ടി.പി.രാജീവൻ സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ സാഹിത്യകാരൻ എൻ.എസ്. മാധവൻ സംവിധായകൻ രഞ്ജിത്, യുവൻ ചന്ദ്രശേഖർ, ജോയ് മാത്യു, വി.കെ. ശ്രീരാമൻ എന്നിവർക്കൊപ്പം വേദിയിൽ
തിരുവനന്തപുരം: കലാവിഷ്കാരങ്ങളും പ്രഭാഷണങ്ങളും കവിതാവതരണങ്ങളുമൊക്കെയായി ടി.പി.രാജീവന് സ്മൃതിസംഗമമൊരുക്കി കൂട്ടായ്മ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ സംഗമിച്ചപ്പോള്‍ ഒരു പകല്‍ നീണ്ടുനിന്ന ഓര്മക്കൂട്ടായ്മയായി അതു മാറി. ചലച്ചിത്ര അക്കാദമി, ലളിതകലാ അക്കാദമി, യൂണിവേഴ്സിറ്റി കോേളജ് മലയാള ഗവേഷണക്കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അകാലത്തില്‍ പൊലിഞ്ഞ എഴുത്തുകാരന് ടി.പി.രാജീവന് അനുസ്മരണമൊരുക്കിയത്. സാഹിത്യകാരന് എന്‍.എസ്.മാധവന് പരിപാടി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ താത്പര്യങ്ങള്‍ക്കുവേണ്ടി മാത്രം ചിലപ്പോള്‍ ശബ്ദിക്കുകയും മൗനമാചരിക്കുകയും ചെയ്യുന്ന സാംസ്കാരികനായകരില്നിന്നു വ്യത്യസ്തനായിരുന്നു ടി.പി.രാജീവനെന്ന് എന്‍.എസ്.മാധവന് പറഞ്ഞു. പ്രാദേശിക സാംസ്കാരിക പൈതൃകങ്ങളെ തന്റെ എഴുത്തില്‍ അവതരിപ്പിച്ച് വിജയം നേടിയ ആളാണ് രാജീവന്. പരിസ്ഥിതിരാഷ്ട്രീയത്തിലും അദ്ദേഹം ശക്തമായ ഇടപെടലുകള്‍ നടത്തി. രാജ്യത്തിന്റെ പരിസ്ഥിതിക്ക് കോര്‍പ്പറേറ്റുകളാണ് കത്തിവയ്ക്കുന്നതെങ്കില് കേരളത്തില്‍ അത് പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളാണ് ചെയ്യുന്നത്.
പാറമട മാഫിയകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണികള്‍ കേരളത്തെ ഇല്ലാതാക്കുന്ന കാലം വിദൂരമല്ല. എഴുത്തിന്റെ ബഹുസ്വരതയാണ് ടി.പി.രാജീവന്റെ സാഹിത്യത്തിന്റെ പ്രത്യേകത. നോവലായാലും കവിതയായാലും ലേഖനമായാലും അത് വേറിട്ട ശബ്ദം കേള്‍പ്പിക്കുന്നു. മലയാളത്തില്‍ ഒ.വി.വിജയനും മാധവിക്കുട്ടിയും ഈ ജനുസില്‍പ്പെടുന്നവരാണ്- എന്‍.എസ്.മാധവന് പറഞ്ഞു.
ടി.പി.രാജീവന് സ്മൃതിയിലേക്ക് ചില പ്രശസ്തരായ എഴുത്തുകാരെ ക്ഷണിച്ചെങ്കിലും സമയമായപ്പോള്‍ അവരില്‍ ചിലര്‍ ഒഴിഞ്ഞുമാറിയതായി ചടങ്ങില്‍ അധ്യക്ഷനായ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു.
സംവിധായകരായ ഷാജി എന്‍.കരുണ്‍, ടി.വി.ചന്ദ്രന്, എഴുത്തുകാരായ ബാലചന്ദ്രന് ചുള്ളിക്കാട്, ഒ.പി.സുരേഷ്, നടന്മാരായ വി.കെ.ശ്രീരാമന്, ജോയ് മാത്യു, പി.സി.വിഷ്ണുനാഥ് എം.എല്‍.എ. തുടങ്ങിയവര്‍ സംസാരിച്ചു. രാജീവന്റെ അവസാനകാല കവിതകളുടെ സമാഹാരമായ 'നീലക്കൊടുവേലി' ചടങ്ങില്‍ പ്രകാശനം ചെയ്തു. രാജീവന് ആദരം ഒരുക്കി പ്രമുഖ ചിത്രകാരന്മാരുടെ സംഗമവും ചിത്രരചനയും നടന്നു. വിവിധ ചര്‍ച്ചകളില്‍ കല്‍പ്പറ്റ നാരായണന്, ഡോ. പി.കെ.രാജശേഖരന്, വി.ആര്.സുധീഷ്, റഫീക്ക് അഹമ്മദ്, മധുപാല്‍, ഷിബു ചക്രവര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: T.P Rajeevan, N.S Madhavan, V.K Sreeraman, Joy Mathew, Chullikkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..