ശാന്തമായ മരണമാണ് ഇനിയുള്ള ഏറ്റവും വലിയ ആഗ്രഹം- പിറന്നാള്‍ ദിനത്തില്‍ സാനുമാഷ്‌


'വഴിതിരിഞ്ഞുപോയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ലോകം എനിക്കു പലതും തന്നിട്ടുണ്ട്.'

പ്രൊഫ.എം.കെ സാനു/ ഫോട്ടോ: ടി.കെ പ്രദീപ് കുമാർ

കൊച്ചി: ''കാഴ്ച കുറഞ്ഞു, കേള്‍വി കുറഞ്ഞു. ഇന്ദ്രിയങ്ങളെല്ലാം ക്ഷീണിച്ചുവരുന്നു...''ജന്മദിനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാനു മാഷിന്റെ ആദ്യ മറുപടി അതായിരുന്നു. വ്യാഴാഴ്ച 96-ാം പിറന്നാളിലെത്തുമ്പോള്‍ മലയാളത്തിന്റെ മുതിര്‍ന്ന ഗുരുനാഥനു പറയാന്‍ ഒന്നു കൂടിയുണ്ടായിരുന്നു: ''ജന്മദിനങ്ങളെല്ലാം കലണ്ടറിലെ ഓരോ അക്കങ്ങള്‍ മാത്രം. ഭൂമിയില്‍ ജീവിക്കുന്നിടത്തോളം മറ്റുള്ളവര്‍ക്കു ഗുണമാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിലാണ് കാര്യം. അതിനു സാധിക്കണമേയെന്നാണ് എന്നും പ്രാര്‍ത്ഥന''.

മലയാളത്തിന്റെ സാഹിത്യ, സാംസ്‌കാരിക ലോകങ്ങളില്‍ ഒരുപോലെ തിളങ്ങുന്ന നക്ഷത്രമായ പ്രൊഫ. എം.കെ. സാനു പിറന്നാള്‍ ദിനത്തിലും പതിവുപോലെ തിരക്കിലാണ്. വ്യാഴാഴ്ച രാവിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രഭാതഭക്ഷണ സല്‍ക്കാരം. ഉച്ചയ്ക്ക് എറണാകുളം ടി.ഡി.എം. ഹാളില്‍ കൊച്ചി പൗരാവലി സംഘടിപ്പിക്കുന്ന ജന്മദിന പരിപാടി. ഉച്ചകഴിഞ്ഞ് വീട്ടില്‍ ഒരുപാടുപേര്‍ സന്ദര്‍ശിക്കാനെത്തും.

95 പിറന്നാളുകള്‍ പിന്നിടുമ്പോള്‍ ജീവിതത്തെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നു ചോദിച്ചപ്പോള്‍ ശാന്തമായ പുഞ്ചിരി. ''എന്റെ ഇച്ഛയ്ക്കനുസരിച്ചു മാത്രമല്ല ഇതുവരെ ജീവിതം മുന്നോട്ടുപോയത്.

വഴിതിരിഞ്ഞുപോയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ലോകം എനിക്കു പലതും തന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഞാനും പലതും നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ത്രാസില്‍ വെച്ച് തൂക്കി നോക്കുമ്പോള്‍ ഞാന്‍ മറ്റുള്ളവര്‍ക്കു നല്‍കിയ തട്ട് താഴ്ന്നിരിക്കാനാണ് ആഗ്രഹം. അത് ഒരിക്കലും എളുപ്പമുള്ള ഒന്നാകില്ലെന്ന തിരിച്ചറിവും എനിക്കുണ്ട്''- അദ്ദേഹം പറഞ്ഞു.

കാഴ്ച കുറഞ്ഞുവരുന്നതിനാല്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ അങ്ങനെ വായിക്കാന്‍ പറ്റുന്നില്ല. പത്രവും വാരികകളുമൊക്കെ വലിയ കണ്ണട വെച്ച് വായിക്കാറുണ്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് തുടരുന്നുണ്ട്.

ഇതുവരെയുള്ള ജീവിതത്തിന്റെ തൃപ്തിയും ഇനിയുള്ള ആഗ്രഹവും എന്താണെന്നു ചോദിച്ചതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. ''ജീവിതം ഇവിടെ വരെയെത്തുമ്പോള്‍ ഇനിയും കുറച്ചുകൂടി എഴുതാമായിരുന്നെന്നു തോന്നിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇതുവരെ പ്രസംഗിച്ചതൊക്കെ ആവശ്യത്തിലധികമായിട്ടുണ്ട്. ഭാര്യ ഓര്‍മ നഷ്ടപ്പെട്ട് രോഗിയായി കിടക്കുന്നത് വലിയ സങ്കടമാണ്. ഇനി എത്രനാള്‍ ജീവിച്ചാലും പാലിയേറ്റീവ് പരിചരണം അടക്കമുള്ള കാര്യങ്ങളില്‍ ആകുന്നതു ചെയ്യണമെന്നു മോഹമുണ്ട്''. അല്പനേരം മൗനമായിരുന്ന ശേഷം അദ്ദേഹം പറഞ്ഞു, ''ഇനിയുള്ള ഏറ്റവും വലിയ ആഗ്രഹം ശാന്തമായ മരണമാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ ഈ ലോകത്തുനിന്നു കടന്നു പോകണം''.

Content Highlights: M.K Sanu, Kochi, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented