മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'എം.ടി.: മാതൃഭൂമിക്കാലം' എന്ന പുസ്തകം കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ എഴുത്തുകാരൻ എം. മുകുന്ദൻ സുഭാഷ് ചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ. വിശ്വനാഥ്, സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ്, ഗ്രന്ഥകാരൻ എം. ജയരാജ് എന്നിവർ സമീപം
കോഴിക്കോട്: എം.ടി. എന്ന പത്രാധിപരില്ലായിരുന്നെങ്കില് മലയാളത്തില്‍ ആധുനികതയെത്താന് വൈകിയേനെ എന്ന് എഴുത്തുകാരന് എം. മുകുന്ദന് അഭിപ്രായപ്പെട്ടു. എം. ജയരാജ് രചിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 'എം.ടി.: മാതൃഭൂമിക്കാലം' എന്ന പുസ്തകം സുഭാഷ് ചന്ദ്രന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനികതയുടെ ആശയങ്ങളുമായും എഴുത്തുരീതികളുമായും മലയാളികളെ സമരസപ്പെടുത്തിയത് എം.ടി.യാണെന്ന് മുകുന്ദന് പറഞ്ഞു. 'പുറംലോകത്ത് ആധുനികതയുടെ ആശയങ്ങള്‍ പ്രവഹിക്കുന്ന കാലമായിരുന്നു അത്. അത് സ്വാംശീകരിക്കാന്‍ ആഴവും പരപ്പുമുള്ള വായനമാത്രമായിരുന്നു ആശ്രയം. അദ്ദേഹം അത് അടുത്തറിഞ്ഞു. ആ ശൈലിയില്‍ എഴുതിയില്ലെങ്കിലും ആ ആശയലോകം മലയാളത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഞങ്ങളുടെ തലമുറയിലേക്ക് പകര്‍ന്നുതന്നു. ശീര്‍ഷകങ്ങള്‍ മാറ്റിയും തെറ്റുകള്‍ തിരുത്തിയും എഡിറ്റ് ചെയ്തും ഞാനുള്‍പ്പെടെയുള്ള എഴുത്തുകാരുടെ തലമുറയെ അദ്ദേഹം വളര്‍ത്തി. സംസാരത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് എം.ടി. ജീവിക്കുന്നത്. എഴുത്തുകാരനെന്ന നിലയില്‍ എം.ടി.യോടും മാതൃഭൂമിയോടും തീരാത്ത കടപ്പാടുണ്ട്' മുകുന്ദന് പറഞ്ഞു.
എഴുത്തിന്റെയും എഴുത്തുകാരന്റെയും അന്തസ്സിന്റെ നിലവാരം നിശ്ചയിച്ച ആളാണ് എം.ടി.യെന്ന് സുഭാഷ് ചന്ദ്രന് പറഞ്ഞു. മലയാളത്തില്‍ അതിനെ മറികടന്ന മറ്റൊരാളില്ല. തരംകിട്ടിയാല്‍ ചവിട്ടിത്താഴ്ത്താന്‍ കാലുകളുയര്ത്തുന്ന വാമനന്മാര്ക്കിടയില് ചെയ്യാനുള്ളത് ചെയ്ത് നിശ്ശബ്ദം കടന്നുപോകുന്നയാളാണ് അദ്ദേഹമെന്നും സുഭാഷ് ചന്ദ്രന് പറഞ്ഞു.
കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ് അധ്യക്ഷനായി. അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥ്, ഗ്രന്ഥകര്‍ത്താവ് എം. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..