.jpg?$p=430c1f1&f=16x10&w=856&q=0.8)
സർ സി.പി, പി.എൻ. പണിക്കർ
തിരുവനന്തപുരം: കേരള ഗ്രന്ഥശാലാസംഘത്തിന്റെ ചരിത്രം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി.യുടെ നിര്‍മിതിയാണെന്ന ആരോപണവുമായി മുതിര്‍ന്ന സി.പി.എം. നേതാവും ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളിയുടെ പുസ്തകം.
ഗ്രന്ഥശാലാസംഘം പിറവിയെടുത്തത് മലബാറിലാണ്. കെ. ദാമോദരനാണ് അതിന് നേതൃത്വം നല്‍കിയത്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന പി.എന്‍. പണിക്കര്‍, സര് സി.പി. രാമസ്വാമി അയ്യര്‍ നിയോഗിച്ച ജീവനക്കാരനായിരുന്നുവെന്നും പിരപ്പന്‍കോട് വെളിപ്പെടുത്തുന്നു.
1937 ജൂണ്‍ 11ന് കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു കേരളത്തിലെ സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ രൂപവത്കരണയോഗം നടന്നത്. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴയിലാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപവത്കരിക്കുന്നത്. സര് സി.പി.യാണ് അത് ഉദ്ഘാടനംചെയ്തത്. ഇത് കേരളത്തിലെ ആദ്യത്തെ സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ തുടക്കമായി അവതരിപ്പിച്ചത് സി.പി. വിധേയരായ ചരിത്ര(വിരുദ്ധ)കാരന്മാരും പിന്പാട്ടുകാരുമായ ബുദ്ധിജീവികളുമാണെന്ന് പുസ്തകത്തില്‍ പറയുന്നു.
ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത് ജോസഫ് മുണ്ടശ്ശേരിയാണെന്നാണ് പിരപ്പന്‍കോട് പറയുന്നത്.
അമ്പലപ്പുഴ പ്രൈമറി സ്കൂളില്‍ അധ്യാപകനായിരുന്ന പി.എന്‍. പണിക്കരെ 50 രൂപ അലവന്‍സും 30 രൂപ യാത്രപ്പടിയും നല്‍കിയാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ സെക്രട്ടറിയായി സര് സി.പി. നിയമിച്ചത്. മലബാറിലുണ്ടായ കേരളഗ്രന്ഥശാലാസംഘത്തെ തിരുവിതാംകൂറില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നിരോധിക്കുകയല്ല, തനിക്കനുകൂലമായ ഗ്രന്ഥശാലാസംഘത്തെ സൃഷ്ടിച്ച് കേരളമെന്ന ആശയത്തെത്തന്നെ തടയാനും സ്വതന്ത്ര തിരുവിതാംകൂര്‍ മോഹം സഫലമാക്കാനുമാണ് സര് സി.പി. ആഗ്രഹിച്ചത് പുസ്തകത്തില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..