ആത്മാർഥതയാണ് എഴുത്തിന്റെ ഊർജമെന്ന് എം.ടി. പഠിപ്പിച്ചു - സി. രാധാകൃഷ്ണൻ


2 min read
Read later
Print
Share

സി. രാധാകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ | ഫോട്ടോ: മാതൃഭൂമി

തിരൂർ: ആത്മാർഥതയാണ് എഴുത്തിന്റെ ഏറ്റവും വലിയ ഊർജമെന്ന് എം.ടി.യാണ് നമുക്കു കാട്ടിത്തന്നതെന്ന് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ. നമ്മുടെ വിഷാദവും സന്തോഷവും ചുറ്റുപാടും സമ്മർദവുമാണ് നമ്മിൽനിന്ന് കൃതി ഉണ്ടാക്കുന്നത്. അതുകൊണ്ട് കൃതിയുടെ ആത്മനിഷ്ഠതയാണ് പ്രധാനം എന്ന് ആദ്യമായി മലയാളത്തിൽ നമ്മോടു പറഞ്ഞത് എം.ടി.യാണ്. ആ വഴിയാണ് ഞങ്ങളൊക്കെ പിന്തുടർന്നത്. നമ്മിൽ തന്നെ പ്രതിഷ്ഠിക്കാതെ, നമ്മുടെ ഓർമകളെയും യാതനകളെയും ആസ്പദിക്കാതെ നമുക്ക് ഈ ലോകത്തോടു സംവദിക്കാൻ സാധിക്കില്ലെന്ന് എം.ടി. കാണിച്ചുതന്നു.- ‘സാദരം എം.ടി. ഉത്സവ’ത്തിൽ ആദരഭാഷണത്തിൽ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

'ഒമ്പതു പതിറ്റാണ്ടുമുമ്പ് കുഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചു. ലോകത്ത് എവിടെനിന്ന് നോക്കിയാലും കാണാവുന്ന തലത്തിലേക്ക് ആ കുട്ടി വളർന്നു. ആ കുട്ടിയുടെ പേരാണ് എം.ടി. ആ രണ്ടക്ഷരം കൊണ്ട് ലോകത്തെമ്പാടും അറിയപ്പെടാൻ അദ്ദേഹത്തിനു സാധിക്കുന്നു. അങ്ങനെ മറ്റൊരാളെ എനിക്കറിയില്ല. ഒരു അനിയൻ എന്ന നിലയിൽ വാസുവേട്ടൻ എന്നു വിളിച്ചാണ് ശീലം. അത് അദ്ദേഹം ദയാപുരസരം അനുവദിച്ചുതരാറുമുണ്ട്. അൽപ്പം വാത്സല്യമുണ്ട് എന്നൊരുതോന്നൽ എനിക്കുണ്ട്. ഉള്ള വാത്സല്യം പുറത്തുകാണിക്കാറില്ല, അത് ശീലിക്കാത്ത ഒരാളാണ്. പിശുക്കിപ്പിടിച്ചുമാത്രം ചിരിക്കുകയും ചുണ്ടറ്റത്തെ ഒരു ചിരികൊണ്ടുമാത്രം അനുമോദിക്കുകയും ചെയ്യുന്ന പഴയ തറവാട്ടിലെ ഒരു കാരണവരായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ആ ചുണ്ടറ്റത്തെ ചിരിയോ അമർത്തി ഒരു മൂളലോ വലിയ അംഗീകാരമായി ഞാൻ കരുതാറുണ്ട്.

എനിക്ക് അദ്ദേഹത്തോടുള്ള ആദരവിന്റെ മറ്റൊരു കാരണം മൂന്നുപതിറ്റാണ്ടായി തുഞ്ചൻപറമ്പ് എന്ന ക്ഷേത്രത്തിലെ എല്ലാമെല്ലാമാണ് അദ്ദേഹമെന്നതാണ്. ഭൂമിയിലെ ഏറ്റവും നല്ല ക്ഷേത്രമായി ഞാൻ കാണുന്നത് തുഞ്ചൻപറമ്പാണ്. കാരണം ഇവിടെ മലയാളഭാഷയുടെ ഉദയം ഉൽഭവിക്കുകയും ലോകത്തിനു തന്നെ പിന്തുടരാവുന്ന ആത്മീയത നിർവചിക്കപ്പെടുകയുംചെയ്തു. ഈ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഓർമകളെയും ചരിത്രത്തിന്റെ ഈടുവഴികളെയും ഓർമിപ്പിക്കത്തക്കവിധത്തിലുള്ള സ്മാരകങ്ങൾക്ക് ഒരു മാതൃകയായി തുഞ്ചൻപറമ്പിനെ വളർത്തിക്കൊണ്ടുവരാൻ മൂന്നുപതിറ്റാണ്ടായി ശ്രമിക്കുന്ന എം.ടി.യെ ആദരിക്കാതിരിക്കാനാകില്ല.

എന്താണ് എം.ടി. മലയാള സാഹിത്യത്തിൽ ചെയ്തത് എന്ന് നിരൂപകൻമാർ വിലയിരുത്തിയിട്ടില്ല. എം.ടി.ക്ക് മുൻപുള്ളവർ അന്യരുടെ കഥയും നോവലും കവിതയും എഴുതി. അവർക്ക് എഴുത്ത് ഒരു ഉത്‌പന്നമായിരുന്നു. അത് മറ്റുള്ളവർക്കു വായിക്കാൻ രസകരമായിരിക്കണമെന്നതിനപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. അതിൽനിന്ന് വേറിട്ട് ഇത് എന്റെ ആത്മാവിന്റെ ഉത്പന്നമാണ്, അതിലെ പ്രധാന കക്ഷി ഞാനാണ് എന്നു കാണിച്ചുതന്നത് എം.ടി.യാണ് - രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Content Highlights: Sadaram MT, C. Radhakrishnan, M.T. Vasudevan Nair, Thunjan parambu,Thirur

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Benyamin, K.Vidya

1 min

കെ.വിദ്യ സാഹിത്യലോകത്തിന് അപമാനം, എന്ത് സാഹിത്യമാണ് എഴുതുന്നത്?- ബെന്യാമിന്‍

Jun 8, 2023


Madhav Gadgil

1 min

ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകുന്നു

Jun 7, 2023


Arundhati Roy

2 min

ഒരവസരം കിട്ടിയാൽ കേരളത്തിൽ ബിജെപി തീ വെക്കും; കര്‍ണാടകയോട് നമസ്‌കാരം പറയുന്നു - അരുന്ധതി റോയ്

May 14, 2023

Most Commented