ഒളപ്പമണ്ണ | ഫോട്ടോ: മാതൃഭൂമി
പാലക്കാട്: മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷഭാഗമായുള്ള ദ്വിദിന സാഹിത്യോത്സവം ശനിയാഴ്ച തുടങ്ങും. വെള്ളിനേഴി ഒളപ്പമണ്ണമനയില്‍ കേന്ദ്ര സാഹിത്യ അക്കാദമിയും ദേവീപ്രസാദം ട്രസ്റ്റും ചേര്‍ന്നാണ് രണ്ടുദിവസത്തെ പരിപാടികള്‍ ഒരുക്കുന്നത്. 14-ന് 10-ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം പ്രഭാവര്‍മയുടെ അധ്യക്ഷതയില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാട് ഉദ്ഘാടനംചെയ്യും.
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ കെ.പി. ശങ്കരനെ ആദരിക്കും. ഒളപ്പമണ്ണയുടെ വിവിധ ചിത്രങ്ങളുടെ പ്രദര്‍ശനം, ശബ്ദമടങ്ങിയ വീഡിയോപ്രദര്‍ശനം എന്നിവയുണ്ടാകുമെന്നും സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ ഹരി ഒളപ്പമണ്ണ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാവ്യകേളിയും കവിസമ്മേളനവും കഥകളിയും
ഉദ്ഘാടനത്തിനുശേഷം പാല കൈരളി ശ്ലോകരംഗം, ഒളപ്പമണ്ണകാവ്യകേളി അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം എം.ആര്. രാഘവവാര്യരുടെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ 'ഒളപ്പമണ്ണയിലെ വഴികാട്ടി' എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണനും 'ഒളപ്പമണ്ണ: വ്യക്തിസ്മരണ' എന്നവിഷയത്തില്‍ ആത്മാരാമനും സംസാരിക്കും. തുടര്‍ന്ന്, കെ.വി. രാമകൃഷ്ണന് അധ്യക്ഷതവഹിക്കുന്ന സെമിനാറില്‍ ആലങ്കോട് ലീലാകൃഷ്ണനും പദ്മദാസും വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം പി.പി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍നടക്കുന്ന കവിസമ്മേളനം റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച 10-ന് കെ.സി. നാരായണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ വി. കലാധരന്‍, എന്‍.പി. വിജയകൃഷ്ണന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന്, ശിവന് നമ്പൂതിരിയുടെ അധ്യക്ഷതയിലുള്ള സെമിനാറാണ്. ഡോ. സി.എം. നീലകണ്ഠന്, ആര്യാട് സനല്‍കുമാര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയാണ്.
5.30-ന് പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠന് എം.പി.യുടെ അധ്യക്ഷതയില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയാകും. രാത്രി എട്ടിന് 'വള്ളത്തോള്‍ സമാധിയില്‍' എന്ന ഒളപ്പമണ്ണ കവിതയുടെ നൃത്താവിഷ്കാരം ഡോ. കലാമണ്ഡലം മായാരാജേഷ് അവതരിപ്പിക്കും. തുടര്‍ന്ന്, ഒളപ്പമണ്ണയുടെ ആട്ടക്കഥയായ 'അംബ' അവതരിപ്പിക്കും. നളചരിതം രണ്ടാംദിവസം, കിരാതം കഥകളികളും അരങ്ങിലെത്തും.
പത്രസമ്മേളനത്തില്‍ പദ്മദാസ്, എ.വി. വാസുദേവന്‍പോറ്റി, ഒ.എം. രാകേഷ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: Olappamanna poet, Palakkad, Olappamanna Mana, Literature fest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..