പരിപാടിയിൽനിന്ന് | ഫോട്ടോ: സതി ആർ.വി.
തിരൂര്‍: ഭൂതകാലത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളാണ് എം.ടി വാസുദേവന്‍ നായരുടെ കഥകളെന്ന് എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍. 'ഫ്‌ലാഷ്ബാക്ക് ടെക്‌നിക്കുകളാണ് മിക്ക കഥകളും. പല കഥകളും വായിക്കുമ്പോള്‍ എന്റെ വീട്ടിലെ കാര്യങ്ങള്‍, എന്റെ അനുഭവങ്ങള്‍, അപമാനങ്ങള്‍ തുടങ്ങിയവയെല്ലാം എങ്ങനെ എം.ടി അറിഞ്ഞു എന്നോര്‍ത്ത് ഞാന്‍ കരഞ്ഞിട്ടുണ്ട്' - അദ്ദേഹം പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ 'സാദരം എം.ടി. ഉത്സവ'ത്തില്‍ എം.ടിയുടെ രചനാപ്രപഞ്ചത്തെ ആസ്പദമാക്കി നടന്ന 'എം.ടി.യുടെ കഥാപ്രപഞ്ചം' എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയിലും നോവലിലും തൃപ്തനാണെങ്കിലും അധികം മമത ചെറുകഥയോടുണ്ട് എന്ന് എം.ടി. പറഞ്ഞിട്ടുണ്ട്. കവിതയോടും പ്രത്യേകസ്‌നേഹം കാണിച്ചിട്ടുണ്ട്. ആദ്യം എഴുതാന്‍ ശ്രമിച്ചതും ഏറെ വായിച്ചതും കവിതയാണ്. കവിത പൂര്‍ണത നേടിയ സാഹിത്യരൂപമാണ് എന്നും ആ പൂര്‍ണത കഥയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു, എം.ടി. ഒരു കഥ എഴുതിക്കഴിഞ്ഞപ്പോള്‍ മാത്രമേ എം.ടി. കരഞ്ഞിട്ടുള്ളൂ. ഗര്‍ഭത്തിലിരിക്കുമ്പോള്‍ ഏറെ നോവനുഭവിച്ച കഥ. അതാണ് 'നിന്റെ ഓര്‍മയ്ക്ക്'.
'നാലു ആണ്‍കുട്ടികളുള്ള വീട് ഒരു പെങ്ങളെ അതിയായി ആഗ്രഹിച്ചിരുന്നു. അച്ഛന്‍ സിലോണില്‍നിന്നും കൂട്ടി വരുന്ന ലീല എന്ന പെണ്‍കുട്ടി വീട്ടില്‍ സംഘര്‍ഷമായി മാറുന്നു. ഞാനിന്ന് ലീലയെപ്പറ്റി ഓര്‍ത്തുപോയി എന്നു പറഞ്ഞു തുടങ്ങുന്ന കഥയുടെ ആഖ്യാതാവ് എം.ടി തന്നെയാണ്.' അദ്ദേഹം പറഞ്ഞു.
.jpg?$p=a50584f&&q=0.8)
ഫോട്ടോ: മാതൃഭൂമി
'കറുത്ത ചന്ദ്രന്‍'എന്ന കഥയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ഫെമിനിസ്റ്റ് കഥ സൃഷ്ടിച്ചത് എം.ടി.യാണെന്ന് എഴുത്തുകാരന്‍ പി.കെ. രാജശേഖരന്‍ പറഞ്ഞു. 'മലയാളത്തിലെ വെറും കഥകള്‍ ചെറുകഥ എന്ന സാഹിത്യരൂപത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നതാണ് എം.ടി. വാസുദേവന്‍ നായരുടെ പ്രത്യേകത. വ്യത്യസ്ത സാഹിത്യസന്ദര്‍ഭങ്ങളില്‍ ജീവിക്കുകയും ആ സന്ദര്‍ഭങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം ആധുനിക സാഹിത്യം എന്ന ശാഖയിലെ മുഖ്യമുഖമായി മാറുന്നത്.
പൊരുത്തക്കേടുകള്‍ നിറഞ്ഞ, അയുക്തികള്‍ നിറഞ്ഞ ലോകത്തിന് ആന്തരലോകത്തെ യാഥാര്‍ഥ്യങ്ങള്‍ കൊണ്ടുപരിഹാരം കാണാനാവുമെന്ന് എം.ടി. തിരിച്ചറിഞ്ഞു. 25 കാരനായ എം.ടി.യാണ് ഇതെല്ലാം കൊണ്ടുവന്നതെന്ന് ഓര്‍ക്കണം. നിര്‍വികാരമായ, നിസംഗമായ എഴുത്തിലൂടെ എം.ടി വായനക്കാരെ വികാരഭരിതരാക്കി. അതൊരു ഇരട്ടനീക്കമാണ്. പലര്‍ക്കും മുഖം നോക്കാവുന്ന കണ്ണാടിയായി മാറി എം.ടിയുടെ കഥാപാത്രങ്ങള്‍.
'എം.ടി.യുടെ ചെറുകഥകളില്‍ ഒരു തത്വശാസ്ത്രമേയുള്ളൂ അത് മനോവികാരമാണ്. മനോവികാരങ്ങളുടെ സത്യസന്ധമായ ആവിഷ്‌കരണമാണ് അദ്ദേഹം നടത്തിയത്. അസുലഭമായി വീണുകിട്ടുന്ന ചില സ്വാതന്ത്ര്യങ്ങളുണ്ട്. ആ സ്വാതന്ത്യത്തിന്റെ ആവിഷ്‌കരണമാണ് ഞാന്‍ കഥകളിലൂടെ ചെയ്യുന്നത് എന്നദ്ദേഹം എഴുതി. നായര്‍ തറവാടും തകര്‍ന്ന ഫ്യൂഡലിസവുമല്ലാതെയുളള പഠനങ്ങള്‍ ഇനിയുള്ള തലമുറ നടത്തട്ടെ.' - പി.കെ രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
.jpg?$p=8a6554b&&q=0.8)
ഫോട്ടോ: സതി ആര്‍.വി.
വിജയിച്ചവരേക്കാള്‍ പരാജിതരുടെ കഥകളാണ് എം.ടി.യുടേതെന്ന് എഴുത്തുകാരി കെ. രേഖ പറഞ്ഞു. 'അങ്ങനെ പരാജയത്തിന്റെ മനോഹാരിത നമ്മളറിഞ്ഞു. എം.ടിക്കഥകളിലെ അമ്മയ്ക്ക് രണ്ട് മുഖങ്ങളുള്ളതുപോലെ തോന്നിയിട്ടുണ്ട്. 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യും 'കര്‍ക്കിടക'വും ഉദാഹരണം. 'മന്ത്രവാദി' എന്ന കഥയില്‍ വളരെ സുന്ദരമായി ഫലിതം അവതരിപ്പിച്ചിരിക്കുന്നു- രേഖ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sadaram M.T., Discussion on stories of M.T. Vasudevan Nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..