
സജീവൻ മൊകേരി
പാടിപ്പതിഞ്ഞതാണ് വടക്കന്‍പാട്ടുകള്‍... ആ പാട്ടുകളിതാ വായിക്കാനും കേള്‍ക്കാനും ഇമ്പമുള്ള കഥകളായി രൂപം പ്രാപിച്ചിരിക്കുന്നു. അധ്യാപകനും കവിയും എഴുത്തുകാരനുമായ സജീവന് മൊകേരിയാണ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി വടക്കന്‍പാട്ടുകളെ കഥാരൂപത്തിലാക്കിയത്.
കുട്ടികള്‍ക്കുമാത്രമല്ല, മുതിര്‍ന്നവര്‍ക്കും വായിച്ചുരസിക്കാവുന്ന വിധത്തില്‍ ചിത്രസഹിതമാണ് 'വടക്കന്‍പാട്ട് കഥകള്‍' എന്ന പുസ്തകം ഒരുക്കിയത്. പുതുതലമുറയിലേക്ക് വടക്കന്‍പാട്ടുകളെ ഓജസ്സും തേജസ്സും നഷ്ടമാകാതെ കൈമാറുക എന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ടെന്ന് സജീവന് വ്യക്തമാക്കി.
വര്‍ഷങ്ങളുടെ പരിശ്രമം ഇതിനു പിന്നിലുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതുമായ 33 കഥകളാണ് ഒന്നാംവാല്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാട്ടുകളെ കഥകളാക്കുമ്പോഴുള്ള വലിയ വെല്ലുവിളി അതിലെ കാവ്യരസം ഒട്ടും ചോരാതെ നോക്കലാണെന്ന് സജീവന് പറയുന്നു. അത് ഭംഗിയായി നിറവേറ്റാന്‍ സജീവന് കഴിഞ്ഞിട്ടുണ്ടെന്ന് കഥകള്‍ വായിച്ചാല്‍ മനസ്സിലാകും. 'പയ്യമ്പള്ളി ചന്തു' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ:
'പാറക്കൂട്ടങ്ങളില്‍ തടംതല്ലി, മുത്തുമണികള്‍ വിതറി ഒഴുകുന്ന കാട്ടരുവികള്‍... പകല്‍പോലും സൂര്യന് ഒളിഞ്ഞുനോക്കാന്മാത്രം കഴിയുന്ന ഇരുള് ചേര്‍ന്ന കാടുകള്‍, പച്ചക്കമ്പിളി മൂടി കുന്നുകള്‍. ഇടയില്‍ നെല്‍ക്കതിരുകള്‍ നൃത്തമാടുന്ന വയലുകള്‍. വയല്‍നാടാണ് വയനാട്...' മറ്റൊന്ന് കടത്തനാടിന്റെ നാട്ടുഭാഷയാണ്. ചില വാക്കുകളും പ്രയോഗങ്ങളും എല്ലാവര്ക്കും മനസ്സിലാകില്ല. കേരളത്തിലെ മുഴുവന്‍ വായനക്കാര്‍ക്കും മനസിലാകുന്ന വിധത്തില്‍ ഈ പ്രയോഗങ്ങളെ സജീവന് കഥകളിലേക്ക് ആവാഹിച്ചിട്ടുണ്ട്.
വടക്കന്പാട്ടുകളില്മാത്രം കാണുന്ന ചില ശൈലികളെ തനിമ ചോരാതെ കഥകളിലേക്കും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമുണ്ട് ഇദ്ദേഹം. വടക്കന്‍പാട്ടില്‍ പടിപ്പുര കടന്നു എന്നതിനു പകരം 'പടിയും പടിപ്പുര കടന്ന്' എന്നാണ് പറയുക. ഇടവഴി കടന്ന് എന്നത് 'ഇടയും ഇടവഴി കടന്ന്' എന്നാണ്. ചോറ് തുമ്പപ്പൂച്ചോറാണ്, കറി പൊന്കറി. പാതിര നിറംകൊണ്ട പാതിര... ഇത്തരത്തിലുള്ള ശൈലികളെല്ലാം സജീവന് കഥകളില്‍ മനോഹരമായി സന്നിവേശിപ്പിച്ചു.
പയ്യമ്പള്ളി ചന്തു, പൂങ്കാവെട്ടത്തിലെ കുമ്പ, തച്ചോളി അമ്പാടി, അമ്പാടിയും സാമൂതിരിയും പാലായി കോട്ടയില്‍ രാജാവ്, കോലത്തിരി നാട്ടിലെ കുഞ്ഞിക്കണ്ണന്, വരയാലൂര് ഒതേനനും കുങ്കിയും, ആലുംകുളങ്ങര ഉണ്ണിച്ചേകോര്, കുറൂള്ളി ചെക്ക്വോന്, മുരിക്കഞ്ചേരി കേളു, തെക്കാന്തിനാര് വീട്ടില്‍ കേളുക്കുട്ടി, അറയ്ക്കല്‍ ബീവി തുടങ്ങി 33 കഥകളാണ് പുസ്തകത്തിലുള്ളത്. കഥകള്‍ക്ക് മിഴിവേകി കേരളീയ ചുമര്‍ചിത്രശൈലിയില്‍ മനോജ് മത്തശ്ശേരില്‍ വരച്ച ചിത്രങ്ങളുമുണ്ട്.
തെയ്യംതിറ കഥകള്‍ എന്ന പുസ്തകത്തിന്റെ ഒരുക്കത്തിലാണ് സജീവന് മൊകേരി ഇപ്പോള്‍. കേരളത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന 'കേരളം പിറന്ന കഥ'യാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുസ്തകം. 'കുഞ്ഞിക്കുറുക്കനും കൂട്ടുകാരും' എന്ന കുട്ടികളുടെ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..