'സാദരം എം.ടി. ഉത്സവം' ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി വി. അബ്ദുറഹ്‌മാനും നടൻ മമ്മൂട്ടിയും ചേർന്ന് കൈപിടിച്ച് എം.ടി. വാസുദേവൻ നായരെ വേദിയിലേക്ക് ആനയിക്കുന്നു. മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പി. നന്ദകുമാർ എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ
തിരൂര്‍: ഭാഷാപിതാവിന്റെ മണ്ണിനെ മൂന്നുപതിറ്റാണ്ട് പാലിക്കുകയും പോഷിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് അക്ഷരലോകത്തിന്റെ ആദരം. എം.ടി.യുടെ നവതിയാഘോഷത്തിന്റെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷസ്ഥാനത്ത് മൂന്നുപതിറ്റാണ്ട് തികയ്ക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിച്ച എം.ടി. ഉത്സവത്തിന് തിരൂരില്‍ പ്രൗഢോജ്ജ്വല തുടക്കം.
എം.ടി. തുഞ്ചന്‍പറമ്പിനെ ലോക എഴുത്തുകാരുടെ തറവാടാക്കി മാറ്റിയെടുത്തുവെന്ന് അഞ്ചുദിവസത്തെ ഉത്സവം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഷകളില്‍നിന്ന് എഴുത്തുകാരെ എം.ടി. തുഞ്ചന്റെ മണ്ണിലെത്തിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരത്തിലൂടെ ലഭിച്ച തുകയടക്കം തനിക്കുകിട്ടിയ പുരസ്‌കാരങ്ങളുടെ തുകയത്രയും എം.ടി. ഇതിന്റെ വികസനത്തിനായി വിനിയോഗിച്ചു.
തുഞ്ചന്‍പറമ്പ് സാഹിത്യോത്സവത്തിലൂടെ ഇന്ത്യന്‍ സാഹിത്യഭൂപടത്തില്‍ തുഞ്ചന്‍പറമ്പ് ഇടംപിടിച്ചു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രതിഭാശാലികളായ എഴുത്തുകാരും കലാകാരന്മാരും ഇവിടേക്കുവന്നു. അതിലൂടെ ഉയര്‍ന്നത് കേരളത്തിന്റെ സാംസ്‌കാരിക അന്തസ്സുകൂടിയാണ്. ഇന്ത്യയിലെ സാഹിത്യ, സാംസ്‌കാരിക ലോക വിനിമയകേന്ദ്രമായി തുഞ്ചന്‍പറമ്പ് മാറി -മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചന്‍പറമ്പിലെ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു ചടങ്ങ്.
എം.ടി.യുടെ സാഹിത്യസംഭാവനകളെ വിലയിരുത്താന്‍ താന്‍ ആളല്ലെന്നു സമ്മതിച്ച മുഖ്യമന്ത്രി എം.ടി.യുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ സാമൂഹികരംഗത്തുവരുത്തിയ മാറ്റങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. എഴുതാനും പാടാനും പറയാനും വര്‍ഗീയവാദികളുടെയും സമ്മതപത്രം വേണമെന്നുവന്നാല്‍ എന്ത് സാംസ്‌കാരികതയാണ് നമുക്ക് അവകാശപ്പെടാനാകുക. ഇത്തരം ഭീഷണികള്‍ക്കെതിരേ ജനമനസ്സിനെ രൂപപ്പെടുത്തുന്നത് വിവിധ സാംസ്‌കാരികരൂപങ്ങളാണ്. അത്തരം രൂപങ്ങളെ എം.ടി. എന്നും ഉയര്‍ത്തിപ്പിടിച്ചു. സ്വന്തം ജീവിതംകൊണ്ട് വലിയ സാംസ്‌കാരിക മാതൃകയാണ് എം.ടി. നമ്മുടെ മുന്‍പില്‍ വെച്ചിരിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
എം.ടി.യുടെ ചുരുക്കം കഥാപാത്രങ്ങളെ മാത്രമേ താന്‍ സിനിമയില്‍ അവതിരിപ്പിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ ആയിരക്കണക്കിന് കഥാപാത്രങ്ങളായി താന്‍ മനസ്സില്‍ മാറിയിട്ടുണ്ടെന്ന് മുഖ്യാതിഥിയായി സംസാരിച്ച നടന്‍ മമ്മൂട്ടി പറഞ്ഞു. എം.ടി. കഥാപാത്രങ്ങളെയെല്ലാം ഞാന്‍ ആലോചിച്ച് സ്വപ്നം കണ്ടിട്ടുണ്ട്. എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളാണത് -മമ്മൂട്ടി വ്യക്തമാക്കി.
'നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹം ഞാന്‍ ഭദ്രമായി മനസ്സില്‍ സൂക്ഷിക്കുന്നു. എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി' -ചുരുങ്ങിയ വാക്കുകളില്‍ എം.ടി. മറുപടി പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ആദരഭാഷണം നടത്തി. സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. എം.ടി.യെക്കുറിച്ചുള്ള പ്രദര്‍ശനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
Content Highlights: 'Sadaram M.T. Utsavam', M.T. Vasudevan Nair, Thunjan parambu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..