യൂണിവേഴ്സിറ്റി ലൈബ്രറി, ടാഗോർ
തിരുവനന്തപുരം: മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശ്വഭാരതി സര്‍വകലാശാലയുടെ ധനശേഖരണാര്‍ഥം തലസ്ഥാനത്തു വന്നതിന്റെ ഓര്മ പുതുക്കുകയാണ് പാളയത്തെ യൂണിവേഴ്സിറ്റി ലൈബ്രറി. മന്ദിരത്തിന്റെ ഒന്നാംനിലയില്‍ 'ടാഗോര്‍ നികേതന്‍ റീഡിങ് കോര്‍ണര്‍' എന്ന സംവിധാനം ഇതിനായി ഒരുങ്ങി. ടാഗോറിന്റെ വൈവിധ്യമായ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചിത്രശേഖരം, ടാഗോര്‍ കൃതികള്‍, സന്ദര്‍ശന വേളയിലെടുത്ത അപൂര്‍വ ചിത്രം തുടങ്ങിയവ ഇവിടെയുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയെ അധികരിച്ച് കെ.ജയകുമാര്‍ വരച്ച 14 ചിത്രങ്ങളുടെ പ്രദര്‍ശനവും കാണാം. ടാഗോര്‍ കൃതികളുടെ വിപുലമായ ശേഖരത്തിനൊപ്പം രബീന്ദ്രസംഗീതവും അദ്ദേഹത്തിന്റെ പ്രഭാഷണവും കേള്‍ക്കാനുള്ള അവസരവും ഇവിടെ ഒരുക്കും.
1922 നവംബര്‍ എട്ടിനാണ് ടാഗോര്‍ തിരുവനന്തപുരത്തു വന്നത്. ഇന്നത്തെ യൂണിവേഴ്സിറ്റി ലൈബ്രറി നില്ക്കുന്ന സ്ഥലത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നു. അവിടെ മൂന്നുനില പന്തലുയര്ത്തിയാണ് ടാഗോറിന് വരവേല്‍പ്പ് നല്‍കിയത്. മകന് യതീന്ദ്രനാഥ ടാഗോര്‍, മരുമകള്‍ പ്രതിമാ ടാഗോര്‍, പ്രൈവറ്റ് സെക്രട്ടറി സി.എഫ്.ആന്‍ഡ്രൂസ് എന്നിവരുമൊത്താണ് വന്നത്. ആദ്യം കോട്ടയ്ക്കകത്ത് കൃഷ്ണവിലാസം കൊട്ടാരത്തിലെത്തി ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെ കാണുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. സ്വീകരണ കമ്മിറ്റിയില്‍ മഹാകവി ഉള്ളൂര്‍, മഹാകവി കുമാരനാശാന്, വക്കീല്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള തുടങ്ങിയവരുണ്ടായിരുന്നു. ആശാന്റെ 'ദിവ്യകോകിലം' എന്ന മംഗളകാവ്യവും ഉള്ളൂരും മള്ളൂരും രചിച്ച മംഗളകാവ്യങ്ങളും അന്ന് വിദ്യാര്‍ഥിയായിരുന്ന സി.കേശവനാണ് വേദിയില്‍ വായിച്ചത്. രണ്ടാം ദിവസം സി.എഫ്.ആന്‍ഡ്രൂസിന്റെ പ്രഭാഷണമായിരുന്നു. മടക്കയാത്രയില്‍ നവംബര്‍ 11-നാണ് ടാഗോര്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്.
ടാഗോറിന്റെയും കുടുംബത്തിന്റെയും ചിത്രം തലസ്ഥാനത്തെ ആദ്യ സ്റ്റുഡിയോകളില്‍ ഒന്നായ രാമന്‍പിള്ള ബ്രദേഴ്സ് സ്വീകരണപ്പന്തലില്‍ സെറ്റിട്ടാണ് പകര്‍ത്തിയത്. ധനശേഖരണാര്‍ഥം നടന്ന പരിപാടിയായതിനാല്‍ രണ്ടുദിവസവും ടിക്കറ്റ് വച്ചാണ് സന്ദര്‍ശകരെ പന്തലിലേക്ക് പ്രവേശിപ്പിച്ചത്. ചരിത്രഗവേഷകനായ കിഴക്കേമഠം പ്രതാപിന്റെ ശേഖരത്തിലുള്ള അപൂര്‍വചിത്രം, ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും സ്വീകരണ കമ്മിറ്റിക്ക് ടാഗോര്‍ അയച്ച കത്തുകളും റീഡിങ് കോര്‍ണറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടാഗോര്‍- ആര്‍ട്ടിസ്റ്റ്, കവി, സംഗീതകാരന്, നോവലിസ്റ്റ്, നാടകകാരന്, സഞ്ചാരി തുടങ്ങിയ ഭാവങ്ങളുടെ ചിത്രീകരണം ചുമരുകളെ അലങ്കരിക്കുന്നു. ടാഗോര്‍ നികേതന്‍ കണ്‍വീനര്‍ ഡോ. സി.എ.ലാല്‍, ശില്‍പ്പി ഗോഡ്ഫ്രെ ദാസ്, ചിത്രകാരന് ജിതേഷ് സി.എന്‍. എന്നിവരാണ് ഇവ തയ്യാറാക്കിയത്. കെ.ജയകുമാറിന്റെ ഗീതാഞ്ജലി വിവര്ത്തനത്തിനൊപ്പമുള്ള 14 ചിത്രങ്ങളുടെ പ്രദര്‍ശനം 24-ന് അവസാനിക്കും.
Content Highlights: Kerala University Library Palayam Rabindranath Tagore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..