മോഹൻലാൽ, വിസ്മയ
കോഴിക്കോട്: ഈ വാലന്റൈന്‍സ് ദിനത്തില്‍ വായനക്കാര്‍ക്ക് സമ്മാനമായി പെന്ഗ്വിന് ബുക്സ് പുറത്തിറക്കുന്നത് നടന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം 14 മുതല്‍ പുസ്തകശാലകളിലെത്തും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ പുസ്തകം പ്രകാശനം ചെയ്തു.
വിസ്മയയുടെ കവിതകള്‍ വായിക്കുമ്പോള്‍ തനിക്ക് ജാപ്പനീസ് ഹൈക്കു കവി ബാഷോയെ ഓര്മ വരുന്നതായി പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ മോഹന്‍ലാല്‍ കുറിച്ചു. ബാഷോയെപ്പോലുള്ള ഇതിഹാസകവികളുടെ ദര്‍ശനങ്ങള്‍ വിസ്മയയെ വഴിനടത്തട്ടെ എന്നും മോഹന്‍ലാല്‍ ആശംസിച്ചു.
ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്.
പത്തും പതിനഞ്ചും വരികളുള്ള കവിതകള്മുതല് ഒറ്റവരി കവിതകള്‍വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂര്‍ത്തമായ ആശയങ്ങളുമെല്ലാം കുറുങ്കവിതകളായി നിറയുന്നു.
ഒരു കവിത ഇങ്ങനെ:
'എന്റെ മനസ്സ്
ഒരു അമൂര്‍ത്ത ചിത്രംപോലെ
എന്റെ ചിന്തകള്‍
ആദിയില്ലാത്തവ
മധ്യേ എവിടെയോ കുരുങ്ങിപ്പോയവ
ഞാന്‍ ഒരു വൃത്തത്തില്‍ കറങ്ങുന്നു
നിറങ്ങളില്‍ നീരാടുന്നു
അതെ, രുചികരമായ ഒരു അലങ്കോലപ്പെടല്‍...'
ഓരോ കവിതയുടെയും ഭാവങ്ങള്‍ക്കനുസരിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
'മനുഷ്യവികാരങ്ങളുടെ പുഴയിലൂടെയുള്ള സഞ്ചാരം' എന്നാണ് പെന്ഗ്വിന് ബുക്സ് പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കവയിത്രി റോസ് മേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പുസ്തകം 'മാതൃഭൂമി ബുക്സ്' പുറത്തിറക്കും.
ആമുഖമെഴുതി മോഹന്‍ലാല്‍
വിസ്മയയുടെ കവിതകള്‍ വായിക്കുമ്പോള്‍ എനിക്ക് ജാപ്പനീസ് ഹൈക്കു കവി ബാഷോയെ ഓര്‍മവരുന്നു. അര്‍ഥത്തെക്കാള്‍ ചിന്തയുടെ വിചിത്രമായ പ്രകാശനമാണ് ഈ കവിതകളില്‍. യാത്രയും ലക്ഷ്യവും തമ്മില്‍ വേര്തിരിക്കാനാവാത്തവിധത്തിലുള്ള ചിന്തയുടെ ഒരു അരുവി. ചിത്രങ്ങളും അതുപോലെതന്നെ. ബാഷോയെപ്പോലുള്ള ഇതിഹാസകവികളുടെ ദര്‍ശനങ്ങള്‍ എന്റെ മകളുടെ ചിന്തകളെയും വാക്കുകളെയും വഴിനടത്തേണമേ എന്നും അവളുടെ പ്രചോദനങ്ങളുടെ ഉറവയാവണേ എന്നുമാണ് എന്റെ പ്രാര്‍ഥന.
(പുസ്തകത്തിനെഴുതിയ ആമുഖത്തില്‍നിന്ന്)
Content Highlights: Mohanlal unveils daughter’s book Grains of Stardust
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..