ചുവരുത്തി.

ഫോട്ടോ- പി ജയേഷ്‌

കല്പറ്റ: കല്പറ്റ നാരായണന്‍ പറഞ്ഞുവെച്ചതുപോലെത്തന്നെ സദസ്സിനെ പിടിച്ചിരുത്ത കഥപറച്ചിലുകാരനായിരുന്നു പത്മപ്രഭാ പുരസ്‌കാരസമര്‍പ്പണ വേദിയില്‍ സന്തോഷ് ഏച്ചിക്കാനം. അരി കടഞ്ഞതിനൊപ്പം മാധവിയേട്ടി തന്നതാണ് തനിക്ക് കഥകളെന്നും അവരെ സ്മരിക്കാതെ ഒരു പുരസ്‌കാരവും വാങ്ങാനാവില്ലെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞപ്പോള്‍തന്നെ സദസ്സ് ആ കഥകള്‍ക്കുവേണ്ടി കാത്തു.

വീട്ടില്‍ സഹായത്തിനുനില്‍ക്കുന്ന ആളായിരുന്നു മാധവിയേട്ടി. ചേച്ചിയെന്നതിന് തന്റെനാട്ടില്‍ വിളിക്കുന്നതാണ് ഏട്ടിയെന്ന്. തീരെ ഉയരംകുറഞ്ഞ്, മുടന്തി, ഒരു കണ്ണില്ലാത്ത ശോഷിച്ച രൂപം. പുലര്‍ച്ചെ മുതല്‍ വലിയ അരകല്ലിനരികിലിരുന്ന് അവര്‍ അരിയരയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ അവരെ സഹായിക്കുന്ന ജോലിയാണ് എന്റേത്. നിറയെ കഥകള്‍ പറഞ്ഞുതരും. രാമായണവും ജ്ഞാനപ്പാനയുമൊക്കെ മനഃപാഠമായിരുന്നു. എന്റെ കഥാപ്രപഞ്ചം രൂപപ്പെടുന്നത് അങ്ങനെയാണ്.

അങ്ങനെയിരിക്കെ അവര്‍ക്ക് അസുഖമായി, വീട്ടിലും ആവശ്യമില്ലാതെയായി, സത്യസന്ധതയുടെ പ്രതിരൂപമായ അവരെ വിളിച്ചുകൊണ്ടുപോകാന്‍ കള്ളനായ മകനെ വിളിച്ചുവരുത്തി. സത്യത്തിന്റെ, കഥകളുടെ ഉടമയായ ആ സ്ത്രീയെ ഒരു കള്ളന്‍ കൈകളിലെടുത്ത് പോകുന്നത് ഇപ്പോഴും ഓര്‍മയിലുണ്ട്. മാധവിയേട്ടി പോയെങ്കിലും കഥകള്‍ എന്റെയുള്ളിലുണ്ടായിരുന്നു. അവര്‍ വീട്ടിലുപേക്ഷിച്ച ഉപേക്ഷിച്ച തകരപ്പെട്ടിപോലെ, അതിലെ രാമായണംപോലെ കഥകള്‍ എന്റെയുള്ളില്‍തങ്ങി. -സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

കഥകള്‍ പോലെത്തന്നെ കഥാപാത്രങ്ങളും തന്റെമുമ്പിലേക്ക് വന്നുവീഴുകയായിരുന്നുവെന്ന് സന്തോഷ് സന്ദര്‍ഭങ്ങള്‍ പങ്കുവെച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിലെ കലവറ തുറക്കുന്ന സമയം. അതിനടുത്താണ് താമസം. രാവിലെ ചായകുടിക്കാനിറങ്ങിയപ്പോള്‍ ഒരാള്‍ തന്റെമുമ്പിലേക്ക് വന്നുവീഴുകയാണ്. അപസ്മാരമാണ്. ഇരുമ്പിന്റെ സാധനമെടുക്കാന്‍ ഞാന്‍ പറഞ്ഞു, ഒരു പഴയ താക്കോല്‍ സുഹൃത്ത് തന്നു, അത് അയാളുടെ കൈയില്‍വെച്ചുകൊടുത്തു.

ബോധംതെളിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് കോട്ടാറില്‍നിന്ന് വരികയാണ്, മൂന്നുദിവസമായി ഭക്ഷണംപോലുമില്ലാതെ നടക്കുന്നു. കലവറ തുറക്കുമ്പോള്‍ സ്വര്‍ണംകിട്ടുമെന്ന് വിശ്വസിച്ചാണ് അയാള്‍വന്നതെന്നാണ്. മരപ്രഭുവെന്ന കഥയും കഥാപാത്രവും അങ്ങനെ മുന്നിലേക്ക് വന്നുവീണതാണ്. -സന്തോഷ് പറഞ്ഞു.

മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ സമ്മാനിച്ച ഏച്ചിക്കാട് തറവാടിന്റെ ചിത്രം സ്വീകരിച്ചതിലെ സന്തോഷവും തറവാടിന്റെ താവഴികളുമായി ബന്ധപ്പെട്ട ഓര്‍മകളും സന്തോഷ് ഏച്ചിക്കാനം പങ്കുവെച്ചു.

കഴിഞ്ഞ മൂന്നുദശകങ്ങളില്‍ കേരളം ജിവിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് സന്തോഷിന്റെ കഥകളെന്ന് ചടങ്ങില്‍ സംസാരിച്ച അജയ് പി. മങ്ങാട്ട് പറഞ്ഞു. കേരളത്തിലെ ഇടത്തരക്കാരുടെ ജീവിതമാണ് സന്തോഷ് എഴുതിയതിലേറെയും. ആഗോളീകരണവും അയോധ്യയിലെ രാമജന്മഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളും തുടങ്ങുന്നത് ഈ കാലത്താണ്. ഇവയെല്ലാം നമ്മുടെ മൂല്യബോധ്യങ്ങളില്‍ ഉണ്ടാക്കിയ വ്യതിയാനങ്ങളെ വളരെ അടുത്തുനിന്ന് നോക്കുകയും വിമര്‍ശനപരമായി കൈകാര്യംചെയ്യുന്നതുമാണ് സന്തോഷിന്റെ കഥകളെന്നും അജയ് പി. മങ്ങാട്ട് പറഞ്ഞു.

കാലത്തെ ലിറ്റ്മസ് പേപ്പര്‍ എന്നപോലെ അടയാളപ്പെടുത്തിയ കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെതെന്ന് ഷാഹിന കെ. റഫീഖ് പറഞ്ഞു. പരിസ്ഥിതിജാഗ്രത പുലര്‍ത്തുന്ന എഴുത്തുകാരന്‍കൂടിയാണ് സന്തോഷ്. . ഒരുപാടുപേരുടെ ചോരയില്‍ ചവിട്ടിയാണ് നാംനില്‍ക്കുന്നത്. ഈ കാലത്തെ അടയാളപ്പെടുത്തുന്ന കഥകള്‍ സന്തോഷ് ഏച്ചിക്കാനത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഷാഹിന കെ. റഫീഖ് പറഞ്ഞു.

Content Highlights: Santhosh Echikkanam Speech Padmaprabha award

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented