
പ്രഭാഷണ പരിപാടിയിൽ എം.മുകുന്ദൻ സംസാരിക്കുന്നു
തലശ്ശേരി: വാക്കുകള്‍ക്ക് ഇതുവരെ പൗരത്വമുണ്ടായിരുന്നില്ല. എന്നാല്‍, വാക്കുകള്‍ക്കുപോലും പൗരത്വമുണ്ടോയെന്ന് സംശയമുള്ളതായി എഴുത്തുകാരന് എം.മുകുന്ദന് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മൂന്നാംപതിപ്പിന്റെ ഭാഗമായി 'അതിജീവിക്കുന്ന വാക്കുകള്‍' എന്ന വിഷയത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ ട്രെയിനിങ് സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വാക്കുകള്‍ക്ക് പൗരത്വമുണ്ടോ എന്ന് അന്വേഷിക്കണം. വാക്കുകള്‍ പോലും സ്വയംചോദ്യം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. നമ്മളിപ്പോള്‍ സംവാദങ്ങളുടെ കാലത്താണ് ജീവിക്കുന്നത്. ഒരുപാട് സംവാദങ്ങള്‍ ആവശ്യമാണ്. ഒരു ഭയത്തിന്റെ അന്തരീക്ഷം എല്ലായിടത്തും കാണുന്നുണ്ട്. എല്ലാ കാലത്തുമുണ്ടായിരുന്നു. എല്ലായിടത്തും എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും ഭയത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു. അതിനെ നാം മറികടന്നു. വാക്കുകള്‍ വേട്ടയാടുന്നത് പഴയതുപോലെയല്ല. പുതിയ ആക്രമണമുഖം കടന്നുവന്നു. പൗരത്വം ഒരു കണ്ടുപിടിത്തമാണ്. അക്ഷരം ജൈവമാണ്, സര്ഗാത്മകമായത്. അക്ഷരങ്ങള്‍ ഓര്മ കൂടിയാണ്. എഴുത്തിലൂടെ അക്ഷരങ്ങള്‍ സഞ്ചരിക്കുകയാണ്.
വാക്കുകള്‍ പൗരന്മാരാണ്. വാക്കുകള്‍ ജീവിക്കുന്നത് പുസ്തകത്തിലാണ്. വാക്കുകള്‍ നിബിഡമായുള്ളത് നോവലിലാണ്. വാക്കുകളുടെ ഏറ്റവും വലിയ രാജ്യം നോവലാണ്. വാക്കുകള്‍ക്ക് ജാതിയും മതവുമുണ്ട്. നോവല്‍ കത്തിച്ചാല്‍ ലക്ഷക്കണക്കിന് വാക്കുകള്‍ വെന്തുമരിക്കും. രണ്ടോ മൂന്നോ വാചകങ്ങളില്‍ പോലും അസഹിഷ്ണുത കാണിക്കുന്ന പ്രവണതയാണ് കാണുന്നത്. നോവലിനെ മാത്രമല്ല, നോവലിസ്റ്റിനേയും ഇല്ലാതാക്കാന്‍ ശ്രമം. നോവലിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുടലെടുത്തിരുന്നു. നോവലിന്റെ യാത്ര തുടരുകയാണ്. സാങ്കേതികവിദ്യ വാക്കുകളെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും.
പക്ഷേ, സര്ഗാത്മകതയില്ലാതായി പോകും. എല്ലാ ഫാസിസ്റ്റുകളും അക്ഷരവിരോധികളാണ്. ഹിറ്റ്ലര്‍ ഭയന്നത് അക്ഷരങ്ങളെയായിരുന്നു. അക്ഷരങ്ങളില്ലാതെ ജീവിക്കാന്‍ കഴിയില്ല. അക്ഷരങ്ങള്‍ മുന്നോട്ടുള്ള ജൈത്രയാത്ര തുടരും. അക്ഷരങ്ങള്‍ ഇല്ലാത്ത ഒരുകാലം വരാതിരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി. എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ എസ്.എന്‍. പാര്‍ക്കിനടുത്തുള്ള ശ്രീചന്ദ് സ്പെഷ്യാലിറ്റി ആസ്പത്രിയുടെയും ഇന്ത്യന്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
Content Highlights:malayalam Writer M Mukundan speaks on Freedom of expression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..