'പച്ചക്കള്ളം പറഞ്ഞ് ഒരാളെ ഇല്ലാതാക്കാം എന്ന് വിചാരിക്കുന്ന വിഡ്ഢിയല്ല ഞാന്‍'- എം.എ ഷഹനാസ്


ഒരു പരിപാടിയില്‍ നിന്നെങ്കിലും അയാളെ ജനങ്ങള്‍ മാറ്റി നിര്‍ത്തിയെങ്കില്‍ അത് ഒരു സാധാരണക്കാരിയുടെ വിജയമാണ്. എന്റെ പരാതിയില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്തു എങ്കില്‍ അത് ഒരു പെണ്ണിന്റെ വിജയമാണ്.

എം എ ഷഹനാസ്

മാക്ബത്ത് ബുക്‌സ് പ്രസാധക എം.എ. ഷഹനാസ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരസ്യമായി മാധ്യമങ്ങളിലൂടെ മാപ്പു പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് എം.എ. ഷഹനാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. എന്തൊക്കെ നഷ്ടപ്പെട്ടാലും ആരൊക്കെ നാണം കെടുത്തിയാലും പൊരുതിത്തന്നെ മരിക്കാനാണ് തീരുമാനം എന്ന് അവര്‍ പറയുന്നു. നീതിയ്ക്കായി കയറിയിറങ്ങിയ ഇടങ്ങളും സാഹിത്യത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും അവഗണനകളും ഷഹനാസ് വിവരിക്കുന്നുണ്ട്. എം.എ.. ഷഹനാസിന്റെ ഫെയ്സ്ബുക്ക് പോ സ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

വി.ആര്‍. സുധീഷ് എന്ന വ്യക്തിയെക്കുറിച്ച് തന്നെയാണ്. നിലവില്‍ ഇതെഴുതുന്നതിന് വലിയ പ്രസക്തി ഉണ്ട്. അതായത് എം.എ ഷഹനാസ് എന്ന എന്റെ പേരില്‍ ഒരു കേസും ഇല്ല എന്നും ഞാന്‍ വി.ആര്‍ സുധീഷ് എന്ന വ്യക്തിക്ക് എതിരെ കൊടുത്ത കേസ് ഇന്നും നിലനില്‍ക്കുന്നു, അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ബഹുമാനപ്പെട്ട കോടതി സമന്‍സ് അയക്കുകയും ഞാന്‍ കോടതിയില് എത്തി 164 മൊഴി കൊടുക്കുകയും ചെയ്തു. എനിക്കെതിരെ കേസ് കൊടുത്തു എന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തുന്ന ആ മഹാനായ എഴുത്തുകാരന്‍ കൊടുത്തതായിട്ടുള്ള എന്ന് പറയപ്പെടുന്ന ഒരു കേസും നിലവിലോ അതിന് മുന്‍പോ ഉണ്ടായിട്ടില്ല എന്ന് പറയാന്‍ ആണ്. സത്യത്തെ അസത്യമാക്കാന്‍ ശ്രമിക്കുകയും അതിനു പ്രചാരണം കൊടുക്കുകയും ചെയ്യുന്ന ചിലര്‍ക്ക് വേണ്ടിയാണ്. ഞാന്‍ അത് വിട്ടെന്ന് കരുതുന്നവരോട് അത് വെറും തോന്നല്‍ മാത്രമാണ്. എന്തൊക്കെ നഷ്ടപ്പെട്ടാലും നിങ്ങളൊക്കെ എന്നെ എത്ര നാണം കെടുത്തിയാലും പൊരുതി തന്നെ മരിക്കൂ.ഞാന്‍ കൊടുത്ത കേസിന്‍ പ്രകാരമുള്ള വി ആര്‍ സുധീഷിന്റെ കേസില്‍ 164 മൊഴി കൊടുക്കാന്‍ ഞാന്‍ പോകുന്നത് കോഴിക്കോടിന്റെ ഹൃദയഭാഗത്തായുള്ള ആ പഴയ കോടതി വരാന്തയിലേക്ക് ആണ്.
ആ പഴയ മരത്തിന്റെ കോണി വലിയ ഒച്ചയോടെ തന്നെ ചവിട്ടിക്കയറി ഞാന്‍ മുകളില്‍ എത്തി. മരത്തിന്റെ ബെഞ്ച് വരാന്തയുടെ രണ്ട് സൈഡിലും ഇട്ടിട്ടുണ്ട്. അവിടെ ആരൊക്കെയോ ഇരിക്കുന്നത് അവ്യക്തമായി കാണുന്നുണ്ട്. എങ്കിലും അങ്ങോട്ടൊന്നും നോക്കാന്‍ തോന്നിയില്ല. എന്തൊക്കെയോ പറയാനുള്ളത് ഹൃദയത്തില്‍ നിന്ന് തള്ളി തള്ളി എന്നെ വലിയ ശക്തിയില്‍ ആണ് റോഡ് മുതല്‍ കോടതിയുടെ ആ വരാന്ത വരെ എത്തിച്ചത്. നൂല് പൊട്ടിയ പട്ടം പോലെ എനിക്ക് ഒരു ബലവും ഇല്ലാതെ യാന്ത്രികമായി നീങ്ങുന്ന പോലെ.
വലിയ മരംകൊണ്ട് ഉണ്ടാക്കിയ വാതിലിനടുത്ത് ചെന്ന് നിന്ന് ഞാന്‍ പറഞ്ഞു '164 കൊടുക്കാന്‍ വരാന്‍ പറഞ്ഞിരുന്നു. അതിനു സമയം തന്നിരുന്നു. അതിനായി വന്നതാണ്.
'ഇപ്പൊ വിളിക്കും അവിടെ ഇരുന്നോളൂ' മറുപടിയും കിട്ടി. അവിടെ ഒഴിഞ്ഞുകിടന്ന ഒരു ബെഞ്ചിലേക്ക് ഞാന്‍ എന്റെ കയ്യിലുള്ള പേപ്പറുകളും പിടിച്ച് വീഴുന്നത് പോലെ ഇരുന്നു. അതിനുശേഷം മാത്രമാണ് ചുറ്റിനും ശ്രദ്ധിച്ചത്.പക്ഷെ അവിടെ ഇരുന്ന എല്ലാവരും എന്നെ മാത്രം ശ്രദ്ധിച്ച്, നോക്കി നില്‍ക്കുകയായിരുന്നു. ഒരു പെണ്ണ് ഒറ്റയ്ക്ക് കോടതിയില്‍ കയറി വന്നത് തന്നെയാണു കാരണം.
എന്റെ മുന്നിലുള്ള ബെഞ്ചില്‍ ഒരു അമ്മയും മകളും ഇരിക്കുന്നു. അച്ഛന്‍ എന്നു തോന്നിക്കുന്ന ഒരാള്‍ അടുത്ത് നില്‍ക്കുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ ആ അച്ഛന്‍ എന്റെ അടുത്തേക്ക് വന്നു ഒരു ചെറിയ സന്തോഷത്തോടെ ചോദിച്ചു '164 കൊടുക്കാനാ?'
ഞാന്‍ ഉത്തരം പറഞ്ഞു.'അതേ.'
ഒരാള്‍ കൂടെ മൊഴി കൊടുക്കാന്‍ ഉണ്ടല്ലോ എന്ന ആശ്വാസം ആ മൂന്ന് മുഖങ്ങളിലും അപ്പോള്‍ ഉണ്ടായിരുന്നു. ഉരുണ്ടുകൂടി പെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്ന ആ മകള്‍ അമ്മയുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു.ആ കുട്ടിയുടെ അച്ഛന്‍ അവിടെ നിന്നു നീങ്ങി ആ കുട്ടിയുടെ അടുത്തേക്ക് പോയിരുന്നു.
അവളെ കൈകൊണ്ട് നീക്കി അദ്ദേഹത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു നിര്‍ത്തി. എന്നിട്ട് എന്നെ പതുക്കെ ചൂണ്ടിക്കാണിച്ച് അവ്യക്തമായി അദ്ദേഹം മകളോട് എന്തൊക്കെയോ പറയുന്നുണ്ട്. ചെറിയ ശബ്ദത്തില്‍ ആണെങ്കിലും എന്റെ ഹൃദയം കൊണ്ട് ഞാനത് കേട്ടു. 'നീ പേടിക്കാതിരിക്ക്, ആ പെണ്‍കുട്ടി ഒറ്റയ്ക്ക് വന്ന് ധൈര്യമായി ഇരിക്കുന്നത് കണ്ടില്ലേ! ' എന്നായിരുന്നു. ആ സമയത്ത് ആ കുട്ടി എന്നെ നോക്കിയപ്പോള്‍ എനിക്ക് അവളെ ഒന്ന് ചേര്‍ത്തു പിടിക്കാന്‍ തോന്നി.അത്രയ്ക്ക് ദയനീയമാണ് അവളുടെ ഇരുത്തം. അവിടെ നിന്ന് ഇറങ്ങിയോടാന്‍ അവള്‍ വല്ലാതെ കൊതിക്കുന്ന പോലെ.
പേടിയോടെ ചുറ്റിനും നോക്കുന്നു.

പക്ഷേ അതിനേക്കാള്‍ ആര്‍ത്ത് തിരയടിക്കുന്ന മനസ്സുമായിട്ടാണ് ഞാന്‍ ഇരിക്കുന്നത്. ജന്മപുണ്യം കൊണ്ട് ഉള്ളിലെ ഒരു പേടിയും പുറത്ത് ആര്‍ക്കും മനസ്സിലാവൂല. ചിരിയില്‍ എല്ലാം ഒളിപ്പിച്ചു വെയ്ക്കാന്‍ കാരണവന്മാരുടെ സുകൃതം കൊണ്ട് സാധിക്കാറുമുണ്ട്. ഉള്ളിലെ ആര്‍പ്പുവിളി ഒരാള്‍ക്കും ഒരിക്കലും മനസ്സിലാവാറില്ല.
ഏത് മോശമായ അവസ്ഥയും മനോഹരമായി ചിരിച്ചു കാണിച്ചുകൊണ്ട് മറച്ചുവയ്ക്കാന്‍ വളരെ ചെറുപ്പം മുതലേ പ്രാവീണ്യം നേടിയിട്ടുമുണ്ട്.
പിന്നീടാണ് മറ്റ് ബെഞ്ചിലേക്ക് നോക്കിയത് അവിടെ കുറേ ആണ്‍കുട്ടികളും, വലിയ വലിയ പുരുഷന്മാരും ഇരിക്കുന്നുണ്ട്. ഞാന്‍ തല താഴ്ത്തി എന്റെ മൊബൈലില്‍ കുത്തികുത്തി കൊണ്ടിരുന്നു. മൊബൈല്‍ കൈയില്‍ ഉള്ളതിനുശേഷം ഒറ്റപ്പെടല്‍ എന്താണ് എന്നറിഞ്ഞിട്ടില്ല. ഒരു പക്ഷെ അവരും എന്നെ നോക്കുന്നുണ്ടാവും. എനിക്ക് ദൂരക്കാഴ്ച ഇല്ലാത്തതുകൊണ്ട് അവരുടെ മുഖമോ എന്നെ നോക്കിയിട്ടുള്ള അവരുടെ മുഖഭാവമോ ഒന്നും വ്യക്തമായി കാണാന്‍ പറ്റിയില്ല. അത് ഒരു ഭാഗ്യമായി തന്നെ ആ നിമിഷങ്ങളില്‍ തോന്നി.
പണ്ടേതോ കാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ കോടതിയാണ് കോഴിക്കോട്ടെ പ്രശസ്തമായ ഈ കോടതി. വലിയ മരത്തിന്റെ ചവിട്ട് പടികള്‍.നാളത്തെ നീതി സംരക്ഷിക്കേണ്ട വക്കീലുകുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും കയറി ഇറങ്ങുന്ന ശബ്ദം. സിനിമകളിലൊക്കെ കണ്ടിട്ടുള്ള ഗോരോത്തി മദാമ്മയുടെ വീടുപോലെ ആ കോടതി തോന്നിപ്പിച്ചു.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം.
164 എന്ന് ചാനലുകളിലും പത്രങ്ങളിലും കണ്ടുംകേട്ടും ഉള്ള പരിചയം. കേസ് കൊടുത്തപ്പോള്‍ മുതല്‍ പലരും പല രീതിയില്‍ ചോദിക്കുന്ന പല കാര്യങ്ങളുണ്ട് ഉള്ളില്‍. അത് പലതും ഇതില്‍ നിന്ന് പിന്മാറാന്‍ കൂടി വേണ്ടിയായിരുന്നു. എത്രത്തോളം ഒരു സ്ത്രീയെ ആളുകള്‍ക്ക് മോശപ്പെടുത്താന്‍ പറ്റും? 'അവള്‍ ചീത്തയാണ് എന്ന് അടിച്ചേല്‍പ്പിക്കുന്ന വരെ?'
പക്ഷേ അതൊന്നും എനിക്ക് അങ്ങനെ തോല്‍ക്കാന്‍ തോന്നുന്ന കാര്യങ്ങള്‍ ആയിരുന്നില്ല.
'മോളെ കല്യാണം കഴിഞ്ഞതാണോ?'
ആ പെണ്‍കുട്ടിയുടെ അമ്മയുടെ ചോദ്യം.
എന്റെ ചിന്തകളില്‍നിന്ന് ഞാനുണര്‍ന്നു. പെട്ടന്ന് പറഞ്ഞു 'അതെ എനിക്ക് പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകളുണ്ട്.' പിന്നെയും അവര്‍ക്ക് ഒരു ദയനീയ ഭാവം എന്നെ നോക്കുമ്പോള്‍ ഉണ്ടായി.
അവര്‍ കരുതുന്നത് ഞാന്‍ എന്റെ ഭര്‍ത്താവിന് എതിരെ 164 പറയാന്‍ വന്നത് ആണ് എന്നും, ഒറ്റയ്ക്ക് ആണ് എന്നും ഒക്കെ ആണ്. ഞാന്‍ പെട്ടെന്ന് പറഞ്ഞു 'ഞാന്‍ എന്റെ ഭര്‍ത്താവിനു എതിരെ പരാതി പറയാന്‍ വന്നതല്ല. എന്റെ കുടുംബം നശിപ്പിക്കാന്‍ നോക്കുന്ന, പലരുടെയും കുടുംബം നശിപ്പിച്ച ഒരു സോഷ്യല്‍ വൈറസിനെ എതിരെയാണ് വന്നിരിക്കുന്നത്.'
ആ പാവം അമ്മ ഒന്നും മനസിലാവാതെ എന്നെ നോക്കി. പക്ഷെ അവര്‍ക്ക് എന്തോ എന്നോട് പറയാന്‍ കോണ്‍ഫിഡന്‍സ് ഉള്ളത് പോലെ തോന്നി.
'ഇവള്‍ക്ക് പേടിയാണ് മോളെ..'
'എന്തിന്?'
'എന്റെ മോള്‍ ഒരുപാട് അനുഭവിച്ചു. അവള്‍ക്ക് ആള്‍ക്കാരെ നോക്കാന്‍ തന്നെ പേടിയാണിപ്പോള്‍. എം ബി എ കഴിഞ്ഞു, ഞങ്ങള്‍ ആലോചിച്ച കല്യാണം തന്നെയാ അവള് കഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ പോയ അവള്‍ക്ക് ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയുമായുള്ള അയാളുടെ ബന്ധവും അതിന്റെ പേരില്‍ ഉണ്ടായ അവഗണനയും കിട്ടിയ അടികളും. വീട്ടില്‍ പറയും എന്നായപ്പോള്‍ റൂമില്‍ കെട്ടിയിട്ട് കൊല്ലാന്‍ നോക്കിയതും ഒക്കെ, ആ അമ്മ ഒരു കാലത്തെ തന്നെ അവളുടെ മുന്നില്‍ നിന്ന് എന്നോട് പറഞ്ഞു. ഇതൊക്കെ ഏറെ പരിചിതമാണ് നമ്മുടെ സ്ത്രീകള്‍ക്ക്. അതോണ്ടാവും എനിക്ക് ഒട്ടും പുതുമ തോന്നിയില്ല. പക്ഷെ അപ്പോഴും ഞാന്‍ ക്ലാസ്സ്‌റൂമില്‍ ഇരുന്ന് പഠിക്കുന്ന എന്റെ മകളെ ഓര്‍ത്ത് നെഞ്ച് പൊടിഞ്ഞുപോകുന്നത് അറിഞ്ഞു.

ഞാന്‍ അവളോട് പറഞ്ഞു:
'നീ ഇങ്ങോട്ട് ഇരിക്കൂ.
നീ എന്തിനാ പേടിക്കുന്നെ? 164 കൊടുക്കുന്നത് നമുക്ക് തുറന്ന് സംസാരിക്കാന്‍ ആണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ പറയാത്തത് പോലും ഇവിടെ തുറന്ന്പറയാന്‍ പറ്റും. വളരെ ആത്മാര്‍ത്ഥമായ ഇടപെടല്‍ മാത്രമേ ഉണ്ടാകൂ. എം ബി എ കഴിഞ്ഞ കുട്ടിയല്ലേ? നല്ല ജോലി നേടിയെടുക്കണം. പൊരുതി ജീവിക്കണം. മാത്രമല്ല നീ ഇന്ന് പൊരുതുന്നത് നാളെ ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനം ആവും. ഉറപ്പാണ്. നിനക്ക് ഉണ്ടായ ബുദ്ധിമുട്ട് നീ അല്ലാതെ മറ്റാരാണ് പറയുക? ആരാണ് നിന്റെ കൂടെ നില്‍ക്കുക?

നിനക്ക് അറിയാമോ എനിക്കു ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ നിരന്തരം എഴുത്തുകാരന്‍ വി ആര്‍ സുധീഷ് എന്നൊരാള്‍ എന്നെ ബുദ്ധിമുട്ടിച്ചപ്പോള്‍ ആണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടുന്നത്. അത് കണ്ടിട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു 'അവര്‍ എന്താ വിചാരിച്ചത് ഒരു എഫ് ബി പോസ്റ്റ് കൊണ്ട് വി ആര്‍ സുധീഷിനെ അങ്ങ് ഇല്ലാതാക്കാം എന്ന് അവള് വിചാരിച്ചോ? നടക്കില്ല 'എന്നാണ്.
അങ്ങനെ ഇല്ലാതാക്കാം എന്ന് ഞാനും വിചാരിച്ചില്ല. ഞാന്‍ ഇല്ലാതെയാവാതിരിക്കാനുള്ള ഒരു പിടച്ചില്‍ മാത്രമായിരുന്നു എന്റേത്.

അയാളുടെ കൂടെ പ്രഗല്‍ഭരായ ഒരുപറ്റം ആളുകള്‍ ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് ആണ് അദ്ദേഹത്തെ പൊക്കിപ്പിടിച്ചു ഇപ്പോഴും നടക്കുന്നത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ എല്ലാം അയാള്‍ക്കൊപ്പം നിന്നു. എന്നിട്ട് ഞാന്‍ പേടിച്ച് പിന്മാറിയോ? ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന പ്രസാധനശാലയിലെ ചെയര്‍മാനായ ഡോക്ടര്‍ എം കെ മുനീര്‍ എം.എല്‍.എ പോലും. അദ്ദേഹത്തിനൊപ്പം ജോലിയെടുക്കുന്ന സമയങ്ങളില്‍ എനിക്ക് സുധീഷ് എന്നു പറയുന്ന എഴുത്തുകാരനില്‍ നിന്ന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ എം കെ മുനീര്‍ എന്ന് പറയുന്ന എം.എല്‍.എയോട് പരാതിയായിട്ട് പോലും പറഞ്ഞിട്ടുണ്ട്. അതിന്റെ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ട്. എന്നിട്ടും അവിടെയും ഞാന്‍ ഒറ്റപ്പെട്ടു. പക്ഷേ നിനക്കറിയോ ഒരു പരിപാടിയില്‍ നിന്നെങ്കിലും അയാളെ ജനങ്ങള്‍ മാറ്റി നിര്‍ത്തിയെങ്കില്‍ അത് ഒരു സാധാരണക്കാരിയുടെ വിജയമാണ്. എന്റെ പരാതിയില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്തു എങ്കില്‍ അത് ഒരു പെണ്ണിന്റെ വിജയമാണ് ഇനി അദ്ദേഹത്തെ കോടതികളില്‍ എനിക്ക് കയറ്റുവാന്‍ സാധിക്കുന്നു എങ്കില്‍ അത് പാവപ്പെട്ടവരുടെ വിജയമാണ്.

പലയിടങ്ങളിലും വി.ആര്‍ സുധീഷിന് എതിരെ പരാതി കൊടുത്തവളുടെ സ്റ്റാള്‍ ആണെങ്കില്‍ പുസ്തകം വാങ്ങിക്കില്ല എന്നു പറഞ്ഞ് തിരുവനന്തപുരത്തെ പ്രമാണിയായ മഹേഷ് മാണിക്യത്തെ ഞാന്‍ നന്ദിയോടെ മാത്രമാണ് ആലോചിക്കാറുള്ളത്. മാഷ് എന്നോടു തെറ്റ് ഒന്നും ചെയ്തില്ലല്ലോ അതോണ്ട് മാഷിനോട് എനിക്ക് പരിഭവം ഒന്നുമില്ല എന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു. പിന്നീട് പങ്കെടുത്ത മേളകളില്‍ ഒക്കെയും ഒരുപാട് അവഹേളിക്കപ്പെട്ടു. എന്നോടു മിണ്ടാന്‍ വരുന്ന പുരുഷന്മാരോട് പെണ്ണുങ്ങള്‍ അടക്കം ഉള്ളവര്‍ 'സൂക്ഷിച്ചോ മീ ടൂസ് ആളാണ്' എന്ന് പറഞ്ഞു. മിണ്ടാനും ഇടപഴകാനും കൊള്ളില്ല എന്ന് പറഞ്ഞു. Macbeth വളര്‍ത്തിയത് ഈ വി.ആര്‍ സുധീഷ് ആണ് പോലും! അയാളുടെ ചവര്‍ പാട്ടെഴുത്ത് കൊണ്ട് വില്‍ക്കാതെ പോയ പുസ്തകം ഞാന്‍ കൂട്ടി വെച്ചിട്ടുണ്ട്. പിന്നെ പരിപാടികള്‍ ബഹിഷ്‌കരിച്ച് കല്പറ്റ നാരായണന്‍ മാഷ് വല്ലാതെ ചെറുതായി പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. സൗഹൃദത്തിന് നല്‍കുന്ന വില അധഃപതനം ആയിരുന്നു.

കേരളത്തില്‍ ഒരു എഴുത്ത്കൂട്ടം എന്ന് പറയുന്ന സഹിത്യസംഘടന ഉണ്ട്. മുസ്ലിം സ്ത്രീകളോട് അങ്ങേയറ്റം വിരുദ്ധത പേറുന്ന ഒരു വടയാര്‍ സുനില്‍ ആണ് അതിന്റെ മുതലാളി. പണ്ടൊരു യാത്രയില്‍ അയാളുടെ പെണ്‍ സുഹൃത്തിനെയും അയാളെയും വി ആര്‍ സുധീഷ് തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് അയാള്‍ എന്നോട് പറയുന്ന ഓഡിയോ ക്ലിപ്പും എന്റെ കൈയിലുണ്ട്. മാത്രമല്ല ആ എഴുത്തുകൂട്ടം എന്നുപറയുന്ന സാഹിത്യ ഗ്രൂപ്പിന്റെ കോഴിക്കോട് പ്രസിഡന്റ് ഞാനായിരുന്നു. ആ സമയത്ത് ഈ മഹാനായ എഴുത്തുകാരനെ ഗസ്റ്റായി ഒരു ചടങ്ങില്‍ വിളിക്കുകയും അതിന്റെ അവസാനത്തില്‍ മദ്യപിച്ച് ലക്ക് കെട്ട് അയാള്‍ എന്നോട് മോശമായി പരസ്യമായി സംസാരിക്കുകയും ചെയ്യുന്നതെല്ലാം കേട്ടുനിന്ന ആളുകളാണ് കോഴിക്കോട് എഴുത്തുകൂട്ടം സാഹിത്യ കൂട്ടായ്മ. ആ സമയത്ത് ഈ വടയാര്‍ സുനില്‍ എന്നു പറയുന്ന ആള് എന്നെ വിളിച്ച് 'എന്താണ് ഈ വി ആര്‍ സുധീഷ് ഇങ്ങനെ? 'എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ വന്നപ്പോള്‍ അദ്ദേഹത്തെ ആഘോഷമാക്കിയത് എഴുത്തുകൂട്ടവും ഈ വടയാര്‍ സുനിലുമാണ്. എന്നിട്ട് എനിക്കെന്ത് സംഭവിച്ചു?

നിനക്കറിയാമോ കേരളത്തിലെ സജീവമായി നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഞാന്‍. പലപ്പോഴും എഴുത്തുകാരായ ആളുകള്‍ നിഷ്പക്ഷരായി നില്‍ക്കുകയാണ് ചെയ്യാറുള്ളത്. കാരണം രാഷ്ട്രീയം പറഞ്ഞുകഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ പലപ്പോഴും നഷ്ടമാകും. എന്നാല്‍ ഒരു തുടക്കക്കാരി ആയിട്ട് പോലും എന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസാധകയും എഴുത്തുകാരിയുമായ എനിക്ക് എന്റെ പ്രസ്ഥാനത്തില്‍ നിന്ന് പോലും ഇക്കാര്യങ്ങളില്‍ നീതി കിട്ടിയിട്ടില്ല. എന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവരാണ് അദ്ദേഹത്തെ പല ആഘോഷ പരിപാടികളിലും ഉദ്ഘാടനത്തിനായി വിളിച്ചിട്ടുണ്ടായിരുന്നത്. അങ്ങനെ ഉള്ളതൊന്നും നഷ്ടങ്ങള്‍ അല്ല. സ്ത്രീകള്‍ക്ക് അങ്ങനെയാണ്. ആരുമുണ്ടാവില്ല നമ്മള്‍ അല്ലാതെ.

നമുക്ക് മാത്രമല്ല നമുക്ക് ശേഷം വരുന്ന ഓരോ സ്ത്രീക്കും നീതി ലഭിക്കണമെങ്കില്‍ നമ്മള്‍ ആദ്യം കനലായി എരിഞ്ഞേ മതിയാകൂ. നിലവില്‍ എന്റെ പേരില്‍ ഒരു കേസ് ഇല്ല. എന്നാല്‍ ആ വലിയ എഴുത്തുകാരന്‍ പറഞ്ഞുനടക്കുന്നത് എനിക്കെതിരെ അദ്ദേഹം കേസ് കൊടുത്തു എന്നാണ്. ഇത്രയ്ക്ക് പച്ചക്കള്ളം പറയുന്ന അദ്ദേഹത്തെപ്പോലുള്ളവരെ ആഘോഷിക്കപ്പെടുന്ന ഈ സമൂഹത്തില്‍ നമ്മള്‍ ഇങ്ങനെയെങ്കിലും നിവര്‍ന്നുതന്നെ മതിയാവൂ. പൊതു മധ്യത്തില്‍ നില്‍ക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എന്തെങ്കിലും ഒരു പച്ചക്കള്ളം പറഞ്ഞു ആരെയെങ്കിലും ഇല്ലാതാക്കാം എന്ന് വിചാരിക്കുന്ന ഒരു വിഡ്ഢിയല്ല ഞാന്‍. തെളിവുകള്‍ നിരത്തി തന്നെയാണ് സംസാരിക്കുന്നത്. അതുമായിട്ട് തന്നെയാണ് നിവര്‍ന്ന് നില്‍ക്കുന്നതും.
ഞാന്‍ ഒറ്റയ്ക്ക് വന്നത് ഇതൊക്കെ ഒറ്റയ്ക്ക് അനുഭവിച്ചു കനലായി എന്റെ ഉള്ളില്‍ എരിഞ്ഞു കൊണ്ടിരിക്കാന്‍ വേണ്ടിയാണ്. അതിനു വേണ്ടി മാത്രം.
ഓരോ പ്രതിസന്ധി തരണം ചെയ്യുമ്പോഴും ഉടച്ച് വാര്‍ക്കപെടുന്ന മനസ്സും ശരീരവും നല്‍കുന്ന ആത്മവിശ്വാസം ഉണ്ടല്ലോ. അത് വേറെ ലെവല്‍ ആണ്.
164 കൊടുത്ത് വളരെ ആത്മവിശ്വാസത്തോടെ ഇറങ്ങി വരുന്ന അവള് അടുത്തതായി കയറാന്‍ പോകുന്ന എന്റെ കൈ മുറുക്കി പിടിച്ചു 'പേടിക്കണ്ടട്ടോ'എന്ന് പറഞ്ഞ് ഒന്ന് ദീര്‍ഘശ്വാസം എടുക്കുന്നത് ഞാന്‍ നോക്കിനിന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അത് പേടിച്ചിട്ടോ സന്തോഷം വന്നിട്ടോ ഒന്നുമായിരുന്നില്ല. എന്റെ മകളെ ഓര്‍ത്തിട്ടായിരുന്നു.

എം എ ഷഹനാസ്.

Content Highlights: M.A Shahanas, V.R Sudheesh, Defamation, Sexual Harassment, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented