ഒളപ്പമണ്ണ | ഫോട്ടോ: മാതൃഭൂമി
ചെര്‍പ്പുളശ്ശേരി: മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള സാഹിത്യോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ നടത്തും. കേന്ദ്ര സാഹിത്യ അക്കാദമിയും ദേവീപ്രസാദം ട്രസ്റ്റും ചേര്‍ന്നാണ് പരിപാടികളൊരുക്കുന്നത്.
ഒളപ്പമണ്ണയെന്നാല്, കുന്തിപ്പുഴയും നിളാനദിയും മനയോല ചാര്‍ത്തിയ വള്ളുവനാടിന്റെ സ്വന്തം 'കാവുതമ്പുരാന്' ആയിരുന്നു; കാവ്യകൈരളിയുടെയും. പതിറ്റാണ്ടുകള്‍ക്കപ്പുറം എറണാകുളത്ത് കവിസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒളപ്പമണ്ണയെന്ന യുവകവിയോട് ചങ്ങമ്പുഴ ചോദിച്ചു:
''പുരത്തറമാഹാത്മ്യംകൊണ്ട് കവിതയിലേക്ക് കയറാംന്ന് വെച്ചിട്ടാണോ?'' ഒളപ്പമണ്ണയുടെ മറുപടി:
''എന്റെ പേരോണ്ട് പുരത്തറയ്ക്ക് ഗുണംണ്ടാവില്ല്യാന്ന് ആര് കണ്ടു?''
സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടെന്ന പേര് വെടിഞ്ഞ് കുടുംബനാമത്തെ സ്വകീയനാമമാക്കിയതിനോടാണ് ചങ്ങമ്പുഴ അല്പം പരിഹാസസ്വരത്തില്‍ ആരാഞ്ഞത്. ഒളപ്പമണ്ണയുടെ മറുപടിയില്‍ കുടുംബമഹിമയെച്ചൊല്ലിയുള്ള, അത് പേരിനോടൊപ്പം ചേര്‍ത്തതിലുള്ള അഭിമാനം പ്രകടമായിരുന്നു. അന്നത്തെ യുവകവിയാണ് മലയാളകവിതയുടെ ചരിത്രത്തില്‍ അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത പേരായി, മഹാകവി ഒളപ്പമണ്ണയായി മാറിയത്.
കഥകളിയുടെ ചരിത്രത്തില്‍ ഒളപ്പമണ്ണ മനയ്ക്കുള്ള സ്ഥാനം അതുല്യമാണ്. വേദം, സംസ്കൃതം, സാഹിത്യം, സംഗീതം, സമുദായനവോത്ഥാനം തുടങ്ങി എല്ലാ മേഖലകളിലും ഒളപ്പമണ്ണ മനയുടെ സംഭാവനകള്‍ കാണാം.
കവിയുടെ ജന്മവീട്, നാട്, ബാല്യം, വിദ്യാഭ്യാസം, സംസ്കാരം, വളര്‍ന്ന ദേശം, അവിടത്തെ സമൂഹം തുടങ്ങിയവയെല്ലാം ഒളപ്പമണ്ണയുടെ കാവ്യകലാരീതിയില് അലിഞ്ഞുചേര്‍ന്നതായി കാണാം. 'വീണ', 'ഇലത്താളം', 'തീത്തൈലം', 'പാഞ്ചാലി', 'നങ്ങേമക്കുട്ടി', 'ജാലകപ്പക്ഷി, 'വരിനെല്ല്', 'നിത്യകല്യാണി' തുടങ്ങി കൈരളിയെ ധന്യമാക്കിയ കൃതികളേറെ.
നമ്പൂതിരിമാര്‍ 'കാവുനമ്പൂതിരി'യെന്നും നാട്ടുകാര്‍ 'കാവുതമ്പുരാനെ'ന്നുമാണ് വിശേഷിപ്പിച്ചിരുന്നതെന്ന് ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യ മുന്‍ ചീഫ് എന്‍ജിനിയര്‍ തൃശ്ശൂരിലെ പാറമന നാരായണന് നമ്പൂതിരി പറഞ്ഞു. കവി ഒളപ്പമണ്ണയുടെ വല്യച്ഛന്റെ പേരക്കുട്ടി ഒ.എം.സി. നാരായണന് നമ്പൂതിരിപ്പാടിന്റെ മകന് ഡോ. ഒ.എന്‍. വാസുദേവന്റെ ഭാര്യ ശ്രീദേവി വാസുദേവന്‍ ഓര്‍ക്കുന്നു:
''62 വര്‍ഷംമുമ്പ്, മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്ന ഡോ. ഒ.എന്‍. വാസുദേവന്‍ 'കാവഫന്' (മഹാകവിയെ വിളിച്ചിരുന്നത് അങ്ങനെയാണ്) കാവ്യരൂപത്തില്‍ കത്തെഴുതുമായിരുന്നു. കുട്ടിക്കാലംമുതലേ അദ്ദേഹത്തിന് 'കാവഫ'നോട് അടുപ്പവും ആരാധനയും സ്നേഹവുമായിരുന്നു.
വിവാഹശേഷം അടുത്തടുത്ത് താമസം തുടങ്ങിയതോടെ കുടുംബങ്ങള്‍തമ്മില്‍ ബന്ധം കൂടുതല്‍ ദൃഢമായി.''
Content Highlights: olappamanna, poet, palakkad, olappamanna mana, literature fest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..