
എം മുകുന്ദൻ
കോഴിക്കോട്: ഡല്‍ഹിജീവിതത്തില്‍ നേരിട്ടുകണ്ട ദുരന്തങ്ങള്‍ വിവരിച്ച് എഴുത്തുകാരന് എം. മുകുന്ദന്. വാഗ്ഭടാനന്ദന്റെ 137-ാം ജയന്തിയുടെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മിച്ച 'വാഗ്ഭടാനന്ദ ഗുരുദേവന്: നവോത്ഥാനത്തിന്റെ അരുണോദയ കാഹളം' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവേദിയില്‍ ജെ.സി.ബി. അവാര്‍ഡ് നേടിയതിനുള്ള അനുമോദനമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വര്‍ഷത്തെ ഡല്‍ഹിജീവിതത്തില്‍ ആളുകളെ കൊല്ലുന്നതുപോലും നേരിട്ടുകാണേണ്ടി വന്നിട്ടുണ്ടെന്ന് മുകുന്ദന് പറഞ്ഞു. ഇന്ത്യാ-ചൈന യുദ്ധം, അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം-അങ്ങനെ പലപല സംഭവങ്ങള്‍. സിഖ് കൂട്ടക്കൊലയുടെ നാളുകളില്‍ തന്റെ വാതില്ക്കലും കൊലയാളികള്‍ മുട്ടി. സിഖുകാരെ ഒളിപ്പിച്ചിട്ടുണ്ടോ എന്നന്വേഷിച്ചായിരുന്നു വരവ്. പിന്നീട് തെരുവില്‍വെച്ച്, ടാക്സി ഡ്രൈവറായ ഒരു സിഖുകാരനെ അയാളുടെ വണ്ടിയിലെ പെട്രോളൊഴിച്ച് കത്തിക്കുന്നതുകാണേണ്ടിവന്നു. കാണാന്‍വയ്യാതെ തിരിഞ്ഞുനടന്നപ്പോള്‍ പിന്നില്‍ തീയും പുകയും ഉയരുന്നുണ്ടായിരുന്നു -ജെ.സി.ബി. അവാര്‍ഡിന് അര്‍ഹമായ ഡല്ഹിഗാഥകളുടെ രചനാപശ്ചാത്തലം വിവരിച്ചുകൊണ്ട് മുകുന്ദന് പറഞ്ഞു.
വാഗ്ഭടാനന്ദജയന്തി ആഘോഷവും ഡോക്യുമെന്ററി പ്രദര്‍ശനവും ആദരസമ്മേളനവും ശ്രീ തിയേറ്ററില്‍ തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ ടി. ജയരാജന്, കേരള ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണന്, യു.എല്‍.സി.സി.എസ്. ചെയര്മാന് രമേശന് പാലേരി, എം.ഡി.എസ്. ഷാജു എന്നിവര്‍ സംസാരിച്ചു.
Content Highlights: m mukundan delhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..