മാതൃഭൂമി സാഹിത്യ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സേതു സംസാരിക്കുന്നു
2022-ലെ മാതൃഭൂമി പുരസ്‌കാരം എഴുത്തുകാരന്‍ സേതുവിന് പ്രൊഫ. എം.കെ. സാനു സമ്മാനിച്ചു. കൊച്ചി മഞ്ഞുമ്മല്‍ മാതൃഭൂമിയില്‍വെച്ച് നടന്ന ചടങ്ങിന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി സാഹിത്യപുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സേതു നടത്തിയ മറുപടി പ്രസംഗം.
സാനു മാഷ് എന്നെ പഠിപ്പിച്ചില്ലെങ്കിലും ഗുരുതുല്യനാണ്. എം.പി. വീരേന്ദ്രകുമാറിനെ ഓര്‍മിച്ചുകൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. ആ സാന്നിധ്യം എനിക്ക് സന്തോഷം തരുന്നു. ഒരു ദിവസം രാവിലെ എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വന്നു. വളരെ രഹസ്യമായി ഒരു കാര്യം പറയുകയാണ്. മാതൃഭൂമിയുടെ സാഹിത്യോത്സവം തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയാണ്. കൂടെയുണ്ടാവണം എന്നാണ് പറഞ്ഞത്. ആദ്യത്തെ രണ്ടു വര്‍ഷങ്ങളിലും ഞാന്‍ പോയി. പിന്നെ നടക്കാന്‍ പ്രയാസം തോന്നി. ഏഴര പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ് മാതൃഭൂമിയുമായുള്ള ബന്ധം. അന്ന് ഞാന്‍ വായനക്കാരനായിരുന്നു. അതുവരെ ഞാന്‍ കാണാത്ത ഒരു ലോകം മാതൃഭൂമി മുന്നില്‍ തുറന്നിടുകയായിരുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറം നിര്‍ബന്ധമായും മറ്റു പുസ്തകങ്ങളും വായിച്ചിരിക്കണമെന്ന അമ്മയുടെ നിര്‍ബന്ധമായിരുന്നു മാതൃഭൂമിയുമായി എന്നെ അടുപ്പിച്ചത്. മരിക്കുന്നതുവരെ അമ്മ വായന തുടര്‍ന്നു. ഞാന്‍ ഇപ്പോഴും വായിക്കുന്നു.
എം.ടിയുമായി നല്ല ബന്ധമായിരുന്നു. 1977-ലാണ് എം.ടിയുടെ ഫോണ്‍ വരുന്നത്; സേതു അടുത്തുതന്നെ ഒരു നോവല്‍ വേണം എന്നായിരുന്നു ആവശ്യം. അത്ര തിടുക്കപ്പെട്ട് നോവല്‍ സാധ്യമാകുമോ എന്ന ഭയമായിരുന്നു എനിക്ക്. പക്ഷേ, എനിക്ക് കൃത്യമായിട്ടറിയാവുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു എം.ടി പറഞ്ഞാല്‍ ഒരാഴ്ചകൊണ്ടും നോവലുണ്ടാകും! ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി അവസാനിച്ചയുടന്‍ തുടങ്ങാനാണ് എം.ടി. നോവല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മനസ്സില്‍ ഒരൊറ്റ ആഹ്‌ളാദമായിരുന്നു. എന്തുകൊണ്ട് എം.ടി. എന്നെ വിളിച്ചു! ആ വിശ്വാസമാണ് എഴുത്തുകാരന് പ്രചോദനം. അങ്ങനെ എഴുതിയ നോവലാണ് പാണ്ഡവപുരം. ഇന്ന് പതിനൊന്ന് ഭാഷകളിലേക്ക് പാണ്ഡവപുരം വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു നോവല്‍രൂപം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അത് എഴുതാനുള്ള പ്രചോദനം എം.ടിയും മാതൃഭൂമിയുമായിരുന്നു.
അന്നൊക്കെ ആഴ്ചപ്പതിപ്പുകളിലെ കവറുകളില്‍ കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയായിരുന്നു അച്ചടിച്ചുവന്നത്. അകത്താവട്ടെ ലോകോത്തര കലാകാരന്മാരുടെ സൃഷ്ടികളുടെ സമ്മേളനവും. ആര്‍ട്‌സ്റ്റ് ദേവനെപ്പോലുള്ള ചിത്രകാരന്മാരുടെ സര്‍ഗസമ്പന്നമായ ചിത്രങ്ങള്‍. വലിയൊരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ആഴ്ചപ്പതിപ്പില്‍ ഇടം നേടിക്കൊണ്ട് വളരാന്‍ കഴിഞ്ഞതില്‍ കൃതാര്‍ഥനാണ്.
ദാഹിക്കുന്ന ഭൂമി എന്ന ആദ്യത്തെ കഥ മാതൃഭൂമിയില്‍ അച്ചടിച്ചുവന്നത് വലിയൊരു ഭാഗ്യം തന്നെയായിട്ടാണ് ഇന്നും കരുതുന്നത്. ഉറൂബിനും പൊറ്റക്കാടിനും ശേഷമുള്ള എന്റെ തലമുറയിലെ പലരും എന്നെപ്പോലെ തന്നെ മാതൃഭൂമിയിലൂടെ വളര്‍ന്നവരാണ്. അറുപത്തിയേഴില്‍ 'ദാഹിക്കുന്ന ഭൂമി'യിലൂടെ എന്നെ ഏറ്റെടുത്ത മാതൃഭൂമി ഇപ്പോള്‍ സാഹിത്യപുരസ്‌കാരം നല്‍കി പരിഗണിച്ചതില്‍ വളരെയധികം നന്ദി.
Content Highlights: Mathrubhumi Literary Awars 2022, Sethu, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..