മുസഫർ അൽ നവാബ് (Photo: twitter, AFP)
ബാഗ്ദാദ്: ഇറാഖി വിപ്ലവ കവി മുസഫര്‍ അല്‍ നവാബ് അന്തരിച്ചു. 88 വയസ്സായിരുന്നു.
1934ല്‍ ബാഗ്ദാദിലെ ഇന്ത്യന്‍ വംശജകുടുംബത്തില്‍ ജനിച്ച അല്‍ നവാബ് വളരെ ചെറുപ്പത്തില്‍ തന്നെ കല, കവിത, സംഗീതം എന്നിവയില്‍ ആകൃഷ്ടനായി. യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനു ശേഷം അധ്യാപകനായി ജോലി ചെയ്ത അദ്ദേഹത്തെ രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് പിരിച്ചു വിട്ടു.
കോളേജ് പഠനകാലത്തു തന്നെ അദ്ദേഹം ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ വേട്ടയാടല്‍ നേരിടേണ്ടി വന്നു. 1958ലെ ഇറാഖി വിപ്ലവത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അല്‍ നവാബിന് ജോലി ലഭിച്ചു. 1963ലെ കമ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. ഇറാനിലേയ്ക്കാണദ്ദേഹം കടന്നത്. അവിടെ ഇറാനിയന്‍ രഹസ്യ പൊലീസ് അല്‍ നവാബിനെ അറസ്റ്റ് ചെയ്തു. വലിയ പീഡനത്തിനിരയാക്കിയ ശേഷം ഇറാഖിലേയ്ക്ക് ബലം പ്രയോഗിച്ച് തിരിച്ചയച്ചു.
ഒരു കവിതയുടെ പേരില്‍ ഒരു ഇറാാഖി കോടതി അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയുണ്ടായി. പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. തുരങ്കത്തിലൂടെ ജയില്‍ ചാടിയ അല്‍ നവാബ് രഹസ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇറാഖിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കവികളിലൊരാളായാണ് മുസഫര്‍ അല്‍ നവാബ് വിലയിരുത്തപ്പെടുന്നത്. വിപ്ലവ കവി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

വിപ്ലവ കവിതകളാലും അറബ് ഏകാധിപതികളോടുള്ള എതിര്‍പ്പിനാലും ആണ് അല്‍ നവാബ് ജനപ്രിയനായത്. ജീവിതത്തിന്റെ നല്ലൊരു കാലം അദ്ദേഹം ഒളിവിലായിരുന്നു. സിറിയ, ഈജിപ്ത്, ലെബനോണ്‍, എറിത്രിയ എന്നീ രാജ്യങ്ങളിലായിരുന്നു ഒളിവ് ജീവിതം. 2011ലാണ് ഇറാഖില്‍ തിരിച്ചെത്തിയത്.
ആദ്യ സമ്പൂര്‍ണ്ണ അറബ് ഭാഷാ കവിതാ സമാഹാരം ദാര്‍ ഖന്‍ബര്‍ 1996ലാണ് പുറത്തിറങ്ങിയത്.
ഇറാഖിലെ ജനറല്‍ യൂണിയന്‍ ഓഫ് ലിറ്ററേച്ചര്‍ & ബുക്‌സിന്റെ ആസ്ഥാനത്തു നിന്നാരംഭിച്ച വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കവിതകളും വിപ്ലവ മുദ്രാവാക്യങ്ങളും പാടിയായിരുന്നു അദ്ദേഹത്തിന്റെ ഖബറടക്കം.
Content Highlights: Renowned Iraqi poet Muzaffar Al Nawab dies aged 88
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..