മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിനേഴി ഒളപ്പമണ്ണമനയിൽ സംഘടിപ്പിച്ച സാഹിത്യോത്സവം കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു. കവയിത്രി വിജയലക്ഷ്മി, കെ.പി. ശങ്കരൻ, കവി പ്രഭാവർമ, ശ്രീദേവി ഒളപ്പമണ്ണ, മട്ടന്നൂർ ശങ്കരൻകുട്ടി, പ്രൊഫ. പി.എ. വാസുദേവൻ, ശ്രീക്കുട്ടി, ഹരി ഒളപ്പമണ്ണ എന്നിവർ സമീപം.
ചെര്‍പ്പുളശ്ശേരി: ഫ്യൂഡല്കാലഘട്ടത്തിന്റെ സംസ്കാരവിശേഷങ്ങളുടെ മാത്രം കവിയായിരുന്നില്ല ഒളപ്പമണ്ണയെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. നിത്യജീവിതത്തിലെ നിരീക്ഷണങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട തത്ത്വശാസ്ത്രമാണ് ഒളപ്പമണ്ണ കവിതകളുടെ കാതല്‍. യജ്ഞസംസ്കാരത്തിന്റെ ദര്ശനപരത സ്വാംശീകരിച്ച കവിയാണ് ഒളപ്പമണ്ണയെന്നും അദ്ദേഹംപറഞ്ഞു. വെള്ളിനേഴി ഒളപ്പമണ്ണമനയില്‍ രണ്ടുദിവസത്തെ ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലചന്ദ്രന് ചുള്ളിക്കാട്.
മലയാളകവിതയില്‍, ലളിതമായ കാവ്യഭാഷയില്‍ അസാധാരണ ബിംബാവലികള്‍ സൃഷ്ടിച്ച മഹാകവി ഒളപ്പമണ്ണയെ അടയാളപ്പെടുത്താന്‍ നിരൂപകര്‍ കരുതല്‍ കാണിച്ചില്ലെന്ന് അധ്യക്ഷന്‍ പ്രഭാവര്‍മ പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമിയും ദേവീപ്രസാദം ട്രസ്റ്റും ചേര്‍ന്നാണ് രണ്ടുദിവസത്തെ സാഹിത്യോത്സവത്തിന് വേദിയൊരുക്കിയത്. സംഘാടകസമിതി വൈസ് ചെയര്മാന് പി.എ. വാസുദേവന്‍ ആമുഖപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ കെ.പി. ശങ്കരനെ സ്വാഗതസംഘം ചെയര്മാന് കൂടിയായ കേരള സംഗീതനാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉപഹാരവും കീര്‍ത്തിപത്രവും നല്കി ആദരിച്ചു.
ഒളപ്പമണ്ണക്കവിതകളുടെ പ്രധാന നിരൂപകന്‍കൂടിയായ കെ.പി. ശങ്കരന്, കവയിത്രി വിജയലക്ഷ്മി, ഒളപ്പമണ്ണയുടെ സഹധര്‍മിണി ശ്രീദേവി ഒളപ്പമണ്ണ, ഹരി ഒളപ്പമണ്ണ, വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു.
അനശ്വരസ്മരണ പുതുക്കി...
ഒളപ്പമണ്ണമനയുടെ കാവ്യസംസ്കാരത്തിന്റെ അനശ്വരസ്മരണ പുതുക്കി മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദിയാഘോഷത്തിന് ഒളപ്പമണ്ണമനയില്‍ പ്രൗഢോജ്ജ്വല തുടക്കം.
ഒളപ്പമണ്ണയുടെ കുടുംബക്കാര്, അദ്ദേഹത്തിന്റെ നിരൂപകര്‍, ഒളപ്പമണ്ണക്കവിതയുടെ ഗവേഷകര്‍, ഒളപ്പമണ്ണയുടെ ഇഷ്ടകവികള്‍, ഒളപ്പമണ്ണ ഇഷ്ടപ്പെട്ടിരുന്ന കഥകളി, വാദ്യകലാകാരന്മാര്, പൗരാവലി തുടങ്ങിയവരുടെ ഒത്തുചേരല്കൊണ്ട് ധന്യമായ ആഘോഷാരംഭത്തിന് ഒളപ്പമണ്ണമനയും പൂമുറ്റത്ത് സജ്ജമാക്കിയ പന്തലും സാക്ഷിയായി.
ഒളപ്പമണ്ണയുടെ പേരക്കുട്ടി ശ്രീദേവി, 'ജ്വാലാനാളം' എന്ന ഒളപ്പമണ്ണക്കവിത ആലപിച്ചതോടെയാണ് ജന്മശതാബ്ദി സാഹിത്യോത്സവം ആരംഭിച്ചത്. ഒളപ്പമണ്ണയുടെ സഹധര്‍മിണി ശ്രീദേവി അന്തര്‍ജനവും മക്കളും മരുമക്കളും വേദിയിലുണ്ടായിരുന്നു. മഹാപ്രതിഭകള്‍ക്കൊപ്പം ഒട്ടേറെ വേദികള്‍ പങ്കിട്ട ഒളപ്പമണ്ണയുടെ ധന്യനിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രപ്രദര്‍ശനം ശ്രീദേവി ഒളപ്പമണ്ണ ഉദ്ഘാടനംചെയ്തു.
ഒളപ്പമണ്ണക്കവിതകള്‍ കോര്‍ത്തിണക്കി പാലാ കൈരളി ശ്ലോകരംഗം അവതരിപ്പിച്ച കാവ്യകേളിയില്‍ ഒളപ്പമണ്ണക്കവിതയുടെ സൗന്ദര്യം പ്രതിഫലിച്ചു.\
.jpg?$p=b7a63db&&q=0.8)
ഒളപ്പമണ്ണയെയും കവിതകളേയും അനുസ്മരിച്ച് പ്രഭാഷണങ്ങള്‍
'ഒളപ്പമണ്ണയിലെ വഴികാട്ടി' എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്, 'ഒളപ്പമണ്ണ-വ്യക്തിസ്മരണ' എന്ന വിഷയത്തില്‍ ആത്മാരാമന് എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. എം.ആര്. രാഘവവാരിയര്‍ അധ്യക്ഷനായി. 'ഒളപ്പമണ്ണക്കവിതകളിലെ നവോത്ഥാനമൂല്യങ്ങള്‍' എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്, 'ഒളപ്പമണ്ണയുടെ കുടുംബസങ്കല്പം' എന്ന വിഷയത്തില്‍ പദ്മദാസ് എന്നിവര്‍ പ്രഭാഷണംനടത്തി. കെ.വി. രാമകൃഷ്ണന് അധ്യക്ഷനായി.
ശനിയാഴ്ചയുടെ സായാഹ്നത്തെ സമ്പന്നമാക്കിയ കവിസമ്മേളനം റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്തു. പി.പി. രാമചന്ദ്രന് അധ്യക്ഷനായി. കരിമ്പുഴ രാമചന്ദ്രന്, ബി.കെ. ഹരിനാരായണന്, മാധവന് പുറച്ചേരി, പി.എന്‍. വിജയന്, ജ്യോതിഭായ് പരിയാടത്ത്, കെ.പി. ശൈലജ, എ.വി. വാസുദേവന്‍പോറ്റി തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.
Content Highlights: Olappamanna, Olappamanna Mana Literature Fest, Palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..