
എം. മുകുന്ദൻ| ഫോട്ടോ: അസീസ് മാഹി, മാതൃഭൂമി ആർക്കൈവ്സ്
മാഹി: മയ്യഴിയുടെ സ്വന്തം കഥാകാരന് എം മുകുന്ദന് മയ്യഴിപ്പുഴയുടെ തീരത്തുള്ള വീട്ടില്‍ നിന്നും താമസം മാറുന്നു. മാഹിയില്‍ നിന്ന് പള്ളൂരിലേക്കാണ് എം. മുകുന്ദന് താമസം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.
സെമിത്തേരി റോഡിനും ഭാരതിയാര്‍ റോഡിനും ഇടയിലെ വളവിലാണ് മുകന്ദന്റെ വീട്. തുടര്‍ച്ചയായുണ്ടായ വാഹന അപകടങ്ങളാണ് മയ്യഴിയിലെ വീട് വിട്ടൊഴിയാന്‍ മുകുന്ദനെ പ്രേരിപ്പിച്ചത്.വീടിനുള്ള 'മണിയമ്പത്ത്' എന്ന പേര് തന്നെയാണ് പുതിയ വീടിനും നല്‍കിയിട്ടുള്ളത്.
മാഹി പള്ളി പെരുന്നാള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചക്കാലം ഇതു വഴിയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്. എട്ട് തവണ വീടിന്റെ മതിലില്‍ വലിയ വാഹനങ്ങളിടിച്ചു. ഒരു തവണ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറ് തകര്‍ന്നു.
മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്. സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1961-ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എഴുതി. ജോലിയുടെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്ക്കാലത്ത് ദില്ലിയിലേക്കു പറിച്ചുനടപ്പെട്ടു. ദില്ലി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യസൃഷ്ടികളായി. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. മയ്യഴിയുടെ കഥാകാരന് എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകള്‍, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് എം.മുകുന്ദന്റെ പ്രധാന കൃതികള്‍.
Content Highlights: M Mukundan Shifting his house from Mahi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..