ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: സാഹിത്യത്തിന്റെയും ചിന്തയുടെയും കലയുടെയും സംസ്‌കാരത്തിന്റെയും ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ജുഗല്‍ബന്ദിയായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം എഡിഷന്‍ എല്ലാവിധ വൈവിധ്യത്തോടെയും അണിയറയില്‍ ഒരുങ്ങുന്നു. 2023 ഫെബ്രുവരി 2,3,4,5 തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമായി അഞ്ഞൂറിലധികം പ്രതിഭകള്‍ പങ്കെടുക്കും. സാഹിത്യം, ചിന്ത, കല, സംസ്‌കാരം, സിനിമ, സംഗീതം, മാധ്യമം, സാമൂഹികം, രാഷ്ട്രീയം, ആത്മീയത, സാമ്പത്തികം, നയതന്ത്രം, കായികം തുടങ്ങി സമസ്തതലങ്ങളെയും സ്പര്‍ശിക്കുന്ന വ്യത്യസ്തമായ സംവാദങ്ങള്‍ നാലുദിവസങ്ങളിലായി അക്ഷരോത്സവത്തെ സര്‍ഗസമ്പന്നമാക്കും. 'ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്റെ കേന്ദ്രപ്രമേയം.
എല്ലാ വൈകുന്നേരങ്ങളിലും വ്യത്യസ്തമായ കലാപരിപാടികള്‍ അരങ്ങേറും. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരും ഇന്ത്യയിലെ വ്യത്യസ്തമായ പ്രാദേശിക ഭാഷകളിലെ എഴുത്തുകാരും പ്രശസ്തരായ പരിഭാഷകരും സംവാദങ്ങളില്‍ പങ്കെടുക്കാനും പ്രഭാഷണങ്ങള്‍ നടത്താനുമായി തിരുവനന്തപുരത്ത് എത്തും. മലയാളത്തില്‍നിന്ന് എം.ടി. വാസുദേവന്‍നായര്‍, ടി. പത്മനാഭന്‍, സി. രാധാകൃഷണന്‍, സക്കറിയ, എന്‍. എസ്. മാധവന്‍, സച്ചിദാനന്ദന്‍, സേതു, സാറാജോസഫ്, കെ.ജി.എസ്, കല്പറ്റ നാരായണന്‍, സി.വി. ബാലകൃഷ്ണന്‍, ബെന്യാമിന്‍, വിജയലക്ഷ്മി, സുനില്‍ പി. ഇളയിടം, ആര്‍. രാജശ്രീ തുടങ്ങി വലിയൊരു നിര എഴുത്തുകാര്‍ അക്ഷരോത്സവത്തില്‍ പങ്കെടുക്കും.
കവിതയും കഥയും നോവലും നിരൂപണവും യാത്രാവിവരണവുമെല്ലാം പലപല സെഷനുകളിലെ സംവാദങ്ങളില്‍ നിറയും. കാവ്യപാരായണങ്ങളും കഥാവായനകളുമുണ്ടാവും. രജിസ്ട്രേഷന്‍ വഴിയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്കുള്ള പ്രവേശനം.
നൂറുദേശങ്ങള്‍, നൂറുപ്രഭാഷണങ്ങള്‍ തുടരുന്നു: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ കേളികൊട്ടായ 'നൂറ് ദേശങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍' പ്രഭാഷണപരമ്പര ഇന്ത്യക്കകത്തും പുറത്തുമായി വിവിധസ്ഥലങ്ങളില്‍ തുടരുന്നു. വ്യത്യസ്തവിഷയങ്ങളില്‍ പ്രശസ്തരായവര്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എല്ലായിടത്തും വന്‍ജനാവലിയാണ് എത്തിച്ചേരുന്നത്. കേരളത്തിലെ വിവിധ കോളേജുകളിലും പ്രഭാഷണ പരമ്പര അരങ്ങേറുന്നു. കോഴിക്കോട് കടപ്പുറത്തെ കള്‍ച്ചറല്‍ ബീച്ചില്‍ നവംബര്‍ 22-ന് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ പാട്രണ്‍കൂടിയായ ശശി തരൂരാണ് പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തത്
Content Highlights: Mbifl 2023 M.T Vasudevan Nair, T.Padmanabhan, KGS, Satchidanandan, R>Rajasree, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..