കലൂർ-കടവന്ത്ര റോഡിലെ മാതൃഭൂമി ബുക്‌സിൽ വെള്ളിയാഴ്ച പുസ്തകം വാങ്ങാനത്തിയവർ
കൊച്ചി: ലോക്ക്ഡൗണ്‍ കാലം നഷ്ടപ്പെട്ട വായനയുടെ തിരിച്ചുപിടിക്കല്‍ കൂടിയാകുന്നു. കൊറോണ ഭീതിയില്‍ ജീവിതം അകത്തളങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ വായനയുടെ വഴിയിലേക്ക് ജനം പിന്‍നടത്തം തുടങ്ങി.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാതൃഭൂമി പുസ്തകശാലകള്‍ തുറന്നത് ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മൊബൈല്‍ ഫോണുകളില്‍ കണ്ണുനട്ടിരിക്കുന്ന കുട്ടികളെ അക്ഷരങ്ങളിലേക്ക് ചേര്‍ത്ത് വെക്കുകയാണ് മാതാപിതാക്കള്‍.
കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ തേടിയാണ് കൂടുതല്‍ ആളുകളുമെത്തുന്നത്. ഇംഗീഷ്, മലയാളം ബാലസാഹിത്യ കൃതികള്‍ക്കും ചിത്രകഥാ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ട്. മാതൃഭൂമി ബുക്‌സിലും മറ്റ് പ്രമുഖ പുസ്തക കടകളിലെല്ലാംതന്നെ നല്ല തിരക്കനുഭവപ്പെട്ടു.
അടഞ്ഞ താളുകള്‍ തുറക്കുന്നു
ജോലിത്തിരക്കും മറ്റ് അസൗകര്യങ്ങളുമൊക്കെയായി വായനയുടെ നാളുകള്‍ പിന്നത്തേക്ക് മടക്കിവെച്ചവരും മടങ്ങിവന്നു. ലോക്ക്ഡൗണ്‍ കാലത്ത് മുതിര്‍ന്നവര്‍ നോവലുകളും ജീവചരിത്ര പുസ്തകങ്ങളുമാണ് കൂടുതല്‍ വാങ്ങുന്നത്. യുവാല്‍ നോവ ഹരാരിയുടെ സാപ്പിയന്‍സിന്റെ മലയാളം പരിഭാഷ, ഐതിഹ്യമാല, ഹാരി പോട്ടര്‍, ഉണ്ണിക്കുട്ടന്റെ ലോകം, ഈസോപ്പ് കഥകള്‍ തുടങ്ങിയവയാണ് മാതൃഭൂമി ബുക്‌സില്‍ അധികവും വിറ്റുപോയത്.
മാതൃഭൂമി ബുക്‌സില്‍ കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ആയിരം രൂപ മുതലുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 15 ശതമാനവും മലയാളം പുസ്തകങ്ങള്‍ക്ക് 20 ശതമാനവും ഇളവ് ലഭിക്കും. പുസ്തകങ്ങള്‍ തേടി കടയിലെത്താന്‍ കഴിയാത്തവര്‍ക്ക് പത്ര ഏജന്റ് മുഖേനയും പുസ്തകം വാങ്ങാന്‍ മാതൃഭൂമി അവസരമൊരുക്കിയിട്ടുണ്ട്. പത്രത്തിനൊപ്പം ആവശ്യപ്പെട്ട പുസ്തകങ്ങളും പിറ്റേ ദിവസംതന്നെ എത്തിച്ചു നല്‍കുന്നുണ്ട്. സി.ബി.എസ്. ഇ.യിലെയും മറ്റും സ്‌കൂള്‍ പാഠ പുസ്തകങ്ങളുടെ വില്‍പ്പനശാലയിലും വലിയ തിരക്കായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. അഞ്ചുമണി കഴിഞ്ഞിട്ടും തീരാത്ത ക്യൂവായിരുന്നു മിക്കയിടങ്ങളിലും. ചൊവ്വാഴ്ചയാണ് ഇനി പുസ്തകശാലകള്‍ തുറക്കുക.
Content Highlights: Massive sales in bookstores during the Coronation period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..