ഛായാമുഖി തന്റെ സ്വന്തം ബൗദ്ധികസ്വത്ത്‌ ; നര്‍ത്തകി ഗോപികാവര്‍മയ്‌ക്കെതിരെ പ്രശാന്ത് നാരായണന്‍


ഛായാമുഖി എന്ന പേര് ഞാന്‍ നല്‍കിയതാണ്. അതെന്റെ ബൗദ്ധികസ്വത്താണ്, ഒരു എഴുത്തുകാരന്‍, ഒരു കലാകാരന്‍ തുടര്‍ച്ചയായി ഇങ്ങനെ പറയേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.

പ്രശാന്ത് നാരായണൻ, ഗോപികാവർമ, ഛായാമുഖി നാടകത്തിൽ മോഹൻലാലും മുകേഷും

മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിച്ച 'ഛായാമുഖി' എന്ന കണ്ണാടി തന്റെ മാത്രം സര്‍ഗഭാവനയാണെന്ന് പ്രശസ്ത നാടകകൃത്തും എഴുത്തുകാനുമായ പ്രശാന്ത് നാരായണന്‍. മോഹന്‍ലാലും മുകേഷും പ്രമുഖ കഥാപാത്രങ്ങളായി അവതരിപ്പിച്ച നാടകമായ ഛായാമുഖി കേരള സംഗീതനാടകഅക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ഇപ്പോള്‍ ഛായാമുഖി എന്ന സങ്കല്പത്തിന്റെ ക്രെഡിറ്റ് നര്‍ത്തകിയായ ഗോപികാവര്‍മ തന്റെ മാത്രം സൃഷ്ടി എന്നപേരില്‍ അവകാശപ്പെടുന്നതിനെതിരെയാണ് പ്രശാന്ത് നാരായണന്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാന്താര എന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനം സംഗീതബാന്‍ഡായ തൈക്കുടംബ്രിഡ്ജിന്റ നവരസയില്‍ നിന്നും കോപ്പിയടിച്ചതാണെന്ന വിവാദം ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ് ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച മറ്റൊരു വിവാദം കൂടി ഉയര്‍ന്നുവന്നിരിക്കുന്നത്. പ്രശാന്ത് നാരായണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

'വളരെക്കാലമായി പറയണമെന്നു കരുതിയ ഒരു വിഷയം ഇവിടെ കുറിക്കുകയാണ്. എന്റെ നാടകങ്ങള്‍ കണ്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും എന്റെ പുസ്തകങ്ങള്‍ വായിച്ച് എന്നെ ചേര്‍ത്തുപിടിക്കുകയും ഒക്കെ ചെയ്തിട്ടുള്ള എല്ലാവരുടെയും മുന്നില്‍ ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ് എന്നും തോന്നുന്നു.ബഹുമാനപ്പെട്ട എം. എല്‍. എ സജി ചെറിയാന്‍ കലൈമാമണി ഗോപികാ വര്‍മ്മ അവതരിപ്പിക്കുന്ന നൃത്തരൂപം 'ഛായാമുഖി' യെക്കുറിച്ച് അദ്ദേഹത്തിന്റെ fb പേജില്‍ പോസ്റ്റിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് ഇതു പറയാതെ തരമില്ല എന്നു തോന്നിയത് എന്നുകൂടി പറയട്ടെ.എന്റെ ഛായാമുഖി എന്ന നാടകകൃതിയെക്കുറിച്ചും അതിന്റെ അരങ്ങവതരണങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. 2003-ല്‍ കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് കിട്ടിയിരുന്നു അതിന്. പ്രമുഖ നടന്‍ മോഹന്‍ലാലും, നടനും ബഹു. എം. എല്‍. എ യുമായ മുകേഷും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ ഒരു നാടകം കൂടിയാണത്. മോഹന്‍ലാല്‍ അരങ്ങില്‍ വരുന്നതിനു മുന്‍പ് പി. ജെ. ഉണ്ണിക്കൃഷ്ണന്‍ എന്ന പ്രമുഖ നാടകകാരന്റെ ഇടപെടലില്‍ കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രം എന്ന ശക്തമായ സി. പി. എം പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയാണ് ഈ നാടകം ആദ്യമായി അരങ്ങിലെത്തിക്കുന്നത്. അന്നും ആ നാടകം ധാരാളം കളിച്ചിരുന്നു. അതില്‍ കീചകന്റെ വേഷം അഭിനയിച്ച ശ്രീജിത്ത് രമണന് മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ശ്രീജിത്ത് രമണന്‍ ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എച്ച്.ഓ.ഡിയാണ്. അങ്ങനെ 2003-ല്‍ തന്നെ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഒരു നാടകമാണ് ഛായാമുഖി. മോഹന്‍ലാലും മുകേഷും അതില്‍ പ്രധാന വേഷങ്ങളിലഭിനയിച്ചതോടു കൂടി അത് കൂടുതല്‍ മീഡിയ അറ്റന്‍ഷന്‍ നേടുകയുണ്ടായി. അത് നാടകമേഖലയ്ക്കും ഗുണം ചെയ്തു എന്നതാണ് സത്യം.

മോഹന്‍ലാല്‍ അഭിനയിച്ച് ഈ നാടകം ശ്രദ്ധയാകര്‍ഷിച്ചതിനു ശേഷം മന:പൂര്‍വ്വമെന്ന പോലെ സോഷ്യല്‍ മീഡിയ വഴിയും യൂട്യൂബ് ചാനല്‍ വഴിയും മറ്റും ആരൊക്കെയോ ഇത് മഹാഭാരതത്തിലെ കഥാസന്ദര്‍ഭമാണ് എന്ന മട്ടില്‍ വന്‍തോതില്‍ പ്രചാരം നടത്താന്‍ തുടങ്ങി. പിന്നീട് ഇത് ഈ തെറ്റായ പ്രചരണം നടന്‍ വി.കെ ശ്രീരാമന്‍ തന്റെ fb accoutn-ല്‍ ഷെയര്‍ ചെയ്യുകയും വന്‍തോതില്‍ അത് വ്യാപിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മഹാഭാരതത്തില്‍ എവിടെയും ഛായാമുഖി എന്ന ഒരു മായക്കണ്ണാടി ഇല്ല. അതു പൂര്‍ണ്ണമായും എന്റെ സര്‍ഗ്ഗഭാവനയാണ്. എന്റെ ഭാവനയിലുണ്ടായ ഒരു മായക്കണ്ണാടിക്കഥ ഞാന്‍ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭത്തിലേക്ക് എടുത്തുവച്ച് ഒരു സൃഷ്ടി നടത്തുകയാണ് ഉണ്ടായത്. ഛായാമുഖി എന്ന പേര് ഞാന്‍ നല്‍കിയതാണ്. അതെന്റെ ബൗദ്ധികസ്വത്താണ്, ഒരു എഴുത്തുകാരന്‍, ഒരു കലാകാരന്‍ തുടര്‍ച്ചയായി ഇങ്ങനെ പറയേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.

മാത്രമല്ല ഛായാമുഖി എന്ന പേരും ആ മായക്കണ്ണാടിയുടെ കണ്‍സെപ്റ്റും ഉപയോഗിച്ച് ഗോപികാ വര്‍മ്മ എന്ന നര്‍ത്തകി ഒരു നൃത്തരൂപം കുറച്ചുനാളായി അവതരിപ്പിച്ചു വരുന്നുണ്ട്. അവര്‍ നൃത്തത്തിനു മുന്‍പായി ഇന്‍ട്രോ പറയുമ്പോള്‍ പറയുന്നത് ഇത് അവരുടെ കണ്‍സെപ്റ്റാണ് എന്നാണ്. അല്ലാതെ ഈ കണ്‍സെപ്റ്റിന്റെ യഥാര്‍ത്ഥ അവകാശിയായ എന്റെ പേര് ഒരു വാക്ക്‌കൊണ്ടുപോലും സ്മരിക്കുന്നില്ല എന്നതാണ് ലജ്ജാവഹം. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ഇത് ആ നര്‍ത്തകിക്കെതിരെ കേസ് പോലും കൊടുക്കാനാവുന്ന കാര്യമാണ്. സര്‍ക്കാര്‍ അവാര്‍ഡ് കിട്ടിയ ഒരു കൃതിയെ പോലും ഇങ്ങനെ ഉപയോഗിക്കുന്നല്ലോ. അതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കുന്നല്ലോ. ഈ സ്ഥാപനങ്ങളിലൊക്കെയും ഇരിക്കുന്നവര്‍ക്ക് ഇതെന്റെ സൃഷ്ടിയാണ് എന്ന് വ്യക്തമായി അറിയാം എന്നതാണ് ഏറെ സങ്കടകരം

അടുത്തിടെ ഇത് ഇതേ പേരില്‍ ഏതോ ഒരു കേരള വര്‍മ്മ ആട്ടക്കഥയായി ഇറക്കാന്‍ ശ്രമിച്ചു. അവിടെയും എനിക്ക് ക്രെഡിറ്റ് ഇല്ല. ഇപ്പോള്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ നൂറുകണക്കിന് കുറിപ്പുകളും വീഡിയോസും കാണാം ഛായാമുഖി മഹാഭാരതത്തില്‍ ഉണ്ട് എന്ന് പറഞ്ഞ്. ആരാണിതിനൊക്കെ പിന്നില്‍ എന്നറിയില്ല .

സര്‍ക്കാര്‍ വക സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഈ അനീതിക്ക് കൂട്ടുനില്‍ക്കരുത് എന്നു മാത്രം അഭ്യര്‍ത്ഥിക്കുന്നു. ബഹു. എം. എല്‍. എ സജി ചെറിയാനോടും എനിക്കിതാണ് ശ്രദ്ധയില്‍ പെടുത്താനുള്ളത്.

ഇത്രയും ശ്രദ്ധിക്കപ്പെട്ട, പുരസ്‌കരിക്കപ്പെട്ട ഒരു കൃതി പോലും ഇങ്ങനെ അപഹരിക്കപ്പെടുമ്പോള്‍, അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, മുപ്പതില്‍പ്പരം നാടകങ്ങള്‍ എഴുതുകയും ചെയ്ത ഒരു എളിയ കലാകാരനായ എനിക്ക് ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താതെ തരമില്ലാതെ വന്നിരിക്കുന്നു.'

Content Highlights: Chayamukhi, Prasanth Narayanan, Gopika Varma, Mohanlal,Mukesh, Intellectual Property


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented