സുഭാഷ് ചന്ദ്രൻ
കൊച്ചി: അര്‍ഥങ്ങള്‍ മാറിയ വാക്കുകള്‍ സംസ്കാരത്തിലും സമൂഹത്തിലും ഇടപെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രശസ്ത സാഹിത്യകാരന് സുഭാഷ് ചന്ദ്രന്. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പിനു മുന്നോടിയായി മേഖലാതല പ്രഭാഷണ പരമ്പര എറണാകുളം സെയ്ന്റ് തെരേസാസ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഭാഷയും ഭാവനയും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. രാജ്യത്തിനകത്തും പുറത്തുമായി നൂറിലധികം സ്ഥലങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളുടെ ഉദ്ഘാടനം കോഴിക്കോട്ട് 21-ന് ശശി തരൂരാണ് നിര്‍വഹിച്ചത്.
''മനുഷ്യജീവിതത്തിന് വെളിച്ചമായി മാറേണ്ട സത്യമെന്നും ധര്മമെന്നുമുള്ള വാക്കുകള്‍ക്ക് വന്നുപെട്ട വിപര്യയത്തെ കുറിച്ച് അറിഞ്ഞ ഗുരുനാഥന്മാര് നമ്മുടെ ദേശത്തിനുണ്ട്. സ്വജീവിതം കൊണ്ട് മനുഷ്യാന്തസ്സിനെ കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തിയ ശ്രീനാരായണ ഗുരുദേവനെ കേരളത്തിന്റെ ഗുരുനാഥനായി എന്തുകൊണ്ടാണ് അംഗീകരിക്കാത്തതെന്ന് നാം സ്വയം ചോദിക്കേണ്ടതാണ്''.
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നാണ് ആലുവയിലെ സര്‍വമത സമ്മേളന വേദിക്കു മുന്നില്‍ ശ്രീനാരായണ ഗുരു എഴുതിവെച്ചതെന്ന് സുഭാഷ് ചന്ദ്രന് ഓര്‍മിപ്പിച്ചു.
ഒരു കാലത്ത് ധര്‍മം ശരണം ഗച്ഛാമിയെന്ന് ഉരുവിട്ട് ദാനാദി ധര്മങ്ങളാല് വിശപ്പടക്കിയിരുന്ന ആരാധ്യരായ ബുദ്ധഭിക്ഷുക്കളില്നിന്നാണ് ധര്മക്കാരന് എന്ന വാക്ക് ഉണ്ടായത്. കാലം മാറിയപ്പോള്‍ ധര്‍മം മലിനമായ വാക്കും ധര്മക്കാരന് ഭിക്ഷക്കാരനുമായി മാറി-സുഭാഷ് ചന്ദ്രന് പറഞ്ഞു.
''ഭാവനയും സാഹിത്യവും ദേശങ്ങളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഭാവനയിലൂടെ സനാതന സത്യത്തെ അവതരിപ്പിച്ച വാത്മീകി, വായനക്കാരുടെ ഉള്ളില്‍ സത്യധര്‍മാദികളുടെ സംസ്കാര രൂപവത്കരണമാണ് ഉദ്ദേശിച്ചത്. ഭാരതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി ആ ഇതിഹാസം മാറി. ഈ ഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഒരു പാര്‍ട്ടി ഇന്ത്യ ഭരിക്കുന്നതെന്ന കാലവിപര്യയം വന്നു - സുഭാഷ് ചന്ദ്രന് പറഞ്ഞു.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ അല്‍ഫോണ്‍സ വിജയ ജോസഫ് സ്വാഗതം പറഞ്ഞു.
മാനേജര്‍ സിസ്റ്റര്‍ ഡോ. വിനീത, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് എന്നിവര്‍ സംസാരിച്ചു. ഗ്ലോബല്‍ അക്കാദമി ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ സുഭാഷ് ചന്ദ്രന് ഉപഹാരം നല്കി. ഗ്ലോബല്‍ അക്കാദമിയാണ് പരിപാടിയുടെ പ്രായോജകര്‍.
ഫെബ്രുവരി 2, 3, 4, 5 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് 'മാതൃഭൂമി' അക്ഷരോത്സവം.
Content Highlights: Subhashchandran, ST. Therasa's College, Mathrubhumi, Mbifl 4th Edition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..