നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിലെത്തിയ മമ്മൂട്ടിക്കൊപ്പം എം.ടി. വാസുദേവൻനായരും ഭാര്യ കലാമണ്ഡലം സരസ്വതിയും. | Photo: Mathrubhumi
കോഴിക്കോട്: പ്രിയ കഥാകാരനെത്തേടി മഹാനടന്‍ നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിലെത്തിയപ്പോള്‍ ഇരുവര്‍ക്കും ഏറെ പ്രിയങ്കരനായൊരു സംവിധായകന്‍ അപ്രതീക്ഷിത അതിഥിയായി വന്നു; ഹരിഹരന്‍. എം.ടി. വാസുദേവന്‍നായര്‍, മമ്മൂട്ടി, ഹരിഹരന്‍ -ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഈ ത്രിമൂര്‍ത്തീസംഗമം.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന ചിത്രത്തിന്റെ വയനാട്ടിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലേക്കു മടങ്ങുംവഴിയാണ് മമ്മൂട്ടി എം.ടി.യെ കാണാനെത്തിയത്. വൈകീട്ട് നാലോടെയെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം 'സിതാര'യിലുണ്ടായിരുന്നു.
എം.ടി.യുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയെ ആസ്പദമാക്കിയുള്ള സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തെ കാണണമെന്നാഗ്രഹിച്ചിരുന്നു. അന്ന് സാധിക്കാത്തതിനാല്‍ വയനാട്ടില്‍നിന്ന് മടങ്ങുംവഴി എം.ടി.യെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനയെക്കുറിച്ചും യാത്രകളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കേ സംവിധായകന്‍ ഹരിഹരനുമെത്തി. കഥകള്‍ വായിച്ചുകേള്‍ക്കാനുള്ള പുത്തന്‍ സാങ്കേതികസൗകര്യങ്ങളെക്കുറിച്ച് മമ്മൂട്ടി എം.ടി.യോട് വിവരിച്ചു. വലിയ പ്രൊജക്ടര്‍വെച്ച് നല്ല സിനിമകള്‍ വീട്ടിലിരുന്നുതന്നെ വലിയ സ്‌ക്രീനില്‍ കാണാനുള്ള സൗകര്യങ്ങളെക്കുറിച്ചും പറഞ്ഞു. ഫോര്‍ കെ പ്രൊജക്ഷനില്‍ മികച്ച ദൃശ്യ, ശ്രവ്യാനുഭവം നല്‍കുന്ന പ്രൊജക്ടറുകളുടെ സവിശേഷതകള്‍ അദ്ദേഹം വിശദമായി വിവരിച്ചു.
തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്തതിന്റെ വിശേഷം എം.ടി. പങ്കുവെച്ചു. മമ്മൂട്ടിയുടെ എറണാകുളത്തെ പുതിയവീട്ടില്‍ ഇതുവരെ വരാനായിട്ടില്ലെന്നും ഒരിക്കല്‍ വരാമെന്നും അദ്ദേഹം പറഞ്ഞു. എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുമായും മമ്മൂട്ടി കുശലം പറഞ്ഞു. ഒപ്പം ഫോട്ടോയെടുത്തു. കട്ടന്‍ചായ കുടിച്ചശേഷമാണ് താരം യാത്രപറഞ്ഞിറങ്ങിയത്.
പദ്മ പുരസ്‌കാരമാതൃകയില്‍ കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേരളജ്യോതി, കേരളപ്രഭ പുരസ്‌കാരങ്ങള്‍ എം.ടി.യും മമ്മൂട്ടിയും ഏറ്റുവാങ്ങേണ്ട ദിവസമായിരുന്നു ഈ കൂടിക്കാഴ്ചയെന്നത് കൗതുകമായി. എം.ടി.ക്കുവേണ്ടി മകള്‍ അശ്വതിയാണ് പുരസ്‌കാരം സ്വീകരിക്കാന്‍പോയത്.
Content Highlights: Mammootty, M T Vasudevan Nair, Hariharan, Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..