എം. മുകുന്ദൻ
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതിയുടെ ധന്യതയില്‍ വിഷുപ്പതിപ്പ് സാഹിത്യമത്സര വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. 2021-ല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കഥ, കവിത മത്സരങ്ങളില്‍ വിജയിച്ചവരാണ് കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ എം. മുകുന്ദനില്‍നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്.
സാഹിത്യം പഠിച്ചവര്‍ മാത്രമല്ല, ഐ.ഐ.ടി.ക്കാരും എന്‍ജിനിയര്‍മാരുമൊക്കെ എഴുത്തിലേക്ക് കടന്നുവരുന്നത് നല്ല കാര്യമാണെന്ന് മുകുന്ദന് പറഞ്ഞു. 21-ാം വയസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'വീട്' എന്ന കഥയ്ക്ക് 25 രൂപയാണ് പ്രതിഫലം ലഭിച്ചത്. ഇന്ന് സാഹിത്യമത്സര വിജയികള്‍ക്ക് 25,000 രൂപയാണ് സമ്മാനം. ആഴ്ചപ്പതിപ്പിന്റെ 90 വര്‍ഷത്തെ ചരിത്രം ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രം കൂടിയാണ്- അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചാലേ എഴുത്തുകാരായി അംഗീകാരം ലഭിക്കൂ എന്ന സ്ഥിതിയുണ്ടായത് ആഴ്ചപ്പതിപ്പിന്റെ വിശ്വാസ്യത കാരണമാണ്. പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതില്‍ ആഴ്ചപ്പതിപ്പ് കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്. മാതൃഭൂമി തുറന്നിട്ട വാതിലിലൂടെ രംഗത്തുവന്നവരാണ് ഇന്നത്തെ പ്രസിദ്ധരായ മിക്ക എഴുത്തുകാരും. എഴുത്തിനെയും എഴുത്തുകാരെയും ഇത്രകണ്ട് തിരിച്ചറിയുന്ന കേരളത്തെപ്പോലെ മറ്റൊരു ദേശമില്ല. പുതിയ എഴുത്തുകാര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. എളുപ്പമല്ല ആ യാത്ര. അസാധ്യവുമല്ല. തനിക്കൊപ്പം എഴുതിത്തുടങ്ങിയവരില്‍ ചിലര്‍ വഴിയില്‍ കുഴഞ്ഞുവീണു. അവരെക്കുറിച്ചുള്ള ഓര്‍മയും വ്യസനവും എന്നുമുണ്ടെന്നും മുകുന്ദന് പറഞ്ഞു.

സമ്മാനവിതരണച്ചടങ്ങ് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ഉദ്ഘാടനംചെയ്തു. തനിമയും മൂല്യങ്ങളും കൈവിടാതെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടാണ് ആഴ്ചപ്പതിപ്പ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിലും സംസ്കാരത്തിലും മാത്രമല്ല, മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ആഴ്ചപ്പതിപ്പ് നിലപാടെടുത്തു. സൈലന്റ്വാലി, എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട വിഷയങ്ങളിലൂടെ പാരിസ്ഥിതിക അവബോധമുണ്ടാക്കാനുള്ള ഇടപെടലുകള്‍ നടത്തി. ലാഭനഷ്ടക്കണക്കുകള്‍ നോക്കിയല്ല, വലിയ സാമൂഹികദൗത്യം നിര്‍വഹിക്കാനുണ്ടെന്ന തിരിച്ചറിവോടെയാണ് ആഴ്ചപ്പതിപ്പിന്റെ ഇടപെടലുകള്‍. സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങള്‍ എന്നും പങ്കുവെച്ചതാണ് മാതൃഭൂമിയുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് അധ്യക്ഷനായി. മികച്ച സാഹിത്യവും മികച്ച എഴുത്തുകാരെയും കണ്ടെത്തല്‍ ആഴ്ചപ്പതിപ്പിന്റെ എക്കാലത്തെയും ദൗത്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിലും നവോത്ഥാന മുന്നേറ്റത്തിലും പങ്കെടുത്തവരില്‍ മിക്കവരും വലിയ ലോകബോധവും വയനശീലവും ചിന്താശീലവുമുള്ളവരായിരുന്നു. അവര്‍ക്കു വേണ്ടിയാണ് ആഴ്ചപ്പതിപ്പ് തുടങ്ങിയത്. മലയാളത്തിലെ മഹത്തായ കൃതികള്‍ വെളിച്ചംകണ്ടത് മാതൃഭൂമിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഡയറക്ടര്‍ (ഡിജിറ്റല്‍ ബിസിനസ്) മയൂര ശ്രേയാംസ് കുമാര്‍, ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്, കെ.സി. സുബി എന്നിവര്‍ സംസാരിച്ചു. സാഹിത്യമത്സര വിജയികളായ കാവ്യാ അയ്യപ്പന്, വിദ്യാ വിജയന്, ഡി.പി. അഭിജിത്ത്, അശ്വിനി ആര്. ജീവന്, അനു ഉഷ, സുബിന് ഉണ്ണികൃഷ്ണന്, പി. വിഷ്ണുപ്രിയ, അല്‍ത്താഫ് പതിനാറുങ്ങല്‍, പി.ജി. കാവ്യയുടെ പിതാവ് ഗോപിനാഥ് പാലഞ്ചേരി എന്നിവര്‍ മറുപടി പറഞ്ഞു.
Content Highlights :Mathrubhumi Sahithyamalsaram winner receives prizes from M Mukundan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..