സി. രാധാകൃഷ്ണൻ | K. K. Santhosh
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. നേതൃത്വം പിടിക്കാന്‍ ലക്ഷ്യമിട്ട് ഇക്കുറി ബി.ജെ.പി. പിന്തുണയോടെയുള്ള പാനലും രംഗത്തിറങ്ങിയതോടെ മത്സരം കനത്തു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അക്കാദമിയുടെ വിശിഷ്ടാംഗംകൂടിയായ മുതിര്‍ന്ന എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ മത്സരിക്കുന്നുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദിവിഭാഗം മേധാവി കുമുദ് ശര്‍മയാണ് ബി.ജെ.പി. പിന്തുണയുള്ള പാനലിലെ എതിര്‍ സ്ഥാനാര്‍ഥി.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ വൈസ് പ്രസിഡന്റ് മാധവ് കൗശിക് (ഉത്തര്‍പ്രദേശ്), ബി.ജെ.പി. പിന്തുണയുള്ള പാനല്‍ പ്രതിനിധി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ് (കര്‍ണാടക), സ്വതന്ത്രസ്ഥാനാര്‍ഥി രംഗനാഥ് പഠാരേ (മഹാരാഷ്ട്ര) എന്നിവരാണ് മത്സരിക്കുന്നത്.
ഇന്ത്യന്‍ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് സാഹിത്യ അക്കാദമി. 2014-ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ അക്കാദമിയുടെ ഭരണനേതൃത്വം ലക്ഷ്യമിട്ട് നീക്കങ്ങളുണ്ട്.
രഹസ്യബാലറ്റായതിനാല്‍ വോട്ടുകള്‍ മാറിമറിഞ്ഞേക്കാമെന്നത് മത്സരിക്കുന്ന ഇരുകൂട്ടര്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. ലളിതകലാ അക്കാദമിയിലും സംഗീത-നാടക അക്കാദമിയിലും കേന്ദ്രം നിയോഗിച്ച അഡ്ഹോക് സമിതിയാണ് നിലവില്‍ ഭരണം നടത്തുന്നത്. ഇത്തരമൊരു നീക്കമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ജനറല്‍ കൗണ്‍സിലിന്റെ ഘടന
ജനറല്‍ കൗണ്‍സിലില്‍ ആകെ 92 അംഗങ്ങളാണുള്ളത്. ഇതില്‍ പത്തുപേരെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യും. ബാക്കി 82 പേരാണ് സംസ്ഥാനങ്ങളില്‍നിന്നുള്ളത്. കേരളത്തില്‍നിന്ന് കെ.പി. രാമനുണ്ണി, വിജയലക്ഷ്മി, മഹാദേവന്‍ തമ്പി എന്നിവരാണുള്ളത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കുപുറമേ ഔദ്യോഗികപട്ടികയിലുള്ള 24 ഭാഷകളുടെയും കണ്‍വീനര്‍മാരെയും തിരഞ്ഞെടുക്കും.
അഞ്ചുവര്‍ഷമാണ് ജനറല്‍ കൗണ്‍സിലിന്റെ കാലാവധി. സാധാരണനിലയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒരാള്‍ ദക്ഷിണേന്ത്യയില്‍നിന്നും മറ്റെയാള്‍ ഉത്തരേന്ത്യയില്‍നിന്നുമുള്ളതാകും. വൈസ് പ്രസിഡന്റാകുന്നയാള്‍ പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നതാണ് കീഴ്വഴക്കം.
Content Highlights: Kendra sahithya academy election, C.Radhakrishnan, New Delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..