മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ്-2022 സാഹിത്യമത്സരത്തിലെ വിജയികൾ ടി. പത്മനാഭനും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിനും അസിസ്റ്റന്റ് എഡിറ്റർ സുഭാഷ് ചന്ദ്രനുമൊപ്പം.
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പ് കഴിഞ്ഞ വർഷം നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിലെ വിജയികൾക്ക് കഥാകൃത്ത് ടി. പത്മനാഭൻ കാഷ് അവാർഡും പ്രശംസാപത്രവും സമ്മാനിച്ചു. 1969 മുതൽ മലയാളത്തിലെ സർഗധനരായ യുവഎഴുത്തുകാരെ കണ്ടെത്താനായി വിഷുക്കാലത്ത് നടത്തുന്ന സാഹിത്യമത്സരത്തിന് ഇക്കുറി ആഴ്ചപ്പതിപ്പിന്റെ നവതിവർഷം പ്രമാണിച്ച് കൂടുതൽ സമ്മാനമേർപ്പെടുത്തിയിരുന്നു. കഥയിലും കവിതയിലുമായി 14 പേരാണ് പത്മനാഭനിൽനിന്ന് സമ്മാനം ഏറ്റുവാങ്ങിയത്.
കല്ലിലോ മരത്തിലോ ഒരു ശില്പം നിർമിക്കാൻ ഒരു ശില്പി പുലർത്തുന്ന അതേ സൂക്ഷ്മത, എഴുത്തുകാർ ഭാഷയിലും കാണിക്കണമെന്ന് പത്മനാഭൻ പറഞ്ഞു. സിദ്ധി മാത്രമല്ല, അധ്വാനവും എഴുത്തിൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് ടി. പത്മനാഭൻ എല്ലാ മംഗളവും നേർന്നു.
വിഷുപ്പതിപ്പ് മത്സരത്തിൽ കഥാവിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ എം. ദിൽദാറിന് 25,000 രൂപയും പ്രശസ്തിപത്രവും ടി. പത്മനാഭൻ സമ്മാനിച്ചു. പ്രോത്സാഹനസമ്മാനം നേടിയ പി.എസ്. ദീപേന്ദു, ഗോകുൽഗോപൻ, ഓസ്റ്റിൻ സാജൻ, അഖിൽ പി. ഡേവിഡ്, കെ.എസ്. ആർദ്ര എന്നിവർ 10,000 രൂപവീതവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. ചന്ദ്രമതി, വി.ജെ. ജെയിംസ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരായിരുന്നു കഥാമത്സരത്തിന്റെ വിധികർത്താക്കൾ.
കവിതാ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കെ. വിഷ്ണുമോഹന് 25,000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു. പ്രോത്സാഹനസമ്മാനം നേടിയ സി.എം. ശ്രീജയ, ജി.എസ്. പ്രിയംവദ, കൃഷ്ണനുണ്ണി ജോജി, കെ.ടി. അനസ് മൊയ്തീൻ, എ.എം. സുപ്ത, വി.എസ്. മുഹമ്മദ് ജുനൈദ്, ബി.പി. പഞ്ചമി എന്നിവർ 10,000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സച്ചിദാനന്ദൻ, പി.പി. രാമചന്ദ്രൻ, അനിതാ തമ്പി എന്നിവരായിരുന്നു കവിതാവിഭാഗം വിധികർത്താക്കൾ.
ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി വി.പി. ജോയ്, സുഭാഷ് ചന്ദ്രൻ, പി.കെ. പാറക്കടവ്, ശ്രീകല മുല്ലശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.
Content Highlights: mathrubhumi vishuppathippu award distribution, t padmanabhan, mathrubhumi weekly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..