മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം സാഹിത്യകാരൻ വൈശാഖൻ സാറാ ജോസഫിന് നൽകുന്നു. എഴുത്തുകാരായ കെ.പി. രാമനുണ്ണി, സുഭാഷ് ചന്ദ്രൻ എന്നിവർ സമീപം. | ഫോട്ടോ: മാതൃഭൂമി
പാലക്കാട്: അപരന്റെ അസാന്നിധ്യവും ഭൂതകാല ഓര്‍മകളും കഥകളില്‍ സന്നിവേശിപ്പിച്ച മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സ്മരണയില്‍ ജന്മനാട്ടിലൊരു സാംസ്‌കാരികസായാഹ്നം. കഥാകാരനായും അധ്യാപകനായും നടനായും സാംസ്‌കാരികമണ്ഡലത്തില്‍ നാടിന്റെ പേര് പതിപ്പിച്ച 'മുണ്ടൂരിന്റെ മാഷെ' ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ 18-ാം ചരമവാര്‍ഷികദിനത്തില്‍ മുണ്ടൂര്‍ കെ.എ.വി. ഓഡിറ്റോറിയത്തില്‍ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റ് സാഹിത്യപുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു.
കഥകളിലെ ഗ്രാമസ്പന്ദനങ്ങള്‍ക്ക് ആഗോളസ്വീകാര്യത ലഭിച്ചുവരുന്ന കാലമാണിതെന്ന് സ്മൃതിസമ്മേളനം ഉദ്ഘാടനം ചെയ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രാദേശികമനുഷ്യരുടെ സങ്കടങ്ങള്‍ ലോകമെമ്പാടും സാഹിത്യസൃഷ്ടികളില്‍ നിറയുകയാണ്. മലയാളത്തില്‍ ആധുനികകാലത്തും അതിന്റെ ദുര്‍ഗ്രഹതയില്‍പ്പെടാതെ ഗ്രാമീണമിടിപ്പുകള്‍ എഴുത്തില്‍ തുന്നിച്ചേര്‍ത്ത കഥാകാരനായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
മറ്റൊരാളെയും മൂന്നാമതൊരാളെയും ഓര്‍ക്കുന്ന കഥാകാരനെന്ന വിശേഷണമാണ് കഥാകൃത്ത് കെ.പി. രാമനുണ്ണി, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിക്ക് നല്‍കിയത്. ജീവിതത്തെ അഭിസംബോധന ചെയ്യുക മാത്രമായിരുന്നു എഴുത്ത്. അതിന്റെ പ്രയോജനങ്ങള്‍ക്ക് പിറകെ കൃഷ്ണന്‍കുട്ടി പോയില്ല-രാമനുണ്ണി പറഞ്ഞു. ഇരുളിലാണ്ടുപോകുന്ന സമയത്ത് കുഞ്ഞുവെളിച്ചത്തിന്റെ ദൗത്യം നിര്‍വഹിച്ച എഴുത്തുകാരനായിരുന്നു കൃഷ്ണന്‍കുട്ടിയെന്ന് കഥാകൃത്ത് വൈശാഖന്‍ പറഞ്ഞു.
പട്ടാമ്പി കോളേജിലെ അധ്യാപനകാലത്ത് നാടകപ്രവര്‍ത്തനങ്ങളില്‍ അതിഥിയായി മുണ്ടൂര്‍ മാഷ് വന്നത് സാറാ ജോസഫ് ഓര്‍മിച്ചെടുത്തു. സ്മാരക ട്രസ്റ്റും മുണ്ടൂര്‍ യുവപ്രഭാത് വായനശാലയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. വായനശാല വനിതാവേദി കണ്‍വീനര്‍ സിന്ധു ഏഴുവത്ത് സാറാ ജോസഫിനെ ആദരിച്ചു. മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത ക്യാഷ് അവാര്‍ഡ് നല്‍കി. ആദരപത്രവും ഫലകവും വൈശാഖന്‍ സമ്മാനിച്ചു.
വിഷ്ണുമായയുടെ കവിതാലാപനവും മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സഹോദരപുത്രി ചിത്ര അരുണിന്റെ ഗാനാലാപനവും മുണ്ടൂര്‍ ശൈലജാദേവിയുടെ ഓട്ടന്‍തുള്ളലും അരങ്ങേറി.
Content Highlights: Mundur Krishnankutty, Sarah Joseph
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..