ഡൽഹിയിൽ നാടകം അവതരിപ്പിച്ച ശേഷം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനൊപ്പം അടൂർ ഭവാനി, അടൂർ ഭാസി, റോസ്‌കോട്ട് കൃഷ്ണപിള്ള(പിന്നിൽ വലത്തേയറ്റം) തുടങ്ങിയവർ
തിരുവനന്തപുരം: ഇളയമ്മയുടെ മകനും സമപ്രായക്കാരനുമായ അടൂര്‍ ഭാസിക്കൊപ്പമായിരുന്നു അന്തരിച്ച റോസ്‌കോട്ട് കൃഷ്ണപിള്ള കലയിലും സാഹിത്യത്തിലും തുടക്കംകുറിച്ചത്. ഇരുവരും സി.വി.രാമന്‍ പിള്ളയെന്ന മലയാള സാഹിത്യത്തിലെ വടവൃക്ഷത്തിന്റെ ചെറുമക്കള്‍. വഴുതയ്ക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് എതിര്‍വശത്തുള്ള റോസ്‌കോട്ട് വീട്ടിലെ അന്തരീക്ഷം അവര്‍ക്ക് പോഷകമായി. അടൂര്‍ ഭാസി അഭിനയത്തിലേക്കു തിരിഞ്ഞപ്പോള്‍, റോസ്‌കോട്ട് കൃഷ്ണപിള്ള വീട്ടുപേരിനൊപ്പം സി.വി.യുടെ പാരമ്പര്യം ചേര്‍ത്തുനിര്‍ത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സി.വി.യുടെ പ്രിയപ്പെട്ട ഗുരുനാഥനായിരുന്നു സ്‌കോട്ട്ലന്‍ഡുകാരനായ പ്രൊഫ. ജോണ്‍ റോസ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സി.വി. വീടിന് റോസ് കോട്ടേജെന്ന് പേരിട്ടത്. ഭാസിയും റോസ്‌കോട്ടും ജനിച്ചത് ഈ ബംഗ്ലാവിലായിരുന്നു. 1949-ല്‍ ആകാശവാണിയില്‍ ഡല്‍ഹിയില്‍നിന്നുള്ള മലയാള വാര്‍ത്തകളുടെ പ്രക്ഷേപണം ആരംഭിക്കുന്ന സമയത്തുതന്നെ റോസ്‌കോട്ട് അമരക്കാരനായിരുന്നു.
തലസ്ഥാനത്തെ നാടകവേദികളില്‍ തെളിഞ്ഞുനിന്ന ഭാസിയെ അദ്ദേഹം ആകാശവാണിയിലേക്കു നയിച്ചെങ്കിലും ഭാസി അഭിനയരംഗത്തേക്കു മടങ്ങി. ഒപ്പം ചേര്‍ന്ന അനന്തരവന്‍ ഗോപിനാഥന്‍ നായരാണ് പില്‍ക്കാലത്ത് പ്രശസ്തനായ വാര്‍ത്താവതാരകനായ ഗോപന്‍. വെണ്‍മണി വിഷ്ണു, മാവേലിക്കര രാമചന്ദ്രന്‍, ടി.എന്‍.സുഷമ, ശ്രീദേവി തുടങ്ങിയവരും അന്ന് ആകാശവാണിയിലുണ്ടായിരുന്നു.
ഡല്‍ഹിയില്‍ റോസ്‌കോട്ട് നയിച്ച നാടകപ്രവര്‍ത്തനത്തില്‍ നടന്‍ മധുവുള്‍പ്പെടെ നിരവധിപ്പേര്‍ പങ്കാളികളായിരുന്നു. എ.കെ.ജി.യുടെ ആവശ്യപ്രകാരം ഓംചേരി രചിച്ച 'ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു' എന്ന നാടകത്തില്‍ പ്രധാന വേഷം അദ്ദേഹം അവതരിപ്പിച്ചു. ഡല്‍ഹി മലയാളസമാജത്തിന്റെ ആഘോഷങ്ങളില്‍ കേരളീയ കലാരൂപങ്ങള്‍ അദ്ദേഹത്തിലൂടെ ഇടംപിടിച്ചു. സാമൂഹികം, ശാസ്ത്രം, സാഹിത്യനിരൂപണം, സംസ്‌കാരം തുടങ്ങി എല്ലാ മേഖലയിലും റോസ്‌കോട്ട് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ആദ്യകാല പത്രപ്രവര്‍ത്തകനായിരുന്ന റോസ്‌കോട്ട്, ഒരു പ്രമുഖ ചാനലില്‍ പത്രവിശേഷവും അവതരിപ്പിച്ചിരുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡംഗം, കേരള സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രനിഘണ്ടു റോസ്‌കോട്ടാണ് രചിച്ചത്.

'ധര്‍മരാജ' എന്ന നോവല്‍ സി.വി. പൂര്‍ത്തിയാക്കിയത് റോസ്‌കോട്ട് ബംഗ്ലാവിലായിരുന്നു. അദ്ദേഹമുപയോഗിച്ച ചാരുകസേര ഇപ്പോഴും പൂമുഖത്തുണ്ട്. ഇ.വി.കൃഷ്ണപിള്ളയും അടൂര്‍ ഭാസിയും താമസിച്ച, നൂറ്റാണ്ടു പഴക്കമുള്ള വീടിന്റെ പേരില്‍ പിന്നീട് അറിയപ്പെട്ടത് റോസ്‌കോട്ട് കൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റെ സഹോദരി സുശീലാ ബായിയാണ് ഇപ്പോള്‍ റോസ് കോട്ടേജില്‍ താമസിക്കുന്നത്. സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകാംഗമായ അദ്ദേഹം, സര്‍വീസില്‍നിന്നു വിരമിച്ച ശേഷം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചു.
തലസ്ഥാനത്ത് സി.വി.യുടെ ഒരു പ്രതിമ വേണമെന്ന ആഗ്രഹം ബാക്കിവച്ചാണ് റോസ്‌കോട്ട് മടങ്ങുന്നത്.
Content Highlights: Rosecot Krishnapillai life Adoor Bhasi CV Raman Pillai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..