സാഹിത്യ അക്കാദമി അവിടനല്ലൂർ കക്കാട് സ്മാരകത്തിൽ സംഘടിപ്പിച്ച സെമിനാർ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
ബാലുശ്ശേരി: എന്‍.എന്‍. കക്കാടിനെ ഓര്‍മിക്കുമ്പോള്‍ അദ്ദേഹമെഴുതിയ വരികള്‍ ഇന്നും എത്രമാത്രം പ്രസക്തമാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. കേരളസാഹിത്യ അക്കാദമിയും കക്കാട് സ്മാരക വായനശാലയും അവിടനല്ലൂരില്‍ സംഘടിപ്പിച്ച 'കക്കാടും മലയാളകവിതയിലെ ആധുനികതയും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഭീതിദമായകാലത്ത് നമ്മളില്‍ വലിയൊരുഭാഗം പുലര്‍ത്തുന്ന നിസ്സംഗതയെ ഓര്‍മിപ്പിക്കുന്ന വരികളാണ് കക്കാട് അന്നെഴുതിയത്. എത്രമാത്രം ദീര്‍ഘദര്‍ശിത്വത്തോടെയാണ് അദ്ദേഹമെഴുതിയതെന്ന് ഇന്നത്തെ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ കാണാന്‍ കഴിയും.
മലയാളകവിതയില്‍ പുതുവഴിവെട്ടിയ, അതിന്റെ ദിശാപരിണാമത്തില് നിര്‍ണായക പങ്കുവഹിച്ച കവിയാണദ്ദേഹം. പുതുവഴിവെട്ടുമ്പോഴുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച്, പുതുവഴി വെട്ടുന്നവര്ക്കുണ്ടാകാനിടയുള്ള ദുരിതങ്ങളെക്കുറിച്ച് കക്കാട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറുപതുകളില്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹചര്യത്തിലെ അസംതൃപ്തികളെക്കുറിച്ചെഴുതിയ അദ്ദേഹം എഴുത്തുകാരന്റെ മുന്നില്‍ എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യമുയര്‍ന്ന അടിയന്തരാവസ്ഥക്കാലത്ത് വ്യവസ്ഥയോടും ഭരണകൂടത്തോടും പൊരുത്തപ്പെട്ട് നിശ്ശബ്ദനായിരിക്കുകയോ ഭരണകൂടത്തെ വാഴ്ത്തുകയോചെയ്യാതെ അതിനോടു രൂക്ഷമായി പ്രതികരിച്ചു. ആ കാലത്തുനടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായും ജനാധിപത്യ ധ്വംസനത്തിനെതിരായും പൗരാവകാശ നിഷേധത്തിനെതിരായും പലരും സൗകര്യപൂര്‍വമായ നിശ്ശബ്ദത പാലിച്ചപ്പോള്‍ ആ നിശ്ശബ്ദതയെ അദ്ദേഹം കവിതകൊണ്ട് ഭഞ്ജിച്ചു.
കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷനായി. എഴുത്തുകാരനും നിരൂപകനുമായ സജയ് കെ.വി. 'കക്കാടിന്റെ ആധുനികത, എലിയറ്റിന്റെയും' എന്ന വിഷയത്തില്‍ അനുസ്മരണപ്രഭാഷണം നടത്തി. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ., കക്കാടിന്റെ മകന് ശ്യാം കക്കാട്, മുന്‍ എം.എല്‍.എ. പുരുഷന് കടലുണ്ടി എന്നിവര്‍ സംസാരിച്ചു. സി.പി. അബൂബക്കര്‍ സ്വാഗതവും സജിന്‍രാജ് കെ. നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം നടന്ന എന്‍.എന്‍. കക്കാടും പിന്മുറക്കാരും സെമിനാറില്‍ കെ.പി. രാമനുണ്ണി മോഡറേറ്ററായി. വിജു നായരങ്ങാടി, ഡോ. പി. സുരേഷ്, കെ. പ്രവീണ, ജി.കെ. അനീഷ്, കെ. ലസിത എന്നിവര്‍ സംസാരിച്ചു. വൈകീട്ടുനടന്ന കവിസമ്മേളനം കല്പറ്റ നാരായണന് ഉദ്ഘാടനംചെയ്തു. സി.പി. അബൂബക്കര്‍ അധ്യക്ഷനായി. വീരാന്‍കുട്ടി, മാധവന് പുറച്ചേരി, സോമന് കടലൂര്‍, ആര്യ ഗോപി, വിമീഷ് മണിയൂര്‍, വിജില, ശ്രീജിത്ത് അരിയല്ലൂര്‍, എം.പി. അനസ്, പി.ആര്. രതീഷ്, ഷിഫാന സലിം, അമ്മു ദീപ, വിനു നീലേരി, പ്രദീപ് രാമനാട്ടുകര, സക്കീര്‍ ഹുസൈന്, സുകുമാരന്‍ ചാലിഗദ്ദ, ഹാഷ്മി വിലാസിനി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..