മുസോളിനി, മുസോളിനി എടുത്ത ടാഗോർ ഫോട്ടോയുടെ കോപ്പി
ലോകം ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന രണ്ട് ഏകാധിപതികളാണ് 'നാസി പാര്‍ട്ടി' നേതാവും ജര്‍മ്മന്‍ ഭരണാധികാരിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറും 'ഫാസിസ്റ്റ് പാര്‍ട്ടി' നേതാവും ഇറ്റലിയുടെ ഭരണാധികാരിയുമായിരുന്ന മുസോളിനിയും. മുസോളിനിയുടെ ക്ഷണപ്രകാരം രവീന്ദ്രനാഥ ടാഗോര്‍ ഇറ്റലി സന്ദര്‍ശിച്ചത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സമാധാനപ്രേമികളായ സാമൂഹിക-സാംസ്കാരിക നേതാക്കളെയും ഭരണാധിപന്മാരെയും വേദനിപ്പിച്ച സംഭവമാണ്.
നോബല്‍ സമ്മാനം ലഭിച്ചതോടെ ലോക പ്രശസ്തനായി മാറിയ ടാഗോറിനെ എങ്ങനെയെങ്കിലും ഇറ്റലിയിലെത്തിച്ച് ഭരണത്തിനെതിരായ ലോകാഭിപ്രായം മാറ്റുകയായിരുന്നു മുസോളിനിയുടെ തന്ത്രം. ഇതിനുവേണ്ടി രണ്ട് പ്രശസ്തരായ പ്രൊഫസര്‍മാരെ മുസോളനി ഇന്ത്യയിലേക്ക് അയച്ചു. അവരുടെ പ്രേരണയിലാണ് 1926-ല്‍ ടാഗോര്‍ ഇറ്റലി സന്ദര്‍ശിച്ചത്.
രാജകീയ സ്വീകരണമാണ് ടാഗോറിന് ഇറ്റലിയില്‍ ലഭിച്ചത്. നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നു മുസോളിനി. ടാഗോറിന്റെ ഋഷിതുല്യമായ ശാന്തതയും തൂവെള്ളത്താടിയും തിളങ്ങുന്ന കണ്ണുകളും കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കാന്‍ മുസോളിനിക്കു മോഹമായി. ടാഗോര്‍ അതിന് അനുവാദം നല്കി. മുസോളിനി ഫോട്ടോയെടുത്തു. പിന്നീട് ആ ഫോട്ടോയുടെ പിന്നില്‍ മുസോളിനി തന്നെ ഒപ്പിട്ട ഏതാനും കോപ്പികള്‍ ടാഗോറിന് അയച്ചുകൊടുത്തു. അതിലൊരു ഫോട്ടോ കരസ്ഥമാക്കിയ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിജിയുടെ ശിഷ്യനും മുന്‍ മന്ത്രിയുമായ ജി.രാമചന്ദ്രന്, അത് നിധിപോലെ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ആ ഫോട്ടോ നെയ്യാറ്റിന്‍കരയിലെ 'മാധവി മന്ദിര'ത്തില്‍ സൂക്ഷിക്കുന്നുണ്ട്. അമൂല്യമായ ഈ ഫോട്ടോയുടെ പ്രിന്റ് എങ്കിലും കേരള യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം ചെയ്യാന്‍പോകുന്ന ലൈബ്രറി കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കുന്നത് കൗതുകമായിരിക്കും.
ജി.രാമചന്ദ്രന് ഈ ഫോട്ടോ കിട്ടിയത്, ദേശബന്ധു സി.എഫ്.ആന്ഡ്രൂസില്നിന്നാണ്. ഇതേപ്പറ്റി ജി.രാമചന്ദ്രന് അധികം ആളുകളോടും പറഞ്ഞിരുന്നുമില്ല. ഒരിക്കല്‍ കേരള യൂണിവേഴ്സിറ്റി ഒരു നോബല്‍ സമ്മാനാര്ഹന് സെനറ്റ് ഹാളില്‍ നല്കിയ സ്വീകരണവേളയില്‍ മുഖ്യാതിഥിയായിരുന്നു ജി.രാമചന്ദ്രന്. അദ്ദേഹം പ്രസംഗിക്കുന്നതിനിടയില്‍ പ്രസ് ഗാലറി ഭാഗത്തേക്കു നോക്കിയശേഷം, പത്രക്കാര് ഇല്ലാത്തതുകൊണ്ട് താന്‍ ഒരു രഹസ്യം വെളിപ്പെടുത്താമെന്ന് പറഞ്ഞു. അപ്പോഴാണ് മുസോളിനി എടുത്ത ഫോട്ടോയുടെ കാര്യം പറഞ്ഞത്. അതിലൊരു ഫോട്ടോ ആന്‍ഡ്രൂസിന് ടാഗോര്‍ നല്‍കിയെന്നും അദ്ദേഹത്തിന്റെ കൈയില്‍നിന്നും കെഞ്ചിവാങ്ങിയ ഫോട്ടോ നിധിപോലെ സൂക്ഷിക്കുകയാണെന്നും ജി.രാമചന്ദ്രന് പറഞ്ഞു. ഈ വിവരം പുറത്ത് അറിഞ്ഞാല്‍ കള്ളന്മാര് മോഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.
അടുത്ത ദിവസം ഒരു ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും ആ ഫോട്ടോ കോപ്പിചെയ്യാന്‍ നെയ്യാറ്റിന്‍കരയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഒരുവിധത്തിലും ഫോട്ടോയെടുക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. വളരെ നിര്ബന്ധത്തിനുശേഷമാണ് സമ്മതംമൂളിയത്.
അതേസമയം ഫ്രെയിം ഇളക്കി മുസോളിനിയുടെ കൈയ്യൊപ്പിന്റെ ചിത്രം എടുക്കാന്‍ അനുവദിച്ചതുമില്ല. അടുത്ത ദിവസം ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ വന്നു. പിന്നീട് ഈ ചിത്രം പല വാര്‍ത്താ മാധ്യമങ്ങളിലും സ്ഥാനംപിടിച്ചു. മുസോളിനി നേരിട്ട് എടുത്ത ചിത്രമെന്നതിനേക്കാള്‍, അദ്ദേഹം കൈയ്യൊപ്പും ചാര്ത്തിയിട്ടുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ മൂല്യം.
Content Highlights: Rare photo of Tagore taken by Mussolini in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..