മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം പരിഭാഷ നടത്തിയ കോട്ടയ്ക്കൽ കോവിലകത്തെ ഭാരതമുറി
മലപ്പുറം: കോട്ടയ്ക്കല്‍ കോവിലകത്തെ ചെറിയ അനുജത്തി തമ്പുരാട്ടിയുടെ മരണത്തോടെ അണയുന്നത് ഭാരതമുറിയുടെ വെളിച്ചം കൂടിയാണ്.
മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനിരുന്ന ഭാരതമുറിയെ അവസാനംവരെ വിളക്കു കൊളുത്തി സംരക്ഷിച്ചുപോന്നത് തമ്പുരാട്ടിയായിരുന്നു. 1894 മുതല്‍ 1913 വരെയുള്ള കാലയളവിലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോട്ടയ്ക്കലിലുണ്ടായിരുന്നത്. ഇവിടത്തെ ശ്രീദേവിത്തമ്പുരാട്ടിയെ വിവാഹംകഴിച്ച് കോട്ടയ്ക്കലിലേക്ക് വരികയായിരുന്നു.
ഇക്കാലയളവില്‍ നൂറുകണക്കിന് കാവ്യങ്ങളാണ് ഇവിടെയിരുന്ന് രചിച്ചത്. ഹാംലറ്റ്, ഒഥല്ലോ തുടങ്ങിയ ഷേക്സ്പീരിയന്‍ നാടകങ്ങളും പരിഭാഷപ്പെടുത്തി. മഹാഭാരതം പരിഭാഷ തുടങ്ങിവെച്ചത് ഇവിടത്തെ മുറിയില്‍ വെച്ചാണ്. 874 ദിവസം കൊണ്ടാണ് പരിഭാഷ പൂര്‍ത്തിയാക്കിയത്. ആ മുറിയാണ് പിന്നീട് ഭാരതമുറിയെന്ന് അറിയപ്പെട്ടത്. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അത് അച്ചടിക്കാനായി ഭാരതമുറി സ്ഥിതിചെയ്യുന്ന അതേ കെട്ടിടത്തില്‍ ഒരു പ്രസ്സും തുടങ്ങിയിരുന്നു. ആ പ്രസ്സ് പിന്നീട് തന്റെ ചെറിയമ്മാവന്‍ 'കവനകൗമുദി' മാസിക അച്ചടിക്കാനായി വിലയ്ക്കുവാങ്ങിയതായി 'സ്മൃതിപര്‍വം' എന്ന ഗ്രന്ഥത്തില്‍ അന്തരിച്ച ഡോ. പി.കെ. വാരിയര്‍ പറയുന്നു.
കോവിലകത്തെ അടുത്ത തലമുറ ഈ മുറി ഏറെ ആദരവോടെ സംരക്ഷിച്ച് നിലനിര്‍ത്തി. ചെറിയ തമ്പുരാട്ടിക്ക് ഈ കെട്ടിടം കൈവശംവന്ന കാലംമുതല്‍ അവര്‍ ഭാരതമുറിയിലെ തമ്പുരാന്റെ ഛായാ ചിത്രത്തിനുമുന്നില്‍ എന്നും വിളക്കുകൊളുത്തുമായിരുന്നു. കോവിലകം ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്നു തമ്പുരാട്ടി.
മാത്രമല്ല തന്പുരാട്ടിയുടെ പേരിലുള്ള ദേവസ്വത്തിനുകീഴില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലായി പത്ത് ക്ഷേത്രങ്ങളുണ്ട്. അതിന്റെ ട്രസ്റ്റിയും ചെറിയ തമ്പുരാട്ടിയായിരുന്നു.
Content Highlights: kottakkal kovilakam kunjikuttan thampuran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..