എം.ടി. ഉത്സവം 'സാദര'ത്തിൽ നടൻ മമ്മൂട്ടി കൊണ്ടുവന്ന കൈച്ചെയിൻ എം.ടി.ക്ക് സമ്മാനിച്ചപ്പോൾ. മന്ത്രി വി. അബ്ദുറഹ്‌മാൻ സമീപം.
തിരൂര്‍: എം.ടി.യുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ ഏതുവിധത്തിലും തനിക്ക് അദ്ദേഹത്തെ സമീപിക്കാമെന്നും നടന്‍ മമ്മൂട്ടി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ നമ്മള്‍ ഉപയോഗിക്കുന്നതാണ് ഭാഷയെന്നും ഭാഷയുള്ളിടത്തോളം കാലം എം.ടി. നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ 'സാദരം എം.ടി. ഉത്സവ'ത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
'സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ചുരുക്കം കഥാപാത്രങ്ങളെയെ ചെയ്തിട്ടുള്ളൂ. പക്ഷേ, ഇദ്ദേഹം എഴുതിയ നിരവധി കഥാപാത്രങ്ങളെ ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളായി ഞാന്‍ ജീവിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. ആ കഥകളിലെ ഒരുപാട് മനുഷ്യരെ ഞാന്‍ ഒറ്റയാളായിനിന്ന് അഭിനയിച്ചു തീര്‍ത്തിട്ടുണ്ട്. എന്നിലെ നടനെ അത് ഒരുപാട് പരിപോഷിപ്പിച്ചു. ഞാന്‍ വായിച്ചുതുടങ്ങുമ്പോള്‍ എനിക്ക് കഥാപാത്രങ്ങളോടും കഥയോടുമുള്ള ആഗ്രഹങ്ങള്‍ അഭിനയമായി പുറത്തുവന്നിട്ടുണ്ട്. ആരും കാണാതെ കണ്ണാടിയിലും വെള്ളത്തിലും മുഖം കഥാപാത്രങ്ങളാക്കി മാറ്റി ഞാന്‍ ഒരുപാട് പരിശീലിച്ചു. എം.ടി.യെ എന്നെങ്കിലും ഒന്ന് പരിചയപ്പെടാന്‍ കഴിയണേ എന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചു. ഒരു ചലച്ചിത്രോത്സവത്തിന്റെ സമാപനത്തിലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഏതോ ഒരു മന്ത്രികശക്തി ഞങ്ങളെ പരസ്പരം ബന്ധിച്ചു. അതിനുശേഷമാണ് എനിക്ക് സിനിമയില്‍ അവസരം ഉണ്ടാകുന്നത്. 41 വര്‍ഷക്കാലം നിന്നത്.'
'എം.ടി.ക്കു കിട്ടാത്ത പുരസ്‌കാരങ്ങളില്ല, പ്രശംസകളില്ല. പക്ഷേ, ഒരു സാഹിത്യകാരനെന്നതിനപ്പുറം വളരെ വലുതാണ് അദ്ദേഹത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സ്ഥാനം. നമ്മുടെ ദൈനംദിനസംഭാഷണങ്ങളില്‍ എവിടെയെങ്കിലുമൊക്കെ എം.ടി.യുടെ ഭാഷയും പ്രയോഗങ്ങളും കടന്നുവരാറുണ്ട്. പുതിയ തലമുറ അദ്ദേഹത്തെ എത്രത്തോളം വായിക്കുന്നുവെന്ന് അറിഞ്ഞുകൂടാ. പക്ഷേ, അവരിലേക്കും എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയും.
അത്രത്തോളം നവീകരിക്കപ്പെട്ട രചനയാണ് അദ്ദേഹത്തിന്റേത്. എം.ടി.യെ നമ്മള്‍ ആദരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുഭാഷക്കാര്‍ ആദരിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച ആളാണ് ഞാന്‍ എന്നുപറയുമ്പോള്‍ എനിക്കുകിട്ടുന്ന ആദരം ഞാന്‍ ആസ്വദിക്കുന്നു. നാലഞ്ചുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെ അഭിനയിച്ചു തീര്‍ത്തിട്ടേ ഉള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഞാന്‍ എം.ടി.യുടെ കാല്‍ച്ചുവട്ടില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നു. എം.ടി.യില്ലാത്ത മലയാളമില്ല' -മമ്മൂട്ടി പറഞ്ഞു.
Content Highlights: Sadaram M.T. Utsavam, Mammootty, M.T. Vasudevan Nair, Thunjan parambu, Thirur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..