പി.എം വാരിയർ, എം.ടി
തിരൂർ: ജീവിതത്തിൽ പെരുന്തച്ചൻ ചമയാതിരിക്കാൻ എം.ടി വാസുദേവൻ നായർ ശ്രദ്ധിച്ചിരുന്നുവെന്ന് പി.എം വാരിയർ. എം. ടി. നമ്മുടെ കാലഘട്ടത്തിന്റെ ധന്യതയാണ്. ബഹുമുഖ പ്രതിഭയായി നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹമാണ് തുഞ്ചന്‍ പറമ്പിനെ ഇന്ന് കാണുന്ന രീതിയില്‍ വിഷ്വലൈസ് ചെയ്തത്- അദ്ദേഹം പറഞ്ഞു.
തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന 'സാദരം എം. ടി. ഉത്സവ'ത്തിന്റെ നാലാം ദിനമായ വെള്ളിയാഴ്ച 'അറിയുന്ന എം. ടി. അറിയേണ്ട എം. ടി.'എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയുടെ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പി.എം വാരിയര്‍.
നാമെല്ലാം അറിയേണ്ട ഒരു എം.ടിയുണ്ട്. സമകാലിക സമൂഹത്തില്‍ സംവാദങ്ങള്‍ക്കുള്ള ഇടം കുറയുകയും വിവാദങ്ങള്‍ കൂടുകയുമാണ്. അത്തരം സാഹചര്യങ്ങളില്‍ എം. ടി. നിശബ്ദമാകുന്നു. സംയമനം പുലര്‍ത്തുന്നു. അദ്ദേഹത്തില്‍നിന്ന് പഠിക്കേണ്ട കാര്യങ്ങളുണ്ട്. പെരുന്തച്ചന്‍ തിരക്കഥയെഴുതി സിനിമയാക്കിയെങ്കിലും സ്വന്തം ജീവിതത്തില്‍ പെരുന്തച്ചന്‍ ചമയാതിരിക്കാന്‍ എപ്പോഴും അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
വൈവിധ്യമാര്‍ന്ന മേഖലകളില്‍ കര്‍മനിരതനായ സാന്നിധ്യമാണ് എം. ടി.വേറിട്ട പത്രാധിപരും വേറിട്ടവ്യക്തിയുമാണ് അദ്ദേഹം. നവതി ആഘോഷിക്കുന്ന വേളയില്‍ എം.ടിക്ക് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
.jpg?$p=6df998d&&q=0.8)
എം. ടി. മലയാളത്തിന്റെ സ്‌നേഹാക്ഷര പുരുഷന്‍ - വി. മധുസൂദനന്‍ നായര്‍.
എം. ടി. വാസുദേവന്‍ നായര്‍ മലയാളത്തിന്റെ സ്‌നേഹാക്ഷര പുരുഷനാണെന്ന് കവി വി. മധുസൂദനന്‍ നായര്‍. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന സാദരം എം.ടി ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാത്സല്യത്തിന്റെ ഒരു മഹാനദിയായാണ് താന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. 'സദാ ആകാശം പോലെയിരിക്കുന്ന ആളിനെ എങ്ങനെയാണ് അറിയാന്‍ കഴിയുക, ഇനിയും കണ്ടുതീരാത്ത ആകാശം പോലെയാണ് എനിക്കീ വിസ്മയം. വലിയ പ്രകാശങ്ങളെ ദൂരെനിന്ന് തൊഴുത് മാത്രമാണ് എനിക്ക് ശീലം. അത് പേടിയല്ല, പോരാ എന്ന തോന്നല്‍കൊണ്ടാണ്.
വാത്സല്യത്തിന്റെ ഒരു മഹാനദിയാണ് അദ്ദേഹം. എന്റെ കൗമാരത്തില്‍ ആണ് ഞാന്‍ നാലുകെട്ട് വായിക്കുന്നതെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണുന്നത് എം. എ. കഴിഞ്ഞാണ്. ഇനിയും ഒരുപാട് കാണാനുണ്ട് എന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തെ എന്നും അകമേ കണ്ടുകൊണ്ടിരിക്കുന്നു'-അദ്ദേഹം പറഞ്ഞു.
Content Highlights: Sadaram MT, P.M Warrier, Mathrubhumi, Thunjanparamba
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..