-
കണ്ണൂര്‍: ഉദയഗിരി അരിവിളഞ്ഞപൊയിലിലെ കുടിയേറ്റക്കര്ഷകന് ഫിഫ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ബെന്നി സെബാസ്റ്റ്യന്‍ കൃഷിയും കരാട്ടെയും പോലെത്തന്നെ പ്രിയങ്കരമാണ് വായന. കരാട്ടെ പഠിപ്പിക്കാനെത്തുന്ന കേന്ദ്രങ്ങളിലെല്ലാം റീഡേഴ്സ് ഫോറമുണ്ടാക്കുക, അവിടെ സാഹിത്യപാഠശാല സംഘടിപ്പിക്കുക എന്നിവ നിര്‍ബന്ധം.
തേര്‍ത്തല്ലിയിലെ നാലേക്കറില്‍ റബ്ബര്‍ ടാപ്പിങ്ങും തേങ്ങ പറിക്കലും പൊട്ടിച്ച് കൊപ്രയാക്കലും മറ്റും സ്വയംചെയ്യുന്നതിനു പുറമേയാണ് കരാട്ടെ സ്കൂളുകള്‍. 40 വര്‍ഷംമുമ്പ് പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാന്‍ തുടങ്ങിയതോടെയാണ് പുസ്തകപ്രണയത്തിന്റെ തുടക്കം. ആഴ്ചപ്പതിപ്പില്‍ നിരൂപണം ചെയ്യപ്പെടുന്നതും പരസ്യം കാണുന്നതുമായ പുസ്തകങ്ങള്‍ വാങ്ങാന്‍ അപ്പോള്‍ത്തന്നെ കണ്ണൂരിലേക്ക് ബസ് കയറും, തപാലില്‍ വരുത്തിക്കും. ബി.എ. പോളിറ്റിക്സിന് കറസ്പോണ്ടന്‍സ് കോഴ്സിന് ചേര്‍ന്നെങ്കിലും വായനമാത്രമാക്കി പരീക്ഷകളെ തിരസ്കരിച്ചു.
ആദ്യം ലൈബ്രറികളില്‍ നിന്ന് പുസ്തകമെടുത്തുതുടങ്ങി. വരുമാനമുണ്ടാക്കാന്‍ തുടങ്ങിയതോടെ വാങ്ങിത്തുടങ്ങി. കോവിഡ് കാലത്തുമാത്രം മുപ്പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ബെന്നിയുടെ ഗ്രന്ഥപ്പുരയിലെത്തിയത്.
ഷേക്സ്പിയറുടെയും സെര്വാന്റീസിന്റെയും ചരമദിനമായ ഏപ്രില്‍ 21-ന് ലോകപുസ്തകദിനം ബെന്നിയുടെ കരാട്ടെ സ്കൂളില്‍ കൊണ്ടാടാന്‍ തുടങ്ങിയത് 2016 മുതലാണ്. 2018-ല്‍ പുതിയ സാഹിത്യവായനക്കാര്ക്കായി പുതുപഥം എന്ന ജില്ലാതല ഗ്രൂപ്പ് തുടങ്ങി.
2019 ഏപ്രില്‍ രണ്ടിന് ലോകബാലപുസ്തകദിനവും കരാട്ടെ സ്കൂളില്‍ ആഘോഷിച്ചു. കോവിഡ് കാലത്ത് വായനാനുഭവങ്ങള്‍ പങ്കുവെക്കാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങി. ഏപ്രില്‍മുതല്‍ ഫെയ്സ്ബുക്ക് പേജും.
Content Highlights :News on karate master BennySebastian promotes reading
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..