
വിജയരാഘവൻ, പത്മപ്രഭാ ഗൗഡറുടെ സന്ദേശം
'ഈ ഗ്രന്ഥശാലയുടെ വളര്‍ച്ച എന്നെ ആനന്ദിപ്പിക്കുന്നു, ഈ സ്ഥാപനത്തിന് എല്ലാ നന്മകളും നേരുന്നു' -1990 നവംബര്‍ നാലിന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകനായ പി.എന്‍. പണിക്കര്‍ താമരശ്ശേരി പബ്ലിക് ലൈബ്രറിയിലെ സന്ദര്‍ശക പുസ്തകത്തില്‍ ഈ വരികളെഴുതി കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ തൊട്ടരികില്‍ താമരശ്ശേരി കുന്നിയുള്ളപറമ്പില് വിജയരാഘവനെന്ന ചെറുപ്പക്കാരന് ലൈബ്രേറിയനായി നില്‍പ്പുണ്ടായിരുന്നു. 75 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ അക്ഷരപ്പുരയിലെ ഡയറിയില്‍ ഒട്ടേറെ മഹാരഥര്‍ സന്ദര്‍ശനവിവരം അടയാളപ്പെടുത്തിയപ്പോള്‍ അതില്‍ എണ്‍പതുകള്‍ക്കുശേഷമുള്ള മിക്കതിനും ഈ മനുഷ്യന് സാക്ഷിയായി. ലൈബ്രേറിയനായി നാലുപതിറ്റാണ്ടിലേറെയായി വിജയരാഘവന് ഇവിടെയുണ്ട്.
കൈയില്‍ ഒട്ടിപ്പിടിച്ച താക്കോല്‍
മുല്ലേരി ബില്‍ഡിങ്ങിന്റെ മൂന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് വായനശാലയില്‍ സ്ഥിരംസന്ദര്‍ശകനായിരുന്നു വിജയരാഘവന്. ഗോവിന്ദന്‍കുട്ടി മാഷ് പ്രസിഡന്റും പി.കെ.ജി. വാരിയര്‍ സെക്രട്ടറിയുമായിരുന്ന കാലത്താണ് ലൈബ്രേറിയനായി 26-കാരനായ വിജയരാഘവന് എത്തുന്നത്. 'ഗുജറാത്തില്‍ ടയര്‍ ബിസിനസ് ചെയ്യാന്പോവുകയാണ്, തത്കാലത്തേക്ക് ഒന്നു നോക്കണം' എന്നു പറഞ്ഞ് സുഹൃത്തായ അന്നത്തെ ലൈബ്രേറിയന്‍ ശശി, 1981 ഫെബ്രുവരിയില്‍ വിജയരാഘവന്റെ കൈയില്‍ താക്കോല്‍ക്കൂട്ടം ഏല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു. അന്നുമുതല്‍ വായനശാലയുടെ താക്കോല്‍ ഒരു നിയോഗംപോലെ തന്റെ കൈയില്‍ ഒട്ടിപ്പിടിച്ചെന്ന് ഇദ്ദേഹം പറയുന്നു.
പ്രമുഖരുടെ കയ്യൊപ്പുമായി സന്ദര്‍ശക ഡയറി
കേരള ഗാന്ധി കെ. കേളപ്പന്, എ.കെ. ഗോപാലന്, പ്രഥമ ലോക്സഭാ സ്പീക്കര്‍ ജി.വി. മാവ്ലങ്കാര്, എം.കെ. പത്മപ്രഭാഗൗഡര്‍, എം.പി. വീരേന്ദ്രകുമാര്‍, എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, കുഞ്ഞുണ്ണിമാഷ്, പി. ഭാസ്കരന്, എം.വി. ദേവന്, എന്‍.വി. കൃഷ്ണവാരിയര്‍, എസ്.കെ. പൊറ്റെക്കാട്ട്, കുട്ടിക്കൃഷ്ണമാരാര്, തിക്കോടിയന്, ഉറൂബ്, കെ.ടി. മുഹമ്മദ്, വിംസി, എം.ആര്. രാഘവവാരിയര്‍, ഹരിഹരന് തുടങ്ങിയ പ്രതിഭകള്‍ 1947 മുതല്‍ കയ്യൊപ്പ് ചാര്‍ത്തിയതാണ് ഇവിടത്തെ സന്ദര്‍ശക ഡയറി. 1946 ഒക്ടോബര്‍ 20-ന് താമരശ്ശേരി ചന്തപറമ്പിലെ ആല്‍ത്തറയില്‍ ചേര്‍ന്ന യോഗത്തിലാണ് ലൈബ്രറി പിറവിയെടുത്തത്.
മറക്കാനാവാത്ത നിമിഷം
ആധുനിക വയനാടിന്റെ ശില്പികളില് പ്രമുഖനും സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡര്‍ സന്ദര്‍ശക ഡയറിയില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് രേഖപ്പെടുത്തിയ വാക്കുകള്‍ കണ്ട് മകനും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ വികാരാധീനനായ നിമിഷം ഇന്നും ഓര്‍മയിലുണ്ടെന്ന് വിജയരാഘവന് പറയുന്നു. 1952 മാര്‍ച്ച് 22-ന് ലൈബ്രറി സന്ദര്‍ശിക്കവേ 'സരസ്വതിയുടെ നൃത്തശാലയായി ഈ വായനശാല രൂപാന്തരപ്പെടട്ടെ എന്നാശംസിച്ചുകൊള്ളുന്നു' എന്ന് എഴുതിയാണ് പത്മപ്രഭാഗൗഡര്‍ കയ്യൊപ്പ് ചാര്‍ത്തിയത്. ഏറെക്കാലത്തിനുശേഷം ലൈബ്രറി സന്ദര്‍ശനവേളയില്‍ പിതാവിന്റെ കയ്യെഴുത്ത് സന്ദര്‍ശക ഡയറിയില്ക്കണ്ട് എം.പി. വീരേന്ദ്രകുമാറിന്റെ മിഴികള്‍ ഈറനണിഞ്ഞു.
ജീവിക്കാന്‍ കെട്ടിയ വേഷങ്ങള്‍
വൈകീട്ട് നാലരമുതല്‍ എട്ടരവരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്നുള്ള നാമമാത്ര വരുമാനംകൊണ്ടുമാത്രം കുടുംബം പുലര്ത്താനാവാത്തതിനാല് പോസ്റ്റ്മാന്, വയര്‍മാന്‍, ടെയ്ലര്, പെയിന്റര്‍, വൈദ്യശാല-ടെക്സ്റ്റൈല്‍സ്-ടൈല്‍സ് ഷോപ്പ് ജീവനക്കാരന് എന്നിങ്ങനെ പല പാര്‍ട്ട് ടൈം വേഷങ്ങളും കെട്ടിയിട്ടുണ്ട് ഇദ്ദേഹം. ഭാര്യ മിനിയും മക്കളായ ധനുജയും ധനുഷയുമടങ്ങുന്നതാണ് കുടുംബം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..