എൻ.വി. കൃഷ്ണവാര്യരുടെ തറവാട്ടുവീടായ ചേർപ്പ് ഞെരുവിശ്ശേരിയിലെ ഞെരൂക്കാവ് വാര്യത്തെത്തിയ എം. മുകുന്ദൻ വീട്ടകം കാണുന്നു. | ഫോട്ടോ: ജെ. ഫിലിപ്പ്.
ഞെരൂക്കാവ് മഹാവിഷ്ണുക്ഷേത്രത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കടന്ന് അല്പം ദൂരെയായി കാണുന്ന തറവാട്ടുമുറ്റത്തേയ്ക്ക് എം. മുകുന്ദന്‍ നടന്നു. ഇഷ്ടപ്പെട്ട ആരെയോ കാണാന്‍ തിടുക്കം കൂട്ടുന്ന കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ. പ്രിയ പത്രാധിപരുടെ സ്മരണകള്‍ നിറഞ്ഞ വീടിന്റെ പൂമുഖത്തേയ്ക്ക് അദ്ദേഹം അത്യധികം ഉത്സാഹത്തോടെ നടന്നെത്തി. തറവാട്ടുമുറ്റത്ത് എഴുത്തുകാരനെ കാത്ത് ചെറുസദസ്സുണ്ടായിരുന്നു.
ചേര്‍പ്പ് ഞെരുവിശ്ശേരിയിലെ എന്‍.വി. കൃഷ്ണവാര്യരുടെ തറവാട്ടുവീട് കാണാനെത്തിയതാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. മുകുന്ദന്‍. വെള്ളിയാഴ്ച ചേര്‍പ്പില്‍ ആരംഭിച്ച പെരുവനം ഗ്രാമോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഞെരുവിശ്ശേരി വാര്യത്തേയ്ക്ക് അദ്ദേഹമെത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് എന്‍.വി. എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുകയറ്റിയ ഓര്‍മ്മകളിലേയ്ക്കുള്ള തിരിച്ചുനടത്തം കൂടിയായിരുന്നു മുകുന്ദനത്.
പെരുവനം ഗ്രാമോത്സവത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അദ്ദേഹം അവരോട് തന്റെ ചെറിയ ആഗ്രഹം പങ്കുവെച്ചിരുന്നു. ഗുരുസ്ഥാനീയനായ എന്‍.വി. കൃഷ്ണവാര്യരുടെ വീടൊന്ന് കാണണം. അല്പസമയം അവിടെ ചെലവഴിക്കണം. ആ ആഗ്രഹം നിറവേറ്റാനായ സന്തോഷത്തിലായിരുന്നു ദേശത്തോടുള്ള സ്നേഹം എഴുത്തില്‍ നിറയ്ക്കുന്ന എഴുത്തുകാരന്‍.
ഒരുകെട്ട് കടലാസുമായി എന്‍.വി.യെ കാണാന്‍
എന്‍.വി.യുടെ ഓര്‍മകള്‍ നിറഞ്ഞ വീട്ടിലേക്ക് കടക്കവെ അല്പനേരം പൂമുഖത്തെ തിണ്ണയിലിരുന്നു മുകുന്ദന്‍. മഹാനായ പത്രാധിപര്‍ തന്നെ എഴുത്തുകാരനാക്കി മാറ്റിയതെങ്ങനെയെന്ന് പറഞ്ഞുതന്നു. 'അന്നൊരു അവധിക്കാലത്ത് നാട്ടിലെത്തിയ ഞാന്‍ ഒരു കെട്ട് പേപ്പറുമായി കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിലേക്ക് പോയി.
'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആയിരുന്നു ആ കടലാസുതാളുകളില്‍. പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായല്ല അന്ന് എന്‍.വി.യെ കണ്ടത്. അദ്ദേഹം എന്റെ കൃതിയെ വിലയിരുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ നോവലിന്റെ ആദ്യ വായനക്കാരനായ അദ്ദേഹം വിശദമായിത്തന്നെ നോവലിനെ വിലയിരുത്തി. തിരുത്തലുകള്‍ നിര്‍ദേശിച്ചു'.
'വിശദമായ ആ നിര്‍ദേശം കണ്ടപ്പോള്‍ ആദ്യം എനിക്കല്പം സങ്കടം തോന്നി. പിന്നീട് മനസ്സിലാക്കി, ഈ തിരുത്തലുകള്‍ വേണ്ടതു തന്നെ. തിരുത്തിയെഴുതി വീണ്ടും സമര്‍പ്പിക്കാന്‍ അല്പം സമയമെടുത്തു. വൈകാതെ എന്‍.വി.യുടെ നിര്‍ദേശപ്രകാരം തിരുത്തിയെഴുതിയ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.
അന്ന് ആഴ്ചപ്പതിപ്പില്‍ നിറഞ്ഞു നിന്നിരുന്ന എഴുത്തുകാരന്മാര്‍ ആരായിരുന്നു എന്നോര്‍ക്കണം. ഉറൂബ്, ബഷീര്‍ തുടങ്ങിയ അതികായന്മാര്‍ക്കിടയില്‍ എം. മുകുന്ദനെന്ന പുതുഎഴുത്തുകാരന് ഇടം കണ്ടെത്തിത്തരികയായിരുന്നു എന്‍.വി.' മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു നിര്‍ത്തി. 'വീട്' എന്ന ചെറുകഥയാണ് മുകുന്ദന്റേതായി ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ആ കഥ അയച്ചുകൊടുത്തപ്പോള്‍ പ്രസിദ്ധീകരിക്കാം എന്ന അറിയിപ്പോടെ ഒരു ചെറുകുറിപ്പാണദ്ദേഹം എനിക്കയച്ചത് -മുകുന്ദന്‍ ഓര്‍ത്തു.
പെരുവനത്തിന്റെ മേളപ്രാമാണികന്‍ എനിക്കും പ്രിയങ്കരന്‍
പെരുവനം ഗ്രാമോത്സവത്തിന് വന്ന എം. മുകുന്ദന്‍ ഏറെ പ്രിയപ്പെട്ട മറ്റൊരാളുമായി സൗഹൃദം പങ്കിട്ടു. പെരുവനത്തിന്റെ സ്വന്തം മേളപ്രമാണി കുട്ടന്‍മാരാരായിരുന്നു അത്. 'എനിക്കേറെ ഇഷ്ടപ്പെട്ട മേള കലാകാരനാണ് കുട്ടന്‍മാരാര്‍. ഇതുവരെ നേരിട്ട് കാണാനോ മേളം കേള്‍ക്കാനോ കഴിഞ്ഞിട്ടില്ല. മുമ്പൊരിക്കല്‍ തൃശ്ശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തിന് കുട്ടന്‍മാരാര്‍ക്ക് സുഖമില്ലാതായി എന്ന് കേട്ടപ്പോള്‍ ഏറെ വിഷമിച്ചു പോയി'-അദ്ദേഹം പറഞ്ഞു.
മയ്യഴിക്കാര്‍ക്ക് മേളത്തോടിത്ര പ്രിയമോ എന്ന് അദ്ഭുതം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു, എന്തുകൊണ്ടായിക്കൂടാ... ഞങ്ങളുടെ നാട്ടുകാരന്‍ തന്നെയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. പക്ഷേ, മേളത്തിലും കലര്‍പ്പുകളുണ്ടാകുന്നു എന്നതില്‍ സങ്കടമുണ്ട്. വടക്കേ മലബാറിലിപ്പോള്‍ തെയ്യക്കാലമാണ്. തെയ്യത്തിന്റെ മേളം പ്രധാനമാണ്. അതില്‍പോലും ശിങ്കാരിമേളവും മറ്റും ചേരുമ്പോള്‍ സങ്കടമുണ്ട് -എം. മുകുന്ദന്‍ പറഞ്ഞു. സി.എന്‍.എന്‍. സ്‌കൂളിലെ വേദിയിലെത്തിയ പെരുവനം കുട്ടന്‍മാരാര്‍ മുകുന്ദനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഗ്രാമോത്സവങ്ങളാണ് നമുക്ക് വേണ്ടത്
സാംസ്‌കാരികമായി ഏറെ പാരമ്പര്യമുള്ള നാടാണ് പെരുവനമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ നാട്ടിലും തൊട്ടടുത്തുമായി എന്‍.വി. കൃഷ്ണവാര്യരെപ്പോലെ ഏറെ പ്രതിഭകള്‍ ഇന്നുമുണ്ട്. പക്ഷേ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ഒരു ഗ്രാമോത്സവം സംഘടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണ്.
ഇത്തരം ഗ്രാമോത്സവങ്ങളാണ് നമുക്കാവശ്യം - തന്റെയടുത്തെത്തിയ ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തിയെ ചേര്‍ത്തുപിടിക്കുന്നതിനിടെ മുകുന്ദന്‍ പറഞ്ഞു.
Content Highlights: M. Mukundan, Peruvanam, N V. Krishna Warrier, Peruvanam Gramotsavam, Thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..