'സാദരം എം.ടി. ഉത്സവ'ത്തിന്റെ ഭാഗമായി നടന്ന 'എം.ടി. തലമുറകളിലൂടെ' എന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ സംസാരിക്കുന്നു. | ഫോട്ടോ: മാതൃഭൂമി
തിരൂര്‍: തുഞ്ചന്‍ പറമ്പിലെ 'സാദരം എം.ടി. ഉത്സവ'ത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന 'എം.ടി. തലമുറകളിലൂടെ' എന്ന പരിപാടിയില്‍ എം.ടിയോര്‍മകള്‍ നിളയായി ഒഴുകി. മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ മക്കള്‍, അവര്‍ക്കെല്ലാം വാസുമാമനും, വാസു അമ്മാവനും, വാസ്വേട്ടനുമായ എം.ടി. വാസുദേവന്‍നായരെക്കുറിച്ചുള്ള ഓര്‍മകള്‍ ഓര്‍ത്തെടുത്ത് പറഞ്ഞു. തങ്ങളുടെ പിതാക്കന്മാരോടൊപ്പം സൗഹൃദം പങ്കിട്ടുനടന്ന എം.ടി.യെ അവര്‍ ഓരോരുത്തരായി വിവരിച്ചു.
'നൂലന്‍ വാസു' എന്ന് എം.ടി.യെയും 'തിക്കു' എന്ന് തിക്കോടിയനേയും വിളിച്ചിരുന്ന പിതാവ് വൈക്കം മുഹമ്മദ് ബഷീര്‍, മകനായ തന്നെയുംകൂട്ടി എം.ടിയെ കാണാന്‍ പോയ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട്, ബഷീറിന്റെ മകന്‍ അനീസ് ബഷീറാണ് പരിപാടിക്ക് തുടക്കമിട്ടത്. വളരെ വ്യക്തിപരമായ അനുഭവങ്ങളാണ് എം.ടിയുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ടാറ്റ'(ബഷീര്‍)യ്ക്ക് അസുഖമായിരുന്ന സമയത്ത് ആശ്വാസവാക്കുമായി കുടുംബത്തോടൊപ്പം നിന്നു, എം.ടി. 'ടാറ്റ'യ്ക്ക് അസുഖം ഭേദമായതിന് ശേഷമാണ് താന്‍ ജനിക്കുന്നതെന്നും അങ്ങനെ നോക്കുമ്പോള്‍ എം.ടി. കാരണമാണ് താനിന്ന് ഇവിടെ നില്‍ക്കുന്നതെന്നും അനീസ് ബഷീര്‍ പറഞ്ഞു.
ലളിതാംബിക അന്തര്‍ജനത്തിന്റെ പേരമകളായ സരിത വര്‍മ, തന്റെ മുത്തശ്ശിയുടേയും പിതാവ് എന്‍. മോഹനന്റേയും സുഹൃത്തായ എം.ടിയേയും തന്റെ വാസുവമ്മാവനേയും കുറിച്ചുള്ള ഓര്‍മകള്‍ വിവരിച്ചു. 1952-ലും 78-ലും ലളിതാംബിക അന്തര്‍ജനത്തിന് എം.ടി. എഴുതിയ കത്തുകളിലെ സംഗ്രഹം അവര്‍ വിവരിച്ചു. അതിലൊന്ന് നോവലിനെ അഭിനന്ദിച്ചുകൊണ്ടുള്ളതും മറ്റേത്, ഒരു പത്രാധിപര്‍ എന്ന നിലയില്‍ എം.ടി., ലളിതാംബിക അന്തര്‍ജനത്തെ എഴുതാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു.

എം.ടി. ഇല്ലായിരുന്നെങ്കില്‍ 'അഗ്നിസാക്ഷി' എന്ന നോവല്‍ പിറവികൊള്ളില്ലായിരുന്നെന്ന് സരിത വര്‍മ പറഞ്ഞു. ' അച്ഛന്‍ മരിച്ച സമയത്ത്, സരിത വിഷമിക്കേണ്ട, ഞങ്ങളൊക്കെ കൂടെയുണ്ട് എന്ന് വാസു അമ്മാവന്‍ എന്നെഴുതിയ ഒരു കത്ത് കിട്ടിയിരുന്നു.'കുട്ടിയായിരുന്ന തന്നോട് വളരെ പിശുക്കി മാത്രം ചിരിക്കുകയും അധികം പരിചയം കാണിക്കാതിരിക്കുകയും ചെയ്തിരുന്ന എം.ടി.യാണ് ആ കത്തെഴുതി തനിക്കയച്ചതെന്ന് അമ്പരന്ന കാര്യം സരിത ഓര്‍ത്തെടുത്തു.
ഒരുപാട് സാഹിത്യകാരന്മാര്‍ വീട്ടില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന അനുഭവങ്ങള്‍, കവി ഇടശ്ശേരിയുടെ മകന്‍ ഇ. അശോക് കുമാര്‍ പറഞ്ഞു. 'എം.ടിയും വരുമായിരുന്നു, അദ്ദേഹമെന്റെ മനസ്സില്‍ വലിയ വിഗ്രഹമായിരുന്നു. വ്യക്തിപരമായി വിഷമം തോന്നിയ അനുഭവവും ഉണ്ടായിട്ടുണ്ടെങ്കിലും ആ വിഷമം അന്നുതന്നെ അദ്ദേഹത്തിന്റെ സാഹിത്യം എന്നില്‍നിന്ന് മാറ്റിയെടുത്തു'- അദ്ദേഹം പറഞ്ഞു.
' വാസുവേട്ടന്റെ നിര്‍ബന്ധത്താലാണ് അച്ഛന്‍ 'ചുവന്ന കടല്‍', 'അശ്വഹൃദയം', 'അരങ്ങു കാണാത്ത നടന്‍' എന്നിവയെല്ലാം എഴുതിയത്.- തിക്കോടിയന്റെ മകള്‍ പുഷ്പ തിക്കോടിയന്‍ പറഞ്ഞുതുടങ്ങി. 'അന്ന് വീട്ടില്‍ വരുന്ന സമയത്ത് എം.ടിയുടെ മഹത്വം അറിയില്ലായിരുന്നു. അധികം ചിരിക്കുകയൊന്നും ചെയ്തിരുന്നില്ല അദ്ദേഹം. ഇപ്പോള്‍ ഒരേ വേദിയില്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ മക്കള്‍ ഒന്നിച്ചിരിക്കുമ്പോള്‍ മരിച്ചുപോയ പിതാക്കന്മാരെല്ലാം സന്തോഷിക്കുന്നുണ്ടാകും.' തങ്ങള്‍ മക്കള്‍ ഈ സൗഹൃദം എന്നും കാത്തുസൂക്ഷിക്കുമെന്നും പുഷ്പ തിക്കോടിയന്‍ പറഞ്ഞു.
.jpg?$p=8a7b7b1&&q=0.8)
തുഞ്ചന്‍ മഠം ഇന്ന് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അതിന്റെ നവീകരണത്തിനായി അച്ഛന്‍, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് കത്തെഴുതിയതെല്ലാം ഓര്‍ക്കുന്നുവെന്നും എസ്.കെ. പൊറ്റക്കാടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് പറഞ്ഞു. 'എം.ടി.യും അച്ഛനുംകൂടി ഒരുമിച്ച് ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനിരുന്നിരുന്നു. എന്നാല്‍, എന്തൊക്കെയോ കാരണങ്ങളാല്‍ ആ സിനിമ വെളിച്ചം കണ്ടില്ല. അച്ഛനെക്കുറിച്ച് ഞാനെഴുതിയ 'അച്ഛനാണ് എന്റെ ദേശം' എന്ന പുസ്തകത്തിന്റെ അവതാരിക എം.ടി. എഴുതണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു. അത് അദ്ദേഹം സാധിച്ചുതരികയും ചെയ്തു'- സുമിത്ര ജയപ്രകാശ് പറഞ്ഞു.
ഉപ്പ വാസു എന്നും എം.ടി. എന്‍.പി. എന്നുമായിരുന്നു പരസ്പരം വിളിച്ചിരുന്നതെന്ന് എന്‍.പി. മുഹമ്മദിന്റെ മകന്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. വായന അരുമയോടെ കൊണ്ടുനടന്നവരായിരുന്നു ഇരുവരും. 'കോഴിക്കോട്ടെ മിഠായിത്തെരുവിലും മാനാഞ്ചിറയിലുമെല്ലാംവെച്ച് അവര്‍ മിക്കദിവസങ്ങളിലും കണ്ടുമുട്ടി. പുസ്തകങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു. പുസ്തകങ്ങള്‍ തേടിപ്പിടിക്കുകയും അത് ഒരാള്‍ വായിച്ച ശേഷം അടുത്തയാള്‍ക്ക് കൈമാറുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.' എം.ടി. ചിരിക്കുന്നതും സംസാരിക്കുന്നതും വളരെ കുറച്ചു മാത്രമാണെന്ന് മറ്റുള്ളവര്‍ പറയുമെങ്കിലും അദ്ദേഹം പുസ്തകങ്ങളുടെ കാര്യത്തിലും താല്‍പ്പര്യമുള്ള മറ്റുവര്‍ത്തമാനങ്ങളിലും വാചാലനാണെന്നും എന്‍.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു.
'എന്തുകൊണ്ട് ഒരു ക്രൈം നോവല്‍ എഴുതിക്കൂടാ'എന്ന ചിന്ത എന്‍.പി. മുഹമ്മദിന്റെയും എം.ടി.യുടെയും മനസ്സിലുണ്ടായി. അങ്ങനെ രണ്ടുപേരും ചേര്‍ന്ന് ഒരേ മനസ്സോടെ 'അറബിപ്പൊന്ന്' എന്ന പുസ്തകമെഴുതി. 1960-കളുടെ ഒടുക്കം 'അറബിപ്പൊന്ന്' പ്രസിദ്ധീകരിക്കുകയും ചെയ്തു.' മാതൃഭൂമിയില്‍ മലര്‍വാടിയുണ്ടാക്കിയ എഴുത്തുകാരനാണ് എം.ടി.യെന്നും എന്‍.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. 'ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തങ്ങള്‍ മക്കള്‍ക്കെല്ലാം എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്ന വീടാണ് 'സിതാര'- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg?$p=1990e2a&&q=0.8)
എം.ടി.യുടെ സിനിമകള്‍ക്ക് പാട്ടെഴുതുമ്പോള്‍ അച്ഛന്റെ വരികള്‍ക്ക് തിളക്കമേറെയാണെന്ന് ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍ രാജീവ് ഒ.എന്‍.വി. പറഞ്ഞു. 'അച്ഛന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത് എം.ടി.യുടെ സിനിമയിലെ പാട്ടിനാണ്.' തനിക്ക് മലയാളസാഹിത്യലോകത്തിന്റെ ജാലകം തുറന്നുതന്നത് എം.ടി.യാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിഹാസതുല്യമായ സ്ഥാനമാണ് അച്ഛന്റെ മനസ്സില്‍ എം.ടി.ക്കുണ്ടായിരുന്നതെന്ന് എന്‍.എന്‍. കക്കാടിന്റെ മകന്‍ ശ്യാം കക്കാട് പറഞ്ഞു. അച്ഛനും എം.ടി.യും തമ്മിലുള്ള ബന്ധം ഒരു ഔപചാരിക ബന്ധംപോലെയായിരുന്നു'- ഉറൂബിന്റെ മകന്‍ സുധാകരന്‍ ഉറൂബ് അക്കാലത്തെ സ്മരിച്ചു. എം.ടി.യുമായി ചെറിയ സംഭാഷണങ്ങള്‍ താനും പങ്കുവെച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Sadaram M.T. Usavam, M.T. Vasudevan Nair, Thunjan Paramb, Tirur, Malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..