
തിരുവല്ല: 153 വർഷം മുമ്പ് അച്ചടിമഷി പുരണ്ട പുസ്തകം നിധിപോലെ രവികുമാറിന്റെ ശേഖരത്തിലുണ്ട്. മലയാള ഭാഷയറിയാത്ത തമിഴ് ബാലൻ തെരുവിൽ കൈയൊഴിച്ചുവിട്ട തടിയൻ പുസ്തകം; ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു. മംഗലാപുരത്തെ ബാസൽമിഷൻ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പ്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള ആദ്യത്തെ നിഘണ്ടു.
ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് മലയാളവിഭാഗം അധ്യാപകനായിരുന്നു കുന്നന്താനം ഇളങ്കൂറ്റിൽ കുടുംബാംഗമായ ഡോ. ബി. രവികുമാർ. 1985-ൽ മദ്രാസ് സർവകലാശാലയിൽ എംഫിൽ ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി നിഘണ്ടു കിട്ടുന്നത്. യൂണിവേഴ്സിറ്റിക്കടുത്ത് മൗണ്ട് റോഡിൽ തെരുവ് കച്ചവടം നടക്കുന്നയിടത്ത് പഴയപുസ്തകം വിൽക്കുന്ന പയ്യന് എങ്ങനെയോ കൈയിൽ കിട്ടിയതാണ് ഗുണ്ടർട്ടിന്റെ നിഘണ്ടു. കാലങ്ങളായിട്ടും ആരും വാങ്ങിയില്ല. ഒരുനാൾ, പുസ്തകം മറിച്ചുനോക്കിയ രവികുമാറിന് പണം വാങ്ങാതെ നിഘണ്ടു അവൻ കൈമാറി. ഭാരം ഒഴിവാക്കുകമാത്രമായിരുന്നു അവന്റെ ലക്ഷ്യമെന്ന് രവികുമാർ പറഞ്ഞു.
1116 പേജുകളാണ് നിഘണ്ടുവിനുള്ളത്. പുറംചട്ടയടക്കം ഒരുതാളിനും കാര്യമായ കേടുപാടുകൾ ഇപ്പോഴുമില്ല. 40 വർഷമായി പുസ്തകം രവികുമാറിന്റെ വീട്ടിലുണ്ട്. ഗവേഷക വിദ്യാർഥികളടക്കമുള്ളവർ പരിശോധനയ്ക്കായി നിഘണ്ടു തേടിവരുന്നുണ്ട്. ആദ്യപതിപ്പ് എത്രകോപ്പിയായിരുന്നുവെന്ന് വ്യക്തമല്ല. കേരളത്തിൽ എത്ര കോപ്പികൾ ഇപ്പോൾ അവശേഷിക്കുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല. ആദ്യപതിപ്പിന്റെ മറ്റ് കോപ്പികൾ ഇപ്പോൾ അവശേഷിക്കുന്നതായി അറിവില്ലെന്ന് രവികുമാർ പറയുന്നു. 1872-ൽ പുറത്തിറങ്ങിയ പതിപ്പിന്റെ 150-ാം വാർഷികം 2022-ൽ ഭാഷാസ്നേഹികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
Content Highlights: Ravikumar gets a very rare book from streets ad he keep it as treasure
Published: 23 Apr 2025, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented