സേതു
കോഴിക്കോട്: എഴുത്തുകാരന്‍ സേതുവിന് 2022-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന്‍ ചെയര്‍മാനും നിരൂപകന്‍ പി.കെ രാജശേഖരന്‍, നോവലിസ്റ്റ് ആര്‍. രാജശ്രീ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം. വി. ശ്രേയാംസ് കുമാര്‍, ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
രചനകളില്‍ പല കാലത്ത് പലതായ എഴുത്തുകാരനായ സേതുവിന്റെ സൃഷ്ടികളുടെ ആധാരശ്രുതി എല്ലാക്കാലത്തും മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങളായിരുന്നു എന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. ജീവിതത്തിന്റെ ഭിന്ന മുഖങ്ങള്‍ ആവിഷ്‌കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. ജീവിതത്തിന്റെയും തൊഴിലിന്റെയും ബഹളമയമായ ഘോഷയാത്രയ്ക്കിടയിലും എഴുത്തിന്റെ ഏകാന്തലോകത്തെ കൈമോശംവരാതെ ചേര്‍ത്തുപിടിക്കാന്‍ സേതുവിന് സാധിച്ചെന്നും സമിതി നിരീക്ഷിച്ചു.
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ച സേതു നോവല്‍-കഥ വിഭാഗങ്ങളില്‍ 38 കൃതികള്‍ രചിച്ചിട്ടുണ്ട്. ക്രേന്ദ സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്.
പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പൂറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ടര്‍ക്കിഷ് എന്നിവയടക്കം എട്ടു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റംചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. ഭാര്യ: രാജി. മക്കള്‍: അനില്‍, രാജേഷ്.
Content Highlights: Novelist Sethu wins Mathrubhumi Literary Award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..