'വീട്ടുകാരും സമൂഹവും ഞാനും തമ്മിലുണ്ടായിരുന്ന പൊരുത്തക്കേടുകളുടെ വ്യാകരണം മനസ്സിലായത് എം.ടിയിലൂടെ'


By ശ്രീഷ്മ എറിയാട്ട്

2 min read
Read later
Print
Share

എം.ടി, ബാലചന്ദ്രൻ ചുള്ളിക്കാട് | ഫോട്ടോ: സതി ആർ.വി, സിദ്ദിഖുൽ അക്ബർ

തിരൂര്‍: തനിക്ക് കുടുംബവുമായും ബന്ധുക്കളുമായും സമൂഹവുമായുമുള്ള പൊരുത്തക്കേടുകളുടെ വ്യാകരണം മനസ്സിലാക്കാനായത് എം.ടിയുടെ കഥകളില്‍നിന്നാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. തുഞ്ചന്‍പറമ്പില്‍ നടക്കുന്ന 'സാദരം എം.ടി. ഉത്സവ'ത്തിന്റെ നാലാംദിനമായ വെള്ളിയാഴ്ച 'അറിയുന്ന എം.ടി. അറിയേണ്ട എം.ടി.' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാല് പതിറ്റാണ്ടിലേറെ നീണ്ട വ്യക്തിബന്ധമാണ് എം.ടിയുമായുള്ളത്. കുട്ടിക്കാലത്ത് ഗദ്യം അത്ര പരിചയമില്ലായിരുന്നു. ഏതാണ്ട് പത്തുവയസ്സുള്ളപ്പോഴാണ് ഒരു ദിവസം വായനശാലയില്‍ പുസ്തകങ്ങള്‍ പരതുന്നതിനിടെ 'അസുരവിത്ത്' കാണുന്നത്. അതാണ് ഞാന്‍ ആദ്യമായി വായിക്കുന്ന നോവല്‍. 'അസുരവിത്ത്'. അടുത്തകാലത്തായി ഈ നോവലിനെക്കുറിച്ച് എപ്പോഴും ഓര്‍ക്കാന്‍ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കുകയാണ്. നമ്മുടെ ഭാരതത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലെ അടിസ്ഥാനരോഗങ്ങളെക്കുറിച്ചുള്ള ദീര്‍ഘദര്‍ശനം ഉള്‍ക്കൊള്ളുന്ന ആ കൃതിയാണ് ഇന്നും എന്നെ സംബന്ധിച്ച് എം.ടി. യുടെ മികച്ച കൃതി.

ഞാനൊരു കവി ആകണമെന്നല്ല ആഗ്രഹിച്ചത്. 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടിയെപ്പോലെ ഒരു ദുരന്ത കഥാപാത്രമാകണം എന്നായിരുന്നു. എന്നെ സംബന്ധിച്ച് ഗോവിന്ദന്‍കുട്ടി വെറും കഥാപാത്രമല്ല. എന്റെ മനസ്സില്‍ ജീവിച്ചിരിക്കുന്ന ഒരു സാന്നിധ്യമാണ്. ഞാന്‍ ആ കഥയില്‍ വായിച്ചത്, ഞാനും എന്റെ കുടുംബവും സമൂഹവും തമ്മിലുള്ള സംഘര്‍ഷവുമാണ്. അവരുമായുള്ള എന്റെ ആജീവനാന്ത യുദ്ധങ്ങളാണ് ഞാനതില്‍ വായിച്ചത്. ഗോവിന്ദന്‍കുട്ടിയോട് സമൂഹം പെരുമാറിയപോലെ എന്നോടും പെരുമാറും എന്ന ഭയം എന്നും എനിക്കുണ്ടായിരുന്നു. അത് പിന്നീട് സത്യമാകുകയും ചെയ്തു. വ്യക്തിസത്തയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അറിവ് എനിക്ക് പകര്‍ന്ന ആദ്യപാഠം ആ നോവലായിരുന്നു. അതിലെ സാങ്കല്‍പിക കഥാപാത്രങ്ങളെല്ലാം എനിക്ക് യാഥാര്‍ത്ഥ്യമാണ്.

പിന്നീടാണ് 'ഇരുട്ടിന്റെ ആത്മാവ്' വായിക്കുന്നത്. 1961-ലാണ് മൈക്കില്‍ ഫൂക്കോയുടെ 'മാഡ്‌നെസ്സ് ആന്‍ഡ് സിവിലൈസേഷന്‍; എ ഹിസ്റ്ററി ഓഫ് ഇന്‍സാനിറ്റി ഇന്‍ ദ ഏജ് ഓഫ് റീസണ്‍' (Madness and Civilization: A History of Insanity in the Age of Reason)എന്ന വിഖ്യാതമായ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഭ്രാന്തിനോടുള്ള യൂറോപ്യന്‍ സംസ്‌കാരത്തിന്റെ സമീപനത്തെ അപഗ്രഥിക്കുന്ന കൃതിയാണത്. ആ പുസ്തകത്തെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് 1997-ല്‍ സ്വീഡനില്‍വെച്ചാണ്. അതിനൊക്കെ എത്രയോ മുമ്പാണ് 'ഇരുട്ടിന്റെ ആത്മാവ്' വായിക്കുന്നതും വേലായുധന്‍ എന്ന കഥാപാത്രവുമായി ആത്മബന്ധം സ്ഥാപിക്കുന്നതും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് 'ഇരുട്ടിന്റെ ആത്മാവ്' എന്റെ സുഹൃത്തുക്കള്‍ നാടകമാക്കി അവതരിപ്പിക്കുന്നത്. അതില്‍ വേലായുധന്റെ വേഷം അഭിനയിക്കാന്‍ എനിക്കൊരു അവസരം ലഭിച്ചു.

'സാദരം എം.ടി. ഉത്സവ'ത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്നു. | ഫോട്ടോ: മാതൃഭൂമി

എനിക്ക് എന്റെ കുടുംബവുമായും ബന്ധുക്കളുമായും സമൂഹവുമായുമുള്ള പൊരുത്തക്കേടുകളുടെ വ്യാകരണം മനസ്സിലാക്കാനായത് എം.ടിയുടെ കഥകളില്‍നിന്നാണ്. ഇതെന്റെമാത്രം കുഴപ്പമല്ല എന്നെനിക്ക് ബോധ്യമായി' - ചുള്ളിക്കാട് പറഞ്ഞു.

'എം.ടി.യെ ഞാന്‍ മാഷെന്നേ വിളിക്കാറുള്ളു. എന്റെ സുഹൃത്തുക്കള്‍ വിളിക്കുന്നതുപോലെ വാസുവേട്ടന്‍ എന്ന് വിളിക്കാന്‍ ഒരിക്കലും ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ശിഷ്യന്മാരെ ഉപയോഗിച്ച് സ്വന്തം ഭാവുകത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കവികളുണ്ട്. പല അധ്യാപക കവികളും എന്നെ ശിഷ്യരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ കലഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ വളരെ ആദരവോടെ ഓര്‍ക്കുന്ന ഒരാളാണ് ശ്രീ. എം.ടി. വാസുദേവന്‍ നായര്‍. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല വായനക്കാരനാണ് അദ്ദേഹം. സ്വന്തം അനുഭവത്തോടുള്ള സത്യസന്ധത മാത്രമാണ് അദ്ദേഹത്തിന്റെ ശക്തി. അനുഭവവും മനസ്സിന്റെ ഭാഷയുമാണ് എഴുത്തുകാരന്റെ മൂലധനമെന്ന് അദ്ദേഹത്തിന് അറിയാം. അത് അദ്ദേഹം ലോകത്തെ അറിയിക്കുകയും ചെയ്തു. അതാണ് എം.ടി.യുടെ വലിപ്പം'- ബാലചന്ദ്രന്‍ ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.


Content Highlights: Sadaram M.T, M.T. Vasudevan Nair, Balachandran Chullikkad, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Benyamin, K.Vidya

1 min

കെ.വിദ്യ സാഹിത്യലോകത്തിന് അപമാനം, എന്ത് സാഹിത്യമാണ് എഴുതുന്നത്?- ബെന്യാമിന്‍

Jun 8, 2023


Sunil P Ilayidam

1 min

ഉള്ളൂര്‍ സാഹിത്യപുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്

Jan 13, 2021


T. Padmanabhan

1 min

ഭാഷയുടെമേല്‍ ആധിപത്യം നേടണം -ടി. പത്മനാഭന്‍

Dec 31, 2022

Most Commented