നോവലിസ്റ്റ് സേതു ഭാര്യ രാജലക്ഷ്മിക്കൊപ്പം ആലുവ കിഴക്കേ കടുങ്ങല്ലൂരിലെ വീട്ടിൽ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ
കൊച്ചി: വേനല്‍മഴയ്ക്കായി ഭൂമി ദാഹിച്ചുനിന്ന പകലിലാണ് സേതുവിന്റെ ആലുവ കിഴക്കേകടുങ്ങല്ലൂരിലെ 'ശ്രീകോവില്‍' എന്ന വീട്ടിലേക്ക് മാതൃഭൂമി സാഹിത്യപുരസ്‌കാരപ്രഖ്യാപനം വന്നണഞ്ഞത്. 'ദാഹിക്കുന്ന ഭൂമി' എന്ന കഥയിലൂടെ 56 വര്‍ഷംമുമ്പ് മാതൃഭൂമി പരിചയപ്പെടുത്തിയ എഴുത്തുകാരന്‍ ബഹുമതിക്കുമുമ്പില്‍ പ്രണമിച്ചു. ''ചെറുതും വലുതുമായ ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും മാതൃഭൂമിയുടെ പുരസ്‌കാരത്തിന് അതിന്റേതായ മാധുര്യമുണ്ട്.''
വൈദ്യുതിയില്ലാതിരുന്ന ചേന്ദമംഗലം എന്ന ഗ്രാമത്തില്‍ മണ്ണെണ്ണവിളക്കിന്റെ ചുവട്ടിലിരുന്ന് ടാബ്ലോയ്ഡ് വലുപ്പമുണ്ടായിരുന്ന പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചിരുന്ന അമ്മയെ സേതുവിലെ കുട്ടി ഓര്‍ത്തെടുത്തു. ഒപ്പം കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്കെത്തിയിരുന്ന മാതൃഭൂമി പത്രത്തിലെ മലബാര്‍ഭാഷയും സ്ഥലനാമങ്ങളുംതന്ന കൗതുകങ്ങളും.
''വളര്‍ച്ചയില്‍ എനിക്ക് എന്നും കൈത്താങ്ങായത് മാതൃഭൂമിയാണ്. അതിന്റെ താളുകളില്‍നിന്നാണ് ബഷീറിനെയും ഉറൂബിനെയുമൊക്കെ ഞാന്‍ വായിച്ചുതുടങ്ങിയത്'' -സേതു പറഞ്ഞു. പിന്നെ അദ്ദേഹം ഡല്‍ഹിയില്‍ ജോലിചെയ്തിരുന്നകാലത്ത് മാതൃഭൂമിയില്‍ അച്ചടിച്ചുവന്ന ആദ്യകഥയെക്കുറിച്ച് വിവരിച്ചു. നോവലുകളുടെ എഴുത്തുവഴികളിലേക്ക് സഞ്ചരിച്ചു.
''എന്റെ ഏതാണ്ട് എല്ലാ പ്രധാനനോവലുകളും വന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. പാണ്ഡവപുരമായാലും നിയോഗമായാലും കിരാതമായാലും... ഏറ്റവുമൊടുവില്‍ കിളിക്കൂടായാലും...'' ജീവിതമെന്ന പുസ്തകം ആത്മകഥയുടെ രൂപത്തില്‍ തുറന്നുവെച്ചതും മാതൃഭൂമിയിലൂടെതന്നെ എന്നു പറയുമ്പോള്‍ സേതു ഒരു ഹൃദയബന്ധത്തിന്റെ കടപ്പാടിലെന്നോണം വിനീതനാകുന്നു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാറാണ് അവാര്‍ഡ് വിവരം സേതുവിനെ ഫോണിലൂടെ അറിയിച്ചത്. ''കേട്ടപ്പോള്‍ വളരെ സന്തോഷംതോന്നി. എത്രയോ പേര്‍ക്ക് ഈ പുരസ്‌കാരം കിട്ടിയിരിക്കുന്നു. ഇനി കിട്ടാനിരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരംപോലെ പ്രധാന അവാര്‍ഡായി ഞാന്‍ കാണുന്നത് ശതാബ്ദിവര്‍ഷത്തിലുള്ള മാതൃഭൂമിയുടെ അംഗീകാരത്തെയാണ്. അത് നേരത്തേ പറഞ്ഞ ആത്മബന്ധം കൊണ്ടാണ്'' -രചനകളുടെ ആദ്യവായനക്കാരിയായ ഭാര്യ രാജലക്ഷ്മിയെ അടുത്തുനിര്‍ത്തി സേതു പറയുന്നു.
ഈ നിമിഷം ആരെ ഓര്‍ക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് സേതു ഒരുമാത്രപോലുമെടുത്തില്ല. ''എം.ടി. വാസുദേവന്‍നായര്‍. അദ്ദേഹം എനിക്ക് ഗുരുവിനുമപ്പുറത്തുള്ള ഒരാളാണ്...'' മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന സേതുവിന്റെ ആത്മകഥയുടെ ആമുഖാക്ഷരങ്ങളും എം.ടി.യുടേതുതന്നെ.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് പറയുമ്പോള്‍ സേതുവില്‍ ഒരു പുലര്‍കാലഫോണ്‍കോള്‍ ശബ്ദിച്ചു. ''ഒരു ജനുവരി ഒന്നിനോ രണ്ടിനോ ആണ്. അതിരാവിലെ അദ്ദേഹത്തിന്റെ ഫോണ്‍വരുന്നു. കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം മാതൃഭൂമി അക്ഷരോത്സവം തുടങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് പറഞ്ഞു. തിരുവനന്തപുരമാണ് വേദിയെന്ന വിവരവും രഹസ്യംപോലെ പങ്കുവെച്ചു. അന്നുമുതല്‍ ഞാന്‍ മാതൃഭൂമി അക്ഷരോത്സവത്തോടൊപ്പമുണ്ട്.''-അദ്ദേഹം പറഞ്ഞു.
Content Highlights: Mathrubhumi Literature Award,Sethu, Rajalakshmi, Mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..