-
കൊച്ചി: ഭ്രമാത്മക എഴുത്തിലൂടെ സാമൂഹിക തിന്മയ്‌ക്കെതിരേ പ്രതികരിക്കുന്ന മലയാളി എഴുത്തുകാരന്‍ സേതുവിന്റെ ആദ്യ ഇംഗ്ലീഷ് നോവല്‍ 'ദി കുക്കൂസ് നെസ്റ്റ്' പുറത്തിറങ്ങി. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച 'കിളിക്കൂട്' എന്ന നോവലാണ് 'ദി കുക്കൂസ് നെസ്റ്റ്' എന്ന പേരില്‍ ഇംഗഌഷില്‍ എത്തുന്നത്. സമകാലിക ഇന്ത്യയിലെ സ്ത്രീജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് നോവല്‍ ആവിഷ്‌കരിക്കുന്നത്. കന്യാസ്ത്രീമഠത്തിലെ ആത്മീയ ചുറ്റുപാടില്‍നിന്ന് കന്യാസ്ത്രീക്കുപ്പായം ഊരിെവച്ച് സാമൂഹിക പ്രവര്‍ത്തകയായിത്തീരുന്ന 'അഗാത'യുടെ കഥയാണ് 'ദി കുക്കൂസ് നെസ്റ്റ്'. അഗാത എന്ന ശുഭാപ്തിവിശ്വാസിയായ സ്ത്രീയിലൂടെ, അവരുടെ കാഴ്ചപ്പാടിലൂടെ സമൂഹത്തിലെ ഭിന്നതകള്‍ക്കെതിരേയുള്ള പോരാട്ടമാണ് എഴുത്തുകാരന്‍ കാണിച്ചുതരുന്നത്.
പീഡിപ്പിക്കപ്പെട്ടവരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരുമായ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനും ശാക്തീകരിക്കാനുമായി മാഡം അഗാത ഒരു അഭയകേന്ദ്രം 'ദി നെസ്റ്റ്' 'കിളിക്കൂട്' സ്ഥാപിക്കുന്നു. തുടക്കത്തില്‍ത്തന്നെ അഭയകേന്ദ്രത്തിലെ താമസക്കാരോട് മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ സംസാരിക്കരുത് എന്ന് അഗാത പ്രഖ്യാപിക്കുന്നു. ഇവിടെ അഭയംതേടുന്ന വ്യത്യസ്ത പെണ്‍കുട്ടികളുടെ കഥകളിലൂടെ, ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ വളര്‍ന്ന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ദുരവസ്ഥ കാണിക്കാന്‍ ശ്രമിക്കുന്നു. നോവലിന്റെ അവസാനം സ്വയംപര്യാപ്തതയിലേക്ക് ഈ 'പക്ഷികള്‍' പറന്നുയരുകയാണ്.
നോവലിനെക്കുറിച്ച് സേതു
മതേതര്വം, ബഹുസ്വരത എന്നിവയാണ് നോവലിന്റെ പ്രധാന പ്രമേയം. വര്‍ഷങ്ങള്‍ക്കു മുമ്പ്, തിരുവസ്ത്രം ഊരി, പീഡിതരായ പെണ്‍കുട്ടികള്‍ക്കായി, ജാതിമത ഭേദമില്ലാത്ത ഒരു ഹോസ്റ്റല്‍ തുടങ്ങുന്ന സിസ്റ്റര്‍ അഗാത എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍, ഭാവിയില്‍ നീതി കിട്ടാനായി ഒരുകൂട്ടം കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വരുമെന്ന് കരുതിയില്ലെന്ന് സേതു പറയുന്നു.
കെട്ട കാലത്തിന്റെ ഇരുളില്‍ പ്രകാശത്തിന്റെ കൈത്തിരിയുമായാണ് അഗാത കടന്നുവരുന്നത്. ചിറകുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പറന്നുപോകാന്‍ കരുത്തുണ്ടാക്കുന്ന ഇടമാണ് അഗാതയുടെ 'കിളിക്കൂട്'. ഇന്ത്യയുടെ പല ഭാഗത്തുനിന്നും പെണ്‍കുട്ടികള്‍ ഇവിടെ എത്തിപ്പെടുന്നുണ്ട്. ഹരിയാണയിലെ ഖാപ് പഞ്ചായത്ത് വിധിയില്‍നിന്ന് രക്ഷപ്പെട്ട് ഓടിപ്പോന്നവര്‍, മുസ്‌ലിം യുവാവിനെ പ്രണയിച്ച് പരിണയിച്ചതിനെ തുടര്‍ന്ന് ഓടിപ്പോകേണ്ടി വന്നവള്‍ ഒക്കെ ഈ കൂട്ടിലേക്ക് വരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവന്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടുമ്പോള്‍, പെണ്‍കുട്ടി തന്നെ വിധവയാക്കിയ നാടുവിട്ട് തന്റെ പ്രിയന്‍ ജനിച്ചുവളര്‍ന്ന തമിഴ്‌നാട്ടിലേക്ക് വരുന്നു. അങ്ങനെ കിളിക്കൂടിലെത്തിപ്പെടുന്നവര്‍ നിരവധിയാണ്.
തീര്‍ത്തും ആത്മീയമായ ചുറ്റുപാടുകളില്‍ ജീവിച്ചുവന്ന ഒരു സ്ത്രീയാണ്, മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ശബ്ദമായിത്തീരുന്നത് എന്നതാണ് നോവലിന്റെ പ്രത്യേകത. ഡല്‍ഹിയിലെ നിയോഗി ബുക്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്.
Content Highllights: Malayali author Sethu pens first novel in English
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..