എം.ടി. വാസുദേവൻ നായർ | ഫോട്ടോ: സന്തോഷ് കെ.കെ.
തിരൂര്‍: നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്ന 'സാദരം എം.ടി. ഉത്സവം' 16 മുതല്‍ 20 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. എം.ടി. തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നു പതിറ്റാണ്ടുതികയുന്ന വേളയിലാണ് സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ പരിപാടി.
16-ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും ഉഹാരസമര്‍പ്പണവും നിര്‍വഹിക്കും. നടന്‍ മമ്മുട്ടി മുഖ്യാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എം.ടി.യുടെ പുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയ 'കാഴ്ച' പ്രദര്‍ശനം കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണന്‍ ആദരഭാഷണം നടത്തും.
17-ന് രാവിലെ 10-ന് എം.ടി.യുടെ നോവല്‍ഭൂമികയെപ്പറ്റി ജോര്‍ജ് ഓണക്കൂര്‍, ജയമോഹന്‍, എം.എം. നാരായണന്‍, ടി.ഡി. രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എം.എം. ബഷീര്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് എം.ടി.യുടെ കഥാപ്രപഞ്ചത്തെപ്പറ്റി സി.വി. ബാലകൃഷ്ണന്‍, ഡോ. പി.കെ. രാജശേഖരന്‍, സുഭാഷ് ചന്ദ്രന്‍, കെ. രേഖ എന്നിവര്‍ പ്രഭാഷണം നടത്തും. വൈശാഖന്‍ അധ്യക്ഷനാകും. 4.30-ന് സ്‌നേഹസംഗമം പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനും മണമ്പൂര്‍ രാജന്‍ ബാബു മോഡറേറ്ററുമാകും. രാത്രി ഏഴിന് അശ്വതി ശ്രീകാന്ത് എം.ടി.യുടെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് നൃത്താവിഷ്‌കാരം നല്‍കും.
18-ന് രാവിലെ 10-ന് എം.ടി.യുടെ ചലച്ചിത്രകാലത്തെപ്പറ്റി ഹരിഹരന്‍, കെ. ജയകുമാര്‍, സീമ, പ്രിയദര്‍ശന്‍, വിനീത്, ലാല്‍ജോസ് എന്നിവര്‍ സംസാരിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനാകും. രണ്ടിന് 'എം.ടി. എന്ന പത്രാധിപരെ'ക്കുറിച്ചുള്ള സെഷന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശ്ശേരി അധ്യക്ഷനാകും. ജോണ്‍ ബ്രിട്ടാസ് എം.പി., കെ.വി. രാമകൃഷ്ണന്‍, കെ.സി. നാരായണന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് എം.ടി. രചനയും സംവിധാനവും നിര്‍വഹിച്ച 'നിര്‍മാല്യം', രാത്രി ഏഴിന് എം.ടി.ക്കഥയെ അടിസ്ഥാനമാക്കിയ 'ഷെര്‍ലക്' നാടകം. എട്ടിന് എം.ടി. സിനിമകളിലെ ഗാനങ്ങള്‍ എടപ്പാള്‍ വിശ്വനാഥനും സംഘവും പാടും.
19-ന് രാവിലെ 10-ന് 'അറിയുന്ന എം.ടി., അറിയേണ്ട എം.ടി.' സെഷനില്‍ വി. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വി.കെ. ശ്രീരാമന്‍ എന്നി വര്‍ പ്രഭാഷണം നടത്തും. ഡോ. പി.എം. വാരിയര്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് 'എം.ടി. തലമുറകളിലൂടെ' സെഷനില്‍ കെ.പി. മോഹനന്‍ മോഡറേറ്ററും ഡോ. കെ. മുരളീധരന്‍ അധ്യക്ഷനുമാകും. പ്രമുഖ എഴുത്തുകാരുടെ മക്കള്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് 'ഓളവും തീരവും' സിനിമ, രാത്രി ഏഴിന് 'ഗോപുരനടയില്‍' നാടകം.
20-ന് രാവിലെ 10-ന് എം.ടി.യും തുഞ്ചന്‍പറമ്പും സെഷനില്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., എ. വിജയരാഘവന്‍, ഡോ. എം.ആര്‍. രാഘവവാരിയര്‍, കെ.പി. രാമനുണ്ണി, സി. ഹരിദാസ്, പി.കെ. ഗോപി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് 'വൈശാലി' സിനിമ പ്രദര്‍ശിപ്പിക്കും. അഞ്ചിന് സമാപനസമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയാകും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണവും സച്ചിദാനന്ദന്‍ ആദരപ്രഭാഷണവും നടത്തും. രാത്രി ഏഴിന് സുധീപ്കുമാറും സംഘവും പാടും.
Content Highlights: Sadaram M.T utsavam, Thunjan parambu, M.T. Vasudevan nair, Thirur, Malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..