ആദ്യഘട്ടം 25 ലക്ഷം പതിപ്പുകൾ, 16 ഭാഷകള്‍, 165 കോടി അഡ്വാൻസ്! ഹാരിയുടെ 'സ്പെയർ' ഇറങ്ങി


ശൈശവംമുതല്‍ ഇതുവരെ രാജകുടുംബത്തില്‍ നേരിട്ട വിവേചനങ്ങളും അവഗണനകളും പ്രതിസന്ധികളുമാണ് 'സ്‌പെയറി'ലൂടെ ഹാരി വെളിപ്പെടുത്തുന്നത്.

ഹാരി രാജകുമാരൻ, പുസ്തകത്തിൻെറ കവർ

ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ, ലോകം കാത്തിരിക്കുന്ന ആത്മകഥ 'സ്‌പെയര്‍' പുറത്തിറങ്ങി.

'സ്‌പെയറി'ന്റെ ചില ഭാഗങ്ങള്‍ പുറത്തുവരുകയും ഉള്ളടക്കത്തെക്കുറിച്ച് ഹാരിതന്നെ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തതോടെ പുസ്തകം വില്‍പ്പനയില്‍ റെക്കോഡിടുമെന്നാണു കരുതുന്നത്. 38 വര്‍ഷമായി തന്റെ കഥ പലരും അവരുടേതായ രീതിയില്‍ പൊടിപ്പുംതൊങ്ങലും ചേര്‍ത്തുപറയുകയാണെന്ന് ബ്രിട്ടീഷ് ചാനലായ 'ഐ.ടി.വി.'യോട് ഹാരി പറഞ്ഞു. അതിനാലാണ് യഥാര്‍ഥകഥ സ്വയംപറയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യക്കാരേറിയതിനാല്‍ പ്രസാധകരായ റാന്‍ഡം ഹൗസ് വടക്കേ അമേരിക്കയില്‍മാത്രം 25 ലക്ഷം പതിപ്പുകള്‍ അച്ചടിച്ചിട്ടുണ്ട്. 416 പുറങ്ങളുള്ള ആത്മകഥ ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് തുടങ്ങി 16 ഭാഷകളിലിറങ്ങുന്നുണ്ട്. ഹാരിയുടെ ശബ്ദത്തിലുള്ള ഓഡിയോബുക്കുമുണ്ട്. സ്‌പെയിനില്‍ പുസ്തകം അബദ്ധത്തില്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

അമേരിക്കന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജെ.ആര്‍. മോറിങ്ങറുമായി ചേര്‍ന്നാണ് ഹാരി ആത്മകഥയെഴുതിയത്. പുസ്തകത്തിനുള്ള അഡ്വാന്‍സായി രണ്ടുകോടി ഡോളര്‍ (ഏകദേശം 165 കോടി രൂപ) ഹാരിക്ക് കിട്ടിയെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട്. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

പുസ്തകമിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അമേരിക്കയിലും ബ്രിട്ടനിലുമുള്ള വിവിധ ടി.വി. ചാനലുകള്‍ മത്സരിച്ച് അദ്ദേഹത്തിന്റെ അഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ബ്രിട്ടന്‍ രാജകുടുംബത്തെ അലോസരപ്പെടുത്തിയിരിക്കുന്നതിന് തൊട്ടുപിന്നാലെത്തന്നെയാണ് പുസ്തകം ജനങ്ങളിലേക്കെത്തുന്നത്.

ശൈശവംമുതല്‍ ഇതുവരെ രാജകുടുംബത്തില്‍ നേരിട്ട വിവേചനങ്ങളും അവഗണനകളും പ്രതിസന്ധികളുമാണ് 'സ്‌പെയറി'ലൂടെ ഹാരി വെളിപ്പെടുത്തുന്നത്.

ചാള്‍സ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മക്കളായ വില്യമിന്റെയും ഹാരിയുടെയും ഇടയിലുള്ള അസ്വാരസ്യത്തിന്റെ കഥകള്‍ നേരത്തേ പുറത്തുവന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുടെ രൂക്ഷത ഹാരിയുടെ ആത്മകഥയിലൂടെയാണ് ഇത്ര വ്യക്തമാകുന്നത്. അമേരിക്കന്‍ നടിയും വിവാഹമോചിതയുമായ മേഗന്‍ മാര്‍ക്കലിനെ താന്‍ വിവാഹം കഴിച്ചശേഷം സഹോദരനുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ചാണ് ഹാരിയുടെ തുറന്നെഴുത്ത്.

ആഫ്രോ-അമേരിക്കന്‍ വംശജയായ മേഗനെ 2018-ലാണ് ഹാരി വിവാഹം കഴിച്ചത്. മേഗനെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ നിറംപിടിപ്പിച്ചെഴുതി. കൊട്ടാരത്തിലും മേഗന്‍ വിവേചനം നേരിട്ടു. 2019-ല്‍ ലണ്ടനില്‍ ഹാരിയും മേഗനും താമസിച്ചിരുന്ന നോട്ടിങ്ങാം കോട്ടേജിലെത്തി വില്യം അനുജനെ കൈയേറ്റംചെയ്തു. കടുപ്പക്കാരി, മര്യാദയില്ലാത്തവള്‍, പരുക്കന്‍ സ്വഭാവക്കാരി എന്നൊക്കെ വില്യം മേഗനെ വിളിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ മേഗനെപ്പറ്റി പറയുന്നത് വില്യമും ഏറ്റുപാടുന്നുവെന്ന് ഹാരി പറഞ്ഞു. വാക്കേറ്റം കനത്തപ്പോഴാണ് ഹാരിയെ വില്യം തള്ളിത്താഴെയിട്ടത്. കുട്ടിക്കാലത്തെപ്പോലെ തിരിച്ചടിക്കാന്‍ വില്യം പറഞ്ഞു. ഹാരി അതു ചെയ്തില്ല. വില്യം തിരിച്ചുപോയി. പിന്നെ 'പശ്ചാത്താപമുള്ളവനെപ്പോലെ തിരിച്ചുവന്നു മാപ്പു പറഞ്ഞു'വെന്ന് ഹാരി എഴുതുന്നു. മെഗിനോട് (മേഗന്‍) ഇതെക്കുറിച്ചു പറയരുത് എന്നും പറഞ്ഞു. ഹാരി ഒന്നും മേഗനോടു പറഞ്ഞില്ല. പക്ഷേ, ശരീരത്തിലെ മുറിവുകളും പോറലുകളുംകണ്ട് അവര്‍ കാര്യം തിരക്കി. നടന്നത് ഹാരി പറഞ്ഞു. മേഗന് അദ്ഭുതം തോന്നിയില്ല. ദേഷ്യപ്പെട്ടുമില്ല. അവള്‍ വളരെ സങ്കടപ്പെട്ടുവെന്ന് ഹാരി എഴുതുന്നു.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ അധിക്ഷേപവും കൊട്ടാരത്തിലെ വിവേചനവും കാരണം, മകന്‍ ആര്‍ച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്നനിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ് കൊട്ടാരംവിട്ട് ഇപ്പോള്‍ യു.എസിലെ കാലിഫോര്‍ണിയയിലാണ് താമസം. ആര്‍ച്ചിയെ കൂടാതെ ലിലിബെറ്റ്, ഡയാന എന്ന മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്.

എലിസബത്ത് രാജ്ഞിയുടെ ചെല്ലപ്പേരാണ് ലിലിബെറ്റ്. രാജ്ഞിയോടും 1997-ല്‍ ദുരൂഹസാഹചര്യത്തില്‍ കാറപകടത്തില്‍ മരിച്ച അമ്മ ഡയാനയോടുമുള്ള സ്നേഹവും ഹാരി 'സ്‌പെയറി'ല്‍ പങ്കുവെക്കുന്നു.

ടെലിവിഷന്‍ അവതാരക ഒപ്ര വിന്‍ഫ്രിക്ക് 2021-ല്‍ നല്‍കിയ അഭിമുഖത്തിലും നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞമാസമിറങ്ങിയ 'ഹാരി ആന്‍ഡ് മേഗന്‍' എന്ന ഡോക്യുമെന്ററിയിലും രാജകുടുംബത്തില്‍ മേഗന്‍ നേരിട്ട വംശീയവിവേചനം ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. അതിലേറെ വിശദാംശങ്ങള്‍ നിറഞ്ഞതാണ് 'സ്‌പെയര്‍'.

ഡയാനയുടെ അഭിമുഖം
ഹാരിയുടെ ആത്മകഥ അമ്മ ഡയാന രാജകുമാരിയുടെ 1995-ലെ ബി.ബി.സി. അഭിമുഖത്തെ ഓര്‍മപ്പെടുത്തുന്നു. ആ അഭിമുഖത്തിലാണ് ചാള്‍സിന് കാമിലയുമായും (ഇപ്പോഴത്തെ ഭാര്യ) തനിക്ക് മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ ജെയിംസ് ഹ്യുവിറ്റുമായുമുള്ള ബന്ധത്തെക്കുറിച്ച് ഡയാന തുറന്നുപറഞ്ഞത്. ആ അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിലാക്കി. അതുപോലൊരു സാഹചര്യത്തിലേക്ക് 'സ്‌പെയര്‍' രാജകുടുംബത്തെ എത്തിച്ചേക്കും.

ഹാരി എന്ന സ്‌പെയര്‍

മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാള്‍ക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലേ രണ്ടാമത്തെയാള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രന്‍/പുത്രി പകരക്കാരന്‍ (സ്‌പെയര്‍) എന്നാണ് കൊട്ടാരവൃന്ദങ്ങളില്‍ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് 'സ്‌പെയര്‍' എന്നു പേരിട്ടത്.


Content Highlights: prince harry autobiography spare releasing today in 16 languages


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented