ധർമൻ
പള്ളുരുത്തി: നാടക കലാകാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ എസ്.എൽ.പുരം അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് ധർമൻ ചേട്ടൻ. എസ്.എൽ.പുരവും തോപ്പിൽ ഭാസിയും എൻ.എൻ. പിള്ളയും കെ.ടി. മുഹമ്മദുമൊക്കെ അരങ്ങ് വാണിരുന്ന കാലത്ത്, നാടകലോകത്തേക്ക് കടന്നുവന്ന ധർമൻ ചേട്ടൻ പിന്നീട് ആ കലയോടൊപ്പമാണ് ജീവിച്ചത്.'സ്നേഹിതന്റെ പേരിലുള്ള പുരസ്കാരമാണിത്. ഇതിനെക്കാൾ വലിയ സന്തോഷമില്ല'- നാടകാചാര്യൻ കെ.എം. ധർമൻ പറയുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ നാടകങ്ങൾ സംവിധാനം ചെയ്തയാൾ എന്ന നിലയിൽ അറിയപ്പെടുന്ന ധർമൻ ചേട്ടൻ, നാടക അരങ്ങിനെക്കുറിച്ചുള്ള സങ്കല്പങ്ങളും മാറ്റിയെടുത്തു. നാനൂറോളം നാടകങ്ങൾ സംവിധാനം ചെയ്തു. നാടകത്തിന്റെ സുവർണകാലം ധർമന്റേതു കൂടിയായിരുന്നു. ധർമൻ ടച്ചുള്ള നാടകങ്ങൾ അരങ്ങുകൾ കീഴടക്കി.
പി.ജെ. ആന്റണിയുടെ കളരിയിലാണ് ധർമൻ ചേട്ടൻ നാടകം പഠിച്ചത്. ആദ്യം നടനായി. പിന്നെ നാടകം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പി.ജെ.യ്ക്കൊപ്പം നിന്ന് പഠിച്ചു. പി.ജെ.യുടെ ക്യാമ്പിൽ തന്നെ ധർമൻ നാടകം സംവിധാനം ചെയ്തു. അങ്ങനെ പി.ജെ.യുടെ ഇഷ്ടക്കാരനായി.
ചങ്ങനാശ്ശേരി 'ഗീഥ'യാണ് ധർമന്റെ തലവര മാറ്റിയെഴുതിയത്. അവിടെ 15 വർഷക്കാലം. നാടകലോകത്തെ നക്ഷത്രമായി നിന്ന ഗീഥയുടെ വിജയവഴി തെളിച്ചത് ധർമനായിരുന്നു. 18 അടി മാത്രം വലിപ്പമുള്ള അരങ്ങിൽ ദൃശ്യങ്ങൾ കൊണ്ട് അദ്ദേഹം വിസ്മയം തീർത്തു. നാടകത്തിന് പുതിയ ചട്ടക്കൂടുണ്ടായി. ശബ്ദവും വെളിച്ചവും ക്രമീകരിച്ച് പുതിയ നാടക രീതിതന്നെ അദ്ദേഹം ഒരുക്കി. മൈക്കിനു മുന്നിലേക്കു വന്ന് ഡയലോഗ് പറയുന്ന അരോചകമായ രീതി മാറ്റി. നടീനടന്മാരുടെ ചലനങ്ങളിൽ തന്നെ മാറ്റങ്ങൾ വരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ. നാടകപ്പാട്ടിന്റെ അവതരണത്തിലും അദ്ദേഹം സ്വന്തമായി ശൈലിയുണ്ടാക്കി.
12 നാടകങ്ങൾ വരെ ചെയ്ത വർഷമുണ്ടായിരുവെന്നു ധർമൻ പറയുന്നു. ധർമന്റെ ഡേറ്റിനു വേണ്ടി നാടക കമ്പനി മുതലാളിമാർ പരക്കംപാഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒട്ടുമിക്ക നാടക സമിതികൾക്കു വേണ്ടിയും അദ്ദേഹം നാടകം ചെയ്തു. കോട്ടയം നാഷണൽ, എറണാകുളം ഹരിശ്രീ, കൊല്ലം ഉപാസന, ആലപ്പുഴ മലയാള കലാഭവൻ, പൂഞ്ഞാർ നവധാര, കോഴിക്കോട് ചിരന്തന, ആറ്റിങ്ങൽ രഞ്ജിനി, കൊടുങ്ങല്ലൂർ സംസ്കാര, ചേർത്തല തപസ്യ ഇങ്ങനെ നിരവധി സമിതികളുടെ സ്ഥിരം സംവിധായകൻ കൂടിയായിരുന്നു ധർമൻ ചേട്ടൻ. പി.ജെ.യുടെ കാർക്കശ്യ നിലപാടുകളുമായാണ് ധർമൻ ചേട്ടൻ നാടക ലോകത്ത് സഞ്ചരിച്ചത്. നടീനടന്മാർക്ക് പേടിയായിരുന്നു ഈ ആശാനെ. എഴുതിയ നാടകം അതേപടി രംഗത്ത് അവതരിപ്പിക്കാനാവില്ലെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറയും. ചിലത് മാറ്റും. അവിടെയാണ് സംവിധായകന്റെ കല. നല്ല സംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങൾ പല തവണ അദ്ദേഹത്തെ തേടിയെത്തി.
എൺപത്തിയെട്ടിന്റെ പടിവാതിൽക്കലാണ് ധർമൻ ചേട്ടൻ. ഇപ്പോഴും മനസ്സ് നാടകത്തോടൊപ്പം. ഒരു വർഷം മുമ്പ് നാട്ടിലെ കലാകാരന്മാർക്കായി അദ്ദേഹം പുതിയ നാടകം ചിട്ടപ്പെടുത്തി. നാടക ലോകത്തെത്തിയിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞതായി ധർമൻ ചേട്ടൻ ഓർക്കുന്നു. ഇപ്പോൾ പള്ളുരുത്തിയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം.
Contet Highlihts: S.L Puram Award won by Dramatist Dharman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..