സാഹിത്യോത്സവത്തിന്റെ സമാപനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യുന്നു. ഹരി ഒളപ്പമണ്ണ, ജില്ലാപഞ്ചായത്തംഗം കെ. ശ്രീധരൻ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, കേരള കലാമണ്ഡലം വൈസ് ചാൻസലർ എം.വി. നാരായണൻ, രാംകുമാർ, ടി.ആർ. അജയൻ, രാകേഷ് ഒളപ്പമണ്ണ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ എന്നിവർ സമീപം.
ചെര്‍പ്പുളശ്ശേരി: ഒളപ്പമണ്ണ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് ദേശീയപ്രസ്ഥാനത്തോടൊപ്പം കൂസലില്ലാതെ മുന്നേറിയ നവോത്ഥാന കവിയാണെന്ന് മന്ത്രി എം.ബി. രാജേഷ്. വെള്ളിനേഴിയിലെ ഒളപ്പമണ്ണമനയില്നടന്ന ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലും കവിതയിലും മാറ്റത്തിനൊപ്പം സഞ്ചരിച്ച ഉല്പതിഷ്ണുവും ആധുനികനുമായ മനുഷ്യനാണ് ഒളപ്പമണ്ണ. ഉറക്കുപാട്ടിന്റെ കവിയല്ല, ഉണര്‍ത്തുപാട്ടിന്റെ കവിയാണെന്നും സമൂഹം പതിയെ മറന്നുതുടങ്ങിയ ഒളപ്പമണ്ണയുടെ ജീവിതം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് ചടങ്ങില്‍ അധ്യക്ഷനായി. സാമൂഹിക-സാംസ്കാരിക-സാഹിത്യരംഗങ്ങള്ക്കൊപ്പം കലാമണ്ഡലത്തെ കലാമണ്ഡലമാക്കി മാറ്റിയതിലും ഒളപ്പമണ്ണയുടെ സംഭാവനകള്‍ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
കൈതപ്രം ദാമോദരന്‍നമ്പൂതിരി മുഖ്യാതിഥിയായി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, ടി.ആര്. അജയന്, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരന്, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, രാകേഷ് ഒളപ്പമണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
ഭരദ്വാജ് സുബ്രഹ്മണ്യം ഒളപ്പമണ്ണക്കവിത പ്രാര്‍ഥനാഗീതമായി ആലപിച്ചതോടെയാണ് സമാപനസമ്മേളനം ആരംഭിച്ചത്. 'വള്ളത്തോള്‍ സമാധിയില്‍' എന്ന ഒളപ്പമണ്ണക്കവിതയുടെ നൃത്താവിഷ്കാരം കലാമണ്ഡലം മായാരാജേഷ് അവതരിപ്പിച്ചു.
വി. കലാധരന്‍, എഴുത്തുകാരന് എന്‍.പി. വിജയകൃഷ്ണന്, കഥകളിനടന് നരിപ്പറ്റ നാരായണന് നമ്പൂതിരി, കാലടി സംസ്കൃതസര്‍വകലാശാല വേദവിഭാഗം മുന്‍ മേധാവി സി.എം. നീലകണ്ഠന്, ആര്യാട് സനല്‍കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണംനടത്തി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കലാമണ്ഡലം ശിവന് നമ്പൂതിരി എന്നിവര്‍ അധ്യക്ഷരായി.
.jpg?$p=c521eaf&&q=0.8)
ഒളപ്പമണ്ണ രചിച്ച 'അംബ' എന്ന ആട്ടക്കഥയോടെ കളിവിളക്ക് തെളിഞ്ഞു. കലാമണ്ഡലം രാജശേഖരന് അംബയായും പീശപ്പിള്ളി രാജീവന് സാല്വനായും അരങ്ങിലെത്തി. നളചരിതം രണ്ടാംദിവസം, കിരാതം കളിയരങ്ങുമുണ്ടായി.
ഹൃദ്യം, ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരി
ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരി ഒളപ്പമണ്ണമനയില്‍ ഞായറാഴ്ചയുടെ സായാഹ്നത്തെ സമ്പന്നമാക്കി. 'കാപ്പി' രാഗത്തില്‍ 'സുമസായക', തുടര്‍ന്ന് 'പൂര്‍വികല്യാണി'രാഗം പാടി, 'കാംബോജി' രാഗം വയലിനില്‍ വായിച്ചു.
'നാമകുലസുമ' എന്ന ശ്രീരാഗത്തിലുള്ള കീര്ത്തനംപാടി. പിന്നീട് 'ബേഗഡ' രാഗത്തില്‍ വര്ണംവിസ്തരിച്ച് ആലപിച്ചു. ഒടുവില്‍ 'ജോന്‍പുരി' രാഗത്തില്‍ 'എപ്പോ വരുവാരോ' എന്ന ഭജന്‍. രണ്ടുമണിക്കൂര്‍ നീണ്ട കച്ചേരിയെ പൂമുറ്റം തിങ്ങിനിറഞ്ഞ ശ്രോതാക്കള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
.jpg?$p=e3bab8c&&q=0.8)
തിരുവനന്തപുരം എന്‍. സമ്പത്ത് വയലിനിലും പാലക്കാട് ഹരിനാരായണന് മൃദംഗത്തിലും വാഴപ്പിള്ളി കൃഷ്ണകുമാര്‍ ഘടത്തിലും ഹര്‍ഷ തംബുരുവിലും പിന്തുണയേകി. കലാകാരന്മാരെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പൊന്നാടയണിയിച്ചു.
Content Highlights: Olappamanna, M B Rajesh, Olappamanna mana literature fest, Palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..