ലളിത ചങ്ങമ്പുഴ
കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള, മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമ സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കുടുംബം. അച്ഛനുമായി പ്രതിമയ്ക്ക് യാതൊരു സാമ്യവുമില്ലെന്ന് ചങ്ങമ്പുഴയുടെ ഇളയമകള്‍ ലളിത പറഞ്ഞു.
''എനിക്ക് അച്ഛനെ കണ്ട ഓര്‍മയില്ല. പക്ഷേ, അച്ഛന്റെ ചിത്രങ്ങളുമായി പ്രതിമയ്ക്ക് ഒരു സാദൃശ്യവുമില്ലെന്ന കാര്യം ഉറപ്പാണ്'' -ലളിത പറഞ്ഞു. ''പ്രതിമ സ്ഥാപിക്കുന്ന കാലത്തേ ഇത് തോന്നിയിരുന്നു. പലരും പിന്നീട് എന്നോട് ഇത് പറഞ്ഞിട്ടുണ്ട്. ആഘോഷമായി കൊണ്ടുവന്ന് സ്ഥാപിച്ചത് ചങ്ങമ്പുഴയുമായി ഒരു സാദൃശ്യവുമില്ലാത്ത രൂപമായിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ആരെയും വേദനിപ്പിക്കാനിഷ്ടമില്ലാത്തതുകൊണ്ട് ഇതുവരെ പ്രതികരിച്ചില്ലെന്നുമാത്രം... അമ്മയും ബന്ധുക്കളും പറഞ്ഞുകേട്ട അച്ഛന് സുന്ദരനായിരുന്നു. അച്ഛന്റെ സൗന്ദര്യവും സൗമ്യതയുമൊന്നും പ്രതിമയുടെ മുഖത്തില്ല. അതുകൊണ്ട് പ്രതിമയെപ്പറ്റി ചിന്തിക്കാറേയില്ല'' -ലളിത പറഞ്ഞു. പുതിയ പ്രതിമ വരുന്നതിനോട് യോജിപ്പാണുള്ളത്. എന്നാല്‍ അതും ഇതുപോലെ ആയിത്തീരരുതെന്നും ലളിത അഭിപ്രായപ്പെട്ടു.

''പ്രതിമ എന്നത് ഒരു കലാസൃഷ്ടിയാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതി'' -ചങ്ങമ്പുഴയുടെ ചെറുമകനും അധ്യാപകനുമായ ഹരികുമാര്‍ ചങ്ങമ്പുഴ പറഞ്ഞു. ''ചങ്ങമ്പുഴയെ നേരിട്ടു കണ്ടവരാരും അല്ല പ്രതിമ നിര്‍മിച്ചതും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും. നേരിട്ട് കാണാത്തതിന്റെ പരിമിതി തീര്‍ച്ചയായും ഉണ്ട്. ലഭ്യമായ എല്ലാ ചിത്രങ്ങളും പരിശോധിച്ചാണ് പ്രതിമ നിര്‍മിച്ചതെന്നും പറയുന്നു. എന്നാല്‍, ഫോട്ടോ എടുക്കുന്നതു പോലെയല്ല പ്രതിമനിര്മാണം. ഇതൊരു കലാസൃഷ്ടിയാണ്, കുറച്ചുഭാഗം മാത്രം വെളിപ്പെട്ട ഒരു ചിത്രം നോക്കി നിര്‍മിച്ചത്. അതിനെച്ചൊല്ലി വലിയ വിവാദങ്ങളുടെ ആവശ്യമില്ല. ഇനിയെത്ര പ്രതിമ സൃഷ്ടിച്ചാലും അതൊന്നും ചങ്ങമ്പുഴയെ പുനരവതരിപ്പിക്കലാവില്ല. എത്രയെണ്ണം വേണമെങ്കിലും സൃഷ്ടിക്കാമെന്നു മാത്രം...'' ചങ്ങമ്പുഴയുടെ കൂടുതല്‍ പ്രതിമകള്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളിയിലെ പാര്‍ക്കില്‍ 2003 ജനുവരി അഞ്ചിന് എം.വി. ദേവന് അനാച്ഛാദനം ചെയ്ത മഹാകവിയുടെ അര്‍ധകായ വെങ്കല പ്രതിമയാണ് രണ്ടു ദശാബ്ദമാവുമ്പോള് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. സ്ഥാപിച്ചപ്പോള്‍ത്തന്നെ പ്രതിമയ്ക്ക് മഹാകവിയുമായി രൂപസാദൃശ്യമില്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് എം.വി. ദേവനായിരുന്നു. പ്രതിമനിര്‍മാണത്തിനു മുമ്പ് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കവിയുടെ ലഭ്യമായ ചിത്രങ്ങള്‍ സൂക്ഷ്മപരിശോധന നടത്തിയിരുന്നതായി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് പറയുന്നു. പി. പ്രകാശ് ഫേസ്ബുക്കില്‍ പ്രതിമയുടെ ചിത്രം ഇട്ട്, അതിന്റെ പ്രത്യേകതകള്‍ വീണ്ടും വിശദീകരിച്ചതോടെയാണ് പഴയ വിവാദം വീണ്ടും തലപൊക്കിയത്. പ്രതിമ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം പുതിയ ഭരണസമിതിക്ക് മുന്നിലെത്തിയിട്ടുണ്ട്.
Content Highlights :Lalitha changampuzha daughter of poet changampuzha reacts on changampuzha statue controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..